കേരളത്തിന്റെ നെല്ലറയായ പാലക്കാട്ട് ഒന്നാംവിള നെല്ല് സംഭരണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 29 ശതമാനം കുറവ്. സംഭരണയിനത്തില്‍ 70 കോടിരൂപയുടെ കുടിശ്ശിക ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കാനുമുണ്ട്. 62,996 മെട്രിക് ടണ്‍ നെല്ലാണ് ഇതുവരെ സംഭരിച്ചത്. കഴിഞ്ഞ വര്‍ഷം ഒന്നാം വിളയില്‍ 87,578 മെട്രിക് ടണ്‍ സംഭരിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്ന പാലക്കാട്ടു നിന്ന് ആവശ്യത്തിന് നെല്ല് സംഭരിക്കാന്‍ സപ്ലൈകോയ്ക്ക് കഴിയില്ലെന്നുറപ്പായി. കര്‍ഷകര്‍ക്ക് 37.53 കോടി രൂപയാണ് ഇതേവരെ നല്‍കിയത്.
സെപ്തംബര്‍ 24നാണ് ഒന്നാംവിളയുടെ സംഭരണം സര്‍ക്കാര്‍ തുടങ്ങിയത്. ഒക്ടോബര്‍ 14 വരെ സംഭരിച്ച നെല്ലിനാണ് പണം നല്‍കിയത്. ഒറ്റപ്പാലം, ആലത്തൂര്‍ എന്നിവിടങ്ങളിലെ സംഭരണം അവസാനിപ്പിച്ചു. ചിറ്റൂരും പാലക്കാടും ഉടന്‍ അവസാനിപ്പിക്കും. ജില്ലയില്‍ എല്ലായിടത്തും ഇക്കുറി നെല്ലിന്റെ അളവ് വന്‍തോതില്‍ കുറഞ്ഞു. ആലത്തൂര്‍ 21,999 ടണ്‍ (കഴിഞ്ഞവര്‍ഷം 28,372 ടണ്‍), ചിറ്റൂര്‍: 24,391 ടണ്‍ (36,047 ടണ്‍), ഒറ്റപ്പാലം: 688 ടണ്‍ (1581 ടണ്‍), പാലക്കാട്: 15,918 ടണ്‍ (21,578 ടണ്‍) എന്നിങ്ങനെയാണ് സംഭരിച്ച നെല്ലിന്റെ കണക്ക്. കിലോയ്ക്ക് 17 രൂപ നല്‍കിയാണ് സര്‍ക്കാര്‍ നെല്ല് സംഭരിച്ചത്. പണവും കുടിശ്ശികയാണ്. എന്നാല്‍, 18-19 രൂപ നല്‍കിയാണ് ജ്യോതി ഉള്‍പ്പെടെയുള്ള നെല്ല് സ്വകാര്യമില്ലുകള്‍ സംഭരിച്ചത്. നെല്ല് പച്ചയ്ക്കെടുത്ത് അപ്പപ്പോള്‍ പണവും നല്‍കുന്നത് കര്‍ഷകരെ സ്വകാര്യമില്ലുകാര്‍ക്ക് നെല്ല് നല്‍കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍, നെല്ലുല്‍പ്പാദനത്തില്‍ വന്ന കുറവാണ് സംഭരണത്തിന്റെ അളവു കുറയാന്‍ ഇടയാക്കിയതെന്നാണ് സപ്ലൈകോ അധികൃതരുടെ വാദം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നെല്ല് സംഭരിച്ച് 15 ദിവസത്തിനകം കര്‍ഷകന് തുക നല്‍കിയിരുന്നു. ഉല്‍പ്പാദനച്ചെലവ് വന്‍തോതില്‍ വര്‍ധിച്ചതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 17 രൂപ താങ്ങുവില അപര്യാപ്തമാണ്. പ്രഖ്യാപിച്ച തുകയും യഥാസമയം നല്‍കാത്തത് ഉയര്‍ന്ന പലിശയ്ക്ക് വായ്പയെടുത്ത് കൃഷിയിറക്കിയവരെ ദുരിതത്തിലാക്കും.
deshabhimani
No comments:
Post a Comment