Monday, November 19, 2012

പാസ്പോര്‍ട്ട് കൈക്കൂലിക്കേസില്‍ ലീഗ് ഉന്നതന്‍ ഇടപെട്ടു; പിള്ളക്കെതിരെ നടപടിയില്ല

മലപ്പുറം: പാസ്പോര്‍ട്ട് കേസില്‍ പിടിയിലാവുന്നവരില്‍നിന്ന് വന്‍ തുക കൈക്കൂലി വാങ്ങിയ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ആര്‍ രാധാകൃഷ്ണപിള്ളയെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ നീക്കം. മുസ്ലിംലീഗിന്റെ ഉന്നത നേതാവാണ് പിള്ളക്കുവേണ്ടി ഇടപെടുന്നത്. നേരത്തെ അവധിയില്‍ പ്രവേശിച്ച പിള്ള കഴിഞ്ഞയാഴ്ച മുതല്‍ വീണ്ടും ജോലിക്കെത്തിയിട്ടുണ്ട്. നടപടിയുണ്ടാകില്ലെന്ന് ഉറപ്പിച്ചാണ് അവധി അവസാനിപ്പിച്ച് തിരിച്ചെത്തിയത്. ഉന്നതന്റെ ഇടപെടല്‍ പാര്‍ടിയിലും യൂത്ത് ലീഗിലും മുറുമുറുപ്പിന് വഴിയൊരുക്കി. 
 
പാസ്പോര്‍ട്ടില്‍ ജനതീയതി തിരുത്തിയതിന് വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസികളില്‍നിന്ന് കൈക്കൂലിയായി പണവും മദ്യവും വാങ്ങിയെന്നാണ് പരാതി. ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ക്രൈം ഡിറ്റാച്ച്മെന്റ്-എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതെന്ന് ഒക്ടോബര്‍ 15ന് ജില്ലാ പൊലീസ് ചീഫിനും നിയമസഭ പെറ്റീഷന്‍സ് കമ്മിറ്റിക്കും പരാതി ലഭിച്ചിരുന്നു. ജില്ലാ പൊലീസ് ചീഫ് നടത്തിയ അന്വേഷണത്തില്‍ ആരോപണവിധേയരായ ക്രൈം ഡിറ്റാച്ച്മെന്റ് വിഭാഗത്തിലെ പൊലീസുകാരായ മോഹനന്‍, പത്മനാഭന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. പ്രാഥമികാന്വേഷണത്തില്‍ പരാതി വിശ്വസനീയമാണെന്നും ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാന്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് സാധിക്കില്ലെന്നും കാണിച്ച് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍ ഒരുമാസം പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല. 
 
പൊലീസുകാരുടെ സസ്പെന്‍ഷനില്‍ നടപടി അവസാനിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം. നിയമസഭ പെറ്റീഷന്‍ കമ്മിറ്റിക്കും പ്രവാസികള്‍ പരാതി നല്‍കിയിരുന്നു. പരാതി സ്വീകരിച്ച സമിതി ആഭ്യന്തരവകുപ്പിനോട് വിശദീകരണം തേടിയെങ്കിലും ഇതുവരെയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. പ്രവാസികള്‍ക്കുവേണ്ടി യൂത്ത് ലീഗ് ഇടപെട്ടിരുന്നു. എന്നിട്ടും പാര്‍ടിയിലെ ഉന്നതന്‍ കേസൊതുക്കാന്‍ ഇടപെട്ടതില്‍ യൂത്ത് ലീഗ് നേതൃത്വത്തിന് പ്രതിഷേധമുണ്ട്.

No comments:

Post a Comment