Saturday, November 24, 2012

ഒടുവില്‍ "മദര്‍" കീഴടങ്ങി നേഴ്സുമാര്‍ക്ക് വിജയം


തൃശൂര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ സമരം ഒത്തുതീര്‍ന്നു. ഹൈക്കോടതി മീഡിയേഷന്‍ സെല്‍ യുഎന്‍എ-ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരംഒത്തുതീര്‍ന്നത്. ശനിയാഴ്ച മുതല്‍ നേഴ്സുമാര്‍ ജോലിക്ക് കയറും. സര്‍ക്കാര്‍ നോക്കുകുത്തിയായ സാഹചര്യത്തിലാണ് കോടതി ഇടപെട്ട് സമരം ഒത്തുതീര്‍പ്പാക്കിയത്. വ്യാഴാഴ്ച പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മദര്‍ മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാമെന്ന് വി എസിന് വാക്കുനല്‍കിയ മാനേജ്മെന്റ് വ്യാഴാഴ്ചയിലെ ചര്‍ച്ചക്കിടയില്‍ മലക്കംമറിഞ്ഞിരുന്നു. അതേത്തുടര്‍ന്നുണ്ടായ വന്‍ പ്രതിഷേധവും സമരം കൂടുതല്‍ രൂക്ഷമാകുമെന്ന ഭയവുമാണ് കീഴടങ്ങാന്‍ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്. പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷനില്‍ പല ആശുപത്രി മാനേജ്മെന്റുകളും മദറിനെതിരെ തിരിഞ്ഞതും പരസ്യമായി രംഗത്തുവന്നതും മറ്റൊരു കാരണമായി.

മദര്‍ മാനേജ്മെന്റിന്റെ ധാര്‍ഷ്ട്യം മൂലം ജില്ലയിലെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലുമായിരുന്നു. ഒത്തുതീര്‍പ്പുപ്രകാരം സമരം നടത്തിയ നേഴ്സുമാര്‍ക്കെതിരെ പ്രതികാരനടപടികളുണ്ടാകില്ല. മദര്‍ ആശുപത്രിയില്‍ സമരം നടത്തിയ 187പേര്‍ക്കും ജോലിക്ക് കയറാമെന്ന് മാനേജ്മെന്റ് സമ്മതിച്ചു. സസ്പെന്‍ഡ് ചെയ്ത 15പേര്‍ക്ക് 30 ദിവസം കഴിഞ്ഞ് ജോലിക്ക് കയറാം. ഇവര്‍ക്ക് അതുവരെ ഹാജര്‍ രേഖപ്പെടുത്താമെന്നും ഒത്തുതീര്‍പ്പായതായി ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളും യുഎന്‍എ നേതാക്കളും അറിയിച്ചു. ജില്ലയില്‍ സ്വകാര്യ ആശുപത്രികളില്‍ സമരം നടത്തിയ നേഴ്സുമാരെല്ലാം ശനിയാഴ്ച മുതല്‍ ജോലിക്ക് കയറാമെന്നും ഒത്തുതീര്‍പ്പായി. തിങ്കളാഴ്ചയോടെ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായും സാധാരണനിലയിലാകും. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഈ മാസം 30ന് മീഡിയേഷന്‍ സെല്ലിന്റെ മധ്യസ്ഥതയില്‍ വീണ്ടും യോഗം ചേരും. സ്വകാര്യ ആശുപത്രി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മീഡിയേഷന്‍ സെല്‍-യുഎന്‍എ-ആശുപത്രി മാനേജ്മെന്റ് പ്രതിനിധികള്‍ അടങ്ങിയ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി.

മദര്‍ ആശുപത്രിയില്‍ നേഴ്സുമാരുടെ സമരം 80 ദിവസവും ജില്ലയിലെ നേഴ്സുമാരുടെ സമരം 12 ദിവസമായും തുടരുകയായിരുന്നു. നേഴ്സുമാരുടെ അനിശ്ചിതകാല നിരാഹാരസമരം 16 ദിവസവും പിന്നിട്ടിരുന്നു. സര്‍ക്കാര്‍തലത്തിലുള്ള ചര്‍ച്ചകളെല്ലാം പരാജയമായിരുന്നു. ഇതിനിടെയാണ് വിവിധ ഹര്‍ജികള്‍ പരിഗണിച്ച് ഹൈക്കോടതി മീഡിയേഷന്‍ സെല്ലിനെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി നിയോഗിച്ചത്. രണ്ടര മാസമായി സ്വകാര്യ ആശുപത്രി മേഖലയില്‍ നിലനിന്നിരുന്ന സംഘര്‍ഷമാണ് ഒത്തുതീര്‍പ്പിലൂടെ അവസാനിച്ചത്. വെള്ളിയാഴ്ച മദര്‍ ആശുപത്രിയില്‍ നിരാഹാരസമരം നടത്തിയ പി ടി ഡൊമിനിക്കിനെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അറസ്റ്റുചെയ്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ മദര്‍ ആശുപത്രിക്ക് മുന്നില്‍ ഒത്തുചേര്‍ന്നായിരുന്നു സമരം നടത്തിയിരുന്നത്.

deshabhimani

1 comment:

  1. തൃശൂര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ സമരം ഒത്തുതീര്‍ന്നു. ഹൈക്കോടതി മീഡിയേഷന്‍ സെല്‍ യുഎന്‍എ-ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരംഒത്തുതീര്‍ന്നത്. ശനിയാഴ്ച മുതല്‍ നേഴ്സുമാര്‍ ജോലിക്ക് കയറും. സര്‍ക്കാര്‍ നോക്കുകുത്തിയായ സാഹചര്യത്തിലാണ് കോടതി ഇടപെട്ട് സമരം ഒത്തുതീര്‍പ്പാക്കിയത്. വ്യാഴാഴ്ച പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മദര്‍ മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാമെന്ന് വി എസിന് വാക്കുനല്‍കിയ മാനേജ്മെന്റ് വ്യാഴാഴ്ചയിലെ ചര്‍ച്ചക്കിടയില്‍ മലക്കംമറിഞ്ഞിരുന്നു. അതേത്തുടര്‍ന്നുണ്ടായ വന്‍ പ്രതിഷേധവും സമരം കൂടുതല്‍ രൂക്ഷമാകുമെന്ന ഭയവുമാണ് കീഴടങ്ങാന്‍ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്. പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷനില്‍ പല ആശുപത്രി മാനേജ്മെന്റുകളും മദറിനെതിരെ തിരിഞ്ഞതും പരസ്യമായി രംഗത്തുവന്നതും മറ്റൊരു കാരണമായി.

    ReplyDelete