Thursday, November 29, 2012

പിപിപി മുറവിളി എയര്‍പോര്‍ട്ട് മെട്രോയുടെ ദുരന്തപാഠം മറന്ന്


കൊച്ചി മെട്രോ സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നത് ഡല്‍ഹിയില്‍ സ്വകാര്യപങ്കാളിത്തത്തില്‍ നടപ്പാക്കിയ എയര്‍പോര്‍ട്ട് മെട്രോയുടെ ദുരനുഭവം മുന്നിലുള്ളപ്പോള്‍. റിലയന്‍സ് പങ്കാളിത്തത്തോടെ പിപിപി (പൊതുസ്വകാര്യ പങ്കാളിത്തം) മാതൃകയില്‍ നടപ്പാക്കിയ അതിവേഗ മെട്രോ കാര്യക്ഷമതയില്ലായ്മ മൂലം പ്രവര്‍ത്തനം നിര്‍ത്തിയിട്ട് ആറുമാസമായി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തെ ബന്ധിപ്പിച്ച് 2011 ഫെബ്രുവരിയിലാണ് ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസ് (ഡിഎഎംഇ) സര്‍വീസ് തുടങ്ങിയത്. ഇത് ബോധപൂര്‍വം മറച്ചുവച്ചാണ് കൊച്ചി മെട്രോ പിപിപി പദ്ധതിയാക്കണമെന്ന മുറവിളി. ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച് വിജയകരമായി പ്രവര്‍ത്തിക്കുന്ന ഡിഎംആര്‍സിയുടെ നേതൃത്വത്തിലുള്ള മെട്രോ റെയില്‍ ശൃംഖലയുടെ നേര്‍വിപരീതമാണ് ഡിഎഎംഇ. 22.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സര്‍വീസ് പൊളിഞ്ഞത് റിലയന്‍സിന്റെ ലാഭക്കൊതികൊണ്ടുകൂടിയാണ്. സര്‍വീസിലെ കൃത്യതയില്ലായ്മ, ട്രെയിന്‍ റദ്ദാക്കല്‍, അമിത തുക ഈടാക്കല്‍ എന്നിവ കാരണം വ്യാപക വിമര്‍ശത്തിന് വിധേയമായശേഷം കഴിഞ്ഞ ജൂലൈയില്‍ പ്രവര്‍ത്തനം നിര്‍ത്തി. നിര്‍മാണത്തകരാറുണ്ടെന്നു പറഞ്ഞാണ് റിലയന്‍സ് കൈയൊഴിഞ്ഞത്.

ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സി നേടിയ സാമ്പത്തികവിജയം കണ്ടാണ് എയര്‍പോര്‍ട്ട് മെട്രോയില്‍ റിലയന്‍സ് കണ്ണുവച്ചത്. ഡിഎംആര്‍സിയും റിലയന്‍സും 2008 ജനുവരിയില്‍ പിപിപി കരാറില്‍ ഒപ്പിട്ടു. റിലയന്‍സിന്റെ കച്ചവടതാല്‍പ്പര്യം പദ്ധതിക്ക് തടസ്സമാകുമെന്ന ഇ ശ്രീധരന്റെ അഭിപ്രായം അവഗണിച്ചായിരുന്നു ഇത്. സേവന മനോഭാവവും കൃത്യമായ സര്‍വീസും വഴി സാവധാനമാണ് ഡിഎംആര്‍സി ലാഭം കൈവരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാക്കുകള്‍ ആരും ശ്രദ്ധിച്ചില്ല. 2010 ആഗസ്തില്‍ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു റിലയന്‍സിന്റെ പ്രഖ്യാപനം. ബിഒടി അടിസാനത്തില്‍ 30 വര്‍ഷത്തേക്കാണ് കരാര്‍ നല്‍കിയതെങ്കിലും റിലയന്‍സിന് സാങ്കേതിക വൈദഗ്ധ്യം ഇല്ലാത്തതിനാലും അതിവേഗം പദ്ധതി തീര്‍ക്കേണ്ടതിനാലും ഡിഎംആര്‍സി നിര്‍മാണ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. പദ്ധതിയുടെ ആകെ ചെലവിന്റെ പകുതിയും ഡിഎംആര്‍സി വഹിച്ചു. പറഞ്ഞ തീയതിക്ക് പ്രവര്‍ത്തനം തുടങ്ങിയില്ല. നാലുവട്ടം തീയതി മാറ്റി. കാലതാമസം വരുത്തിയതിന് ഡിഎംആര്‍സി സെപ്തംബര്‍ മുതല്‍ 37.5 ലക്ഷം രൂപ പിഴ ചുമത്തി. ഒക്ടോബര്‍ 31 മുതല്‍ 75 ലക്ഷമായി പിഴ ഉയര്‍ത്തി. 2011 ഫെബ്രുവരി 23നു പ്രവര്‍ത്തനം തുടങ്ങി. ഉയര്‍ന്നനിരക്കാണ് റിലയന്‍സ് ഏര്‍പ്പെടുത്തിയത്. പ്രതിദിനം 40,000 യാത്രക്കാര്‍ ഉണ്ടാകുമെന്ന് കരുതിയെങ്കിലും യാത്ര ചെയ്തത് നേര്‍പകുതി മാത്രം. 2011-12ല്‍ നഷ്ടം 325 കോടിയായി. കൃത്യസമയത്ത് സര്‍വീസ് നടത്താതെ ട്രെയിന്‍ നിറഞ്ഞാല്‍ മാത്രം സര്‍വീസ് നടത്തുന്നതും ഉയര്‍ന്നനിരക്കും കാരണം യാത്രക്കാര്‍ വന്‍തോതില്‍ കുറഞ്ഞു. ഒടുവില്‍ പാതയ്ക്ക് തകരാറെന്നു പറഞ്ഞ് റിലയന്‍സ് കരാറില്‍ നിന്ന് പിന്മാറി. കോടികള്‍ ചെലവഴിച്ച പാത വെറുതെയായി.
(പി വി അഭിജിത്)

കൊച്ചി മെട്രോ: പാര്‍ലമെന്റിനു മുന്നില്‍ എംപിമാര്‍ ധര്‍ണ നടത്തി

ന്യൂഡല്‍ഹി: കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല പൂര്‍ണമായും ഡിഎംആര്‍സിയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള ഇടതുപക്ഷ എംപിമാര്‍ വ്യാഴാഴ്ച പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ നടത്തി. സഭാ നടപടികള്‍ തുടങ്ങുന്നതിന് മുന്‍പ് വ്യാഴാഴ്ച രാവിലെ 10.30ഓടെയായിരുന്നു എംപിമാരുടെ ധര്‍ണ്ണ. കൊച്ചി മെട്രോ പദ്ധതിയടെ ചുമതല ഡിഎംആര്‍സിയെ ഏല്‍പ്പിക്കാതിരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാകില്ലെന്ന് എംപിമാര്‍ പറഞ്ഞു.

deshabhimani 291112

No comments:

Post a Comment