ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന നയപരമായ തീരുമാനങ്ങള്‍
പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്ത ചരിത്രമില്ലെന്ന വാണിജ്യമന്ത്രി ആനന്ദ്
ശര്‍മയുടെ പ്രസ്താവന തികഞ്ഞ അസംബന്ധമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി
പ്രകാശ് കാരാട്ട് പറഞ്ഞു.
ആനന്ദ് ശര്‍മയ്ക്ക് വാണിജ്യകാര്യങ്ങളില്‍ അറിവുണ്ടായിരിക്കാം. എന്നാല്‍
അദ്ദേഹത്തിന് ചരിത്രജ്ഞാനം കുറവാണെന്ന് ഇന്ത്യന്‍ വിമന്‍സ് പ്രസ്കോര്‍പ്
നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയില്‍ കാരാട്ട് പറഞ്ഞു.

യുപിഎ സര്‍ക്കാരിനെ ഒറ്റപ്പെടുത്താനുള്ള ഫലപ്രദമായ മാര്‍ഗം വോട്ടെടുപ്പു
ചര്‍ച്ചയാണെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ്, എന്‍സിപി,
നാഷണല്‍ കോണ്‍ഫ്രന്‍സ് കക്ഷികള്‍ മാത്രമാണ് ചില്ലറവില്‍പ്പനമേഖലയിലെ
വിദേശനിക്ഷേപത്തെ അനുകൂലിച്ചിട്ടുള്ളത്. മറ്റെല്ലാ കക്ഷികളും ഈ തീരുമാനം
എതിര്‍ക്കുകയാണ്. ഭൂരിപക്ഷം സംസ്ഥാനങ്ങളും ഈ തീരുമാനത്തിന് എതിരാണ്.
രാഷ്ട്രീയ സമവായത്തിലൂടെ മാത്രമേ വിദേശനിക്ഷേപം അനുവദിക്കൂവെന്ന് മുന്‍
ധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കിയിരുന്നു.
ഇക്കാര്യത്തില്‍ ഇടതുപക്ഷത്തില്‍ ഭിന്നാഭിപ്രായമുണ്ടെന്ന വാര്‍ത്ത ശരിയല്ല.
അവിശ്വാസപ്രമേയം സര്‍ക്കാരിനെ സഹായിക്കുന്ന നടപടിയാകും. സര്‍ക്കാരിന്
വിജയിക്കാനുള്ള അംഗസംഖ്യയുണ്ട്. എസ്പി, ബിഎസ്പി, ആര്‍ജെഡി, ജെഡി-എസ്
തുടങ്ങിയ കക്ഷികളെല്ലാം സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. നിലവിലെ
സാഹചര്യത്തില്‍ വോട്ടെടുപ്പു ചര്‍ച്ചയിലൂടെ മാത്രമേ സര്‍ക്കാരിനെ
പ്രതിസന്ധിയിലാഴ്ത്താന്‍ കഴിയൂ. ഇടതുപക്ഷം ഈ വിഷയത്തില്‍ എല്ലാ പ്രതിപക്ഷ
കക്ഷികളുമായി ചര്‍ച്ച നടത്തുകയാണ്-കാരാട്ട് പറഞ്ഞു.
No comments:
Post a Comment