Tuesday, November 27, 2012

സപ്ലൈകോ ശൂന്യം; പിഎഫ് കുടിശ്ശിക 4 കോടി


സംസ്ഥാനത്തെ ഭൂരിപക്ഷം സപ്ലൈകോ സ്റ്റോറുകളിലും സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ ജനം വലയുന്നു. സ്റ്റോറുകളിലെ വില്‍പ്പനയും കുത്തനെ ഇടിഞ്ഞു. 2000 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത് നിലവിലുള്ള ജീവനക്കാര്‍ക്കും ആശങ്ക സൃഷ്ടിക്കുന്നു. ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് നാലുകോടി രൂപ കുടിശ്ശിക വരുത്തിയതിന് അധികൃതര്‍ സപ്ലൈകോയ്ക്ക് നോട്ടീസും നല്‍കി. തൊഴിലാളികളില്‍നിന്ന് പിരിച്ചെടുത്ത തുകയാണ് അടയ്ക്കാതെ തട്ടിച്ചത്. സ്റ്റോറുകളില്‍ 13 സബ്സിഡി ഇനങ്ങളില്‍ മട്ട അരി, പഞ്ചസാര, മുളക്, ഉഴുന്നുപരിപ്പ് എന്നിവ മാത്രമാണ് ഇപ്പോഴുള്ളത്. വന്‍പയര്‍, കടല, ചെറുപയര്‍, തുവരപ്പരിപ്പ്, പച്ചരി തുടങ്ങിയവ എന്ന് കിട്ടുമെന്ന് ജീവനക്കാര്‍ക്കുപോലും വ്യക്തതയില്ല. ഇതോടെ പലയിടത്തും ജനങ്ങളും ജീവനക്കാരും തമ്മില്‍ തര്‍ക്കം പതിവായി.
വിറ്റുവരവ് പരിധി നിര്‍ണയിച്ച് താല്‍ക്കാലിക പാക്കിങ് ജീവനക്കാരെ ഉള്‍പ്പെടെ പിരിച്ചുവിട്ടതോടെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും ഉള്ള സാധനങ്ങള്‍പോലും ജനങ്ങള്‍ക്ക് നല്‍കാനാവുന്നില്ല. ഇതര ജീവനക്കാരുടെ എണ്ണവും കുറച്ചതോടെ ഉള്ള ജോലിക്കാര്‍ അമിതഭാരം പേറുന്നു. പ്രതിമാസം മൂന്നര ലക്ഷം രൂപവരെ വിറ്റുവരവുള്ള മാവേലി സ്റ്റോറുകളില്‍ കേവലം രണ്ട് ജീവനക്കാരാണുള്ളത്. നേരത്തെ വില്‍പ്പന പരിധി രണ്ടര ലക്ഷം രൂപയായിരുന്നു. പത്ത് ലക്ഷം രൂപവരെ വിറ്റുവരവുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരു പാക്കിങ് സ്റ്റാഫ് ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമാണ് നിലവിലുള്ളത്. മൂന്ന് ജീവനക്കാരും മൂന്ന് പാക്കിങ് സ്റ്റാഫും ഉണ്ടായിരുന്നിടത്താണിത്. 10ന് മുകളില്‍ 20 ലക്ഷം രൂപവരെ വിറ്റുവരവുള്ളിടത്ത് അഞ്ച് ജീവനക്കാര്‍ ഉണ്ടായത് നാലാക്കി. പാക്കിങ് ജീവക്കാരുടെ എണ്ണം നാലില്‍നിന്ന് രണ്ടാക്കി. ഇതിനുമുകളില്‍ വിറ്റുവരവുള്ളിടത്ത് ഇപ്പോള്‍ അഞ്ച് ജീവനക്കാരാണുള്ളത്. ആറ് പാക്കിങ് ജീവനക്കാര്‍ക്കുപകരം ഇവരുടെ എണ്ണവും രണ്ടാക്കി. വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ എണ്ണമെന്നതിനാല്‍ ചിലയിടങ്ങളില്‍ താല്‍ക്കാലിക ജീവക്കാര്‍ക്ക് ശമ്പളം ലഭിക്കുമെന്ന ഉറപ്പുമില്ല. കേവലം 200 രൂപ വേതനത്തിലാണ് താല്‍ക്കാലിക ജീവനക്കാര്‍ ജോലിചെയ്യുന്നത്. ഒരു പാക്കിങ്ങിന് 30 പൈസയാണ് ലഭിക്കുന്നത്. ഇതുപോലും ഇവര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പില്ല. പൊതുവിപണിയില്‍ നിത്യോപയോഗസാധനങ്ങളുടെ വില അനുദിനം കുതിക്കുമ്പോഴാണ് ജനങ്ങള്‍ക്ക് ആശ്വാസമാകേണ്ട സപ്ലൈകോയെ സര്‍ക്കാര്‍ തന്നെ പലവിധത്തില്‍ തകര്‍ക്കുന്നത്.

deshabhimani 271112

1 comment:

  1. സംസ്ഥാനത്തെ ഭൂരിപക്ഷം സപ്ലൈകോ സ്റ്റോറുകളിലും സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ ജനം വലയുന്നു. സ്റ്റോറുകളിലെ വില്‍പ്പനയും കുത്തനെ ഇടിഞ്ഞു. 2000 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത് നിലവിലുള്ള ജീവനക്കാര്‍ക്കും ആശങ്ക സൃഷ്ടിക്കുന്നു. ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് നാലുകോടി രൂപ കുടിശ്ശിക വരുത്തിയതിന് അധികൃതര്‍ സപ്ലൈകോയ്ക്ക് നോട്ടീസും നല്‍കി.

    ReplyDelete