Wednesday, November 21, 2012

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് ഭാരമായി: പി കെ ശ്രീമതി


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് ഭാരമായിമാറിയെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. അങ്കണവാടി, ആശ, സ്കൂള്‍ പാചകത്തൊഴിലാളികള്‍ ജിപിഒയുടെ മുന്നിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിച്ച് നടപ്പാക്കുന്ന ജനദ്രോഹ നയങ്ങള്‍ കാരണം ജനജീവിതം ദുസ്സഹമായി. കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വിലനിയന്ത്രണം സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതിനാല്‍ അടിക്കടി പെട്രോള്‍, ഡീസല്‍ വില കുതിക്കുകയാണ്. ബസിലും ഓട്ടോയിലും പോലും സാധാരണക്കാരന് കയറാന്‍ കഴിയാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. സബ്സിഡികള്‍ ഒന്നൊന്നായി സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുകയാണ്. കേരളത്തില്‍ പൊതുവിതരണ സംവിധാനം പാടേ ദുര്‍ബലമായി. സപ്ലൈകോയിലും മാവേലി സ്റ്റോറിലും അവശ്യസാധനങ്ങള്‍ കിട്ടാതായി.

അസംഘടിതമേഖലയിലെ തൊഴിലാളികളെല്ലാം ഇന്ന് കടുത്ത ചൂഷണത്തിന് വിധേയരാവുകയാണ്. വരുന്ന ഫെബ്രുവരിയില്‍ നടത്താന്‍ പോകുന്ന ഐതിഹാസികമായ 48 മണിക്കൂര്‍ പണിമുടക്കില്‍ കോടിക്കണക്കിന് തൊഴിലാളികളാണ് അണിനിരക്കാന്‍ പോകുന്നത്. ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള തൊഴിലാളി യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. സോണിയ ഗാന്ധി ചെയര്‍പേഴ്സണായ യുപിഎ സര്‍ക്കാര്‍ പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്നതില്‍ പരാജയപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ വിവിധ സ്കീമുകളില്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് നാമമാത്രമായ വേതനം വാങ്ങി സേവനം അനുഷ്ഠിക്കുന്നത്. ഗ്രാമീണ ജനതയ്ക്ക് ആരോഗ്യ സേവനം നല്‍കാനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് ആശമാരെ നിയമിച്ചത്. ഇവരുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ഐസിഡിഎസ് ജീവനക്കാരുടെയും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം പാകംചെയ്ത് നല്‍കുന്ന പാചകത്തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ സ്കീമുകളില്‍ പണിയെടുക്കുന്നവരെ സര്‍ക്കാര്‍ ജീവനക്കാരായി സ്ഥിരപ്പെടുത്തുക, ദേശീയ മിനിമം വേതനം നടപ്പാക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, ഹോണറേറിയത്തിന് പകരം വേതനം നല്‍കുക, സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. ആശ വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറി ഷീല റൊസാരിയോ അധ്യക്ഷയായി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എസ് എസ് പോറ്റി, ജില്ലാ സെക്രട്ടറി വി കെ മധു എന്നിവര്‍ സംസാരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം ജി മീനാംബിക സ്വാഗതവും പാചകത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഇന്ദിര നന്ദിയും പറഞ്ഞു.

No comments:

Post a Comment