Thursday, November 22, 2012

താക്കറെയ്ക്ക് ലഭിച്ചതും അര്‍ഹിക്കുന്നതും


ശിവസേന തലവന്‍ ബാല്‍താക്കറെയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ വയ്യ എന്ന് പ്രസ്കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും സുപ്രീംകോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പരസ്യമായി നിലപാടെടുത്തു. ""മരിച്ചവരെക്കുറിച്ച് നല്ലതേ പറയാവൂ എന്ന പതിവ് പാലിക്കാന്‍ തനിക്ക് കഴിയുന്നില്ല"" എന്നും രാജ്യത്തിന്റെ താല്‍പ്പര്യങ്ങളെ അതിനേക്കാള്‍ വിലമതിക്കുന്നുവെന്നും ജ. കട്ജു അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കുന്നു. അതേസമയംതന്നെ മുംബൈയിലെ പാല്‍ഗാര്‍ സ്വദേശി സഹീന്‍ ദാദ എന്ന പെണ്‍കുട്ടി തന്റെ മറ്റൊരഭിപ്രായം ലോകവുമായി പങ്കുവച്ചു. താക്കറെയെപ്പോലുള്ളവര്‍ മരിക്കുകയും ജനിക്കുകയും ചെയ്യും; അതിന് ബന്ദ് ആചരിക്കുന്നതെന്തിന് എന്ന തന്റെ അഭിപ്രായം സാമൂഹ്യമാധ്യമമായ ഫെയ്സ്ബുക്കില്‍ തുറന്നുപറഞ്ഞതിന്് സഹീന്‍ ദാദയെ അറസ്റ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഭഗത് സിങ്ങിനെയും സുഖ്ദേവിനെയും പോലുള്ളവരെയാണ് ഓര്‍മിക്കേണ്ടതെന്നും അവള്‍ രേഖപ്പെടുത്തി. സഹീന്റെ അഭിപ്രായത്തെ ഇഷ്ടപ്പെട്ടതിന്റെ പേരിലാണ് സുഹൃത്ത് രേണു അറസ്റ്റിലായത്.
 
ശിവസേനയുടെ ഒരു പ്രാദേശിക നേതാവിന്റെ പരാതി കിട്ടിയ ഉടനെ രണ്ട് പെണ്‍കുട്ടികളെയും പിടികൂടി മതസ്പര്‍ധ വളര്‍ത്തലുള്‍പ്പെടെയുള്ള കുറ്റാരോപണങ്ങള്‍ ചാര്‍ത്താന്‍ മഹാരാഷ്ട്ര പൊലീസിന് ഒരു വൈക്ലബ്യവുമുണ്ടായില്ല. ശിവസേനക്കാരാകട്ടെ, സഹീന്റെ മാതുലന്‍ നടത്തുന്ന ക്ലിനിക് അടിച്ചുതകര്‍ത്താണ് തങ്ങളുടെ സഹജസ്വഭാവം പ്രകടിപ്പിച്ചത്. ശിവസേനയുടെ ഫാസിസ്റ്റ് സ്വഭാവവും അതിനോട് ഒത്തുപോകാനുള്ള ബൂര്‍ഷ്വാ രാഷ്ട്രീയനേതൃത്വത്തിന്റെ ലജ്ജാശൂന്യമായ സമീപനവുമാണ് ഈ സംഭവത്തില്‍ തെളിഞ്ഞുകാണുന്നത്. നിര്‍ഭയമായ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ മുതിര്‍ന്നവര്‍തന്നെയാണ്, രാജ്യത്ത് വര്‍ഗീയതയുടെയും വംശീയ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും കൊലപാതകങ്ങളുടെയും മാഫിയാ വാഴ്ചയുടെയും വിഷവിത്തുകള്‍ നട്ടുനച്ച് വളര്‍ത്തി കൊയ്തെടുത്ത താക്കറെയുടെ നെഞ്ചില്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ ദേശീയപതാക വിരിച്ചുകൊടുത്തത് എന്നും ഓര്‍ക്കണം.

താക്കറെ ഏതെങ്കിലും ബഹുമതിയോ അനുഭാവമോ അര്‍ഹിക്കുന്ന രാഷ്ട്രീയമല്ല കൈകാര്യംചെയ്തത്. അദ്ദേഹം ജന്മംനല്‍കിയ ശിവസേനയും അതില്‍നിന്ന് ജന്മമെടുത്ത മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും കൊടിയ വിപത്തിന്റെ രോഗാണുവാഹകരാണ്. പ്രാദേശിക സങ്കുചിത വികാരമാണ് അതിന്റെ ഇന്ധനം. മുംബൈക്കാരുടെ തൊഴിലുകള്‍ തെക്കേ ഇന്ത്യക്കാര്‍ തട്ടിപ്പറിക്കുന്നുവെന്നാരോപിച്ച് "മദ്രാസി"കള്‍ക്കുനേരെ സായുധ ആക്രമണം നടത്തിയാണ് ബാല്‍താക്കറെ തന്റെ സംഘടനയുടെ പ്രവര്‍ത്തനം തുടങ്ങിയത്. മുംബൈ മഹാനഗരത്തിന്റെ വളര്‍ച്ചയ്ക്ക് ചോരയും നീരും നല്‍കിയ മലയാളികളും തമിഴരും അന്ന് ശിവസൈനികരാല്‍ തെരുവുകളില്‍ വേട്ടയാടപ്പെട്ടു; ആട്ടിയോടിക്കപ്പെട്ടു. ഇന്ന് അതേ ആയുധം ഉത്തരേന്ത്യയില്‍നിന്ന് ഉപജീവനത്തിനെത്തിയ ഉത്തര്‍പ്രദേശുകാര്‍ക്കും ബിഹാറികള്‍ക്കുമെതിരെയാണ് തിരിച്ചുവച്ചിരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയുള്‍പ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ നേതൃത്വം നല്‍കിയ സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തിന്റെ അന്തഃസത്ത തകര്‍ത്ത് സങ്കുചിത മഹാരാഷ്ട്ര വളര്‍ത്തിക്കൊണ്ടുവന്നതാണ് താക്കറെയുടെ രാഷ്ട്രീയ സംഭാവന.

ബാബറി മസ്ജിദ് ധ്വംസനത്തെ പിന്തുണച്ചും മുംബൈ വര്‍ഗീയ കൂട്ടക്കൊലകളില്‍ പങ്കാളിയായും നിരന്തരം മുസ്ലിം വിരുദ്ധ കലാപത്തിലും പ്രചാരണത്തിലുമേര്‍പ്പെട്ടും വര്‍ഗീയതയുടെ മൊത്തക്കച്ചവടമാണ് താക്കറെ സംഘം നടത്തിയത്. ബാബറി മസ്ജിദ് തകര്‍ത്തശേഷം മുംബൈയില്‍നടന്ന കൂട്ടക്കൊലയില്‍ ശിവസേനയുടെ പങ്കാളിത്തം ശ്രീകൃഷ്ണ കമീഷന്‍ വസ്തുതകള്‍ നിരത്തി തെളിയിച്ചതാണ്. തൊഴിലാളിവിരുദ്ധവും കമ്യൂണിസ്റ്റ് വിരുദ്ധവുമായ രാഷ്ട്രീയമാണ് ശിവസേനയുടേത്. ഉജ്വലനായ കമ്യൂണിസ്റ്റ് നേതാവ് കൃഷ്ണ ദേശായി എംഎല്‍എയടക്കം സിപിഐ എമ്മിന്റെ നിരവധി പ്രവര്‍ത്തകരെ കൊന്നൊടുക്കുന്നതിലേക്കും പാര്‍ടിയെ കായികമായി ഉന്മൂലനംചെയ്യുന്നതിനുള്ള നിരന്തരമായ ആക്രമണങ്ങളിലേക്കും വളര്‍ന്നതാണ് ആ വിരോധം. പാര്‍ടിയോട് ആഭിമുഖ്യമുള്ള തൊഴിലാളി സംഘടനകളെ നശിപ്പിക്കുക, ട്രേഡ്യൂണിയന്‍ ഓഫീസുകള്‍ തകര്‍ക്കുക എന്നിവയെല്ലാം ശിവസേനയുടെ എക്കാലത്തെയും അജന്‍ഡയാണ്. അത്തരം കാടന്‍ ആക്രമണങ്ങളെ നേരിട്ടാണ് മഹാരാഷ്ട്രയില്‍ ഇന്ന് സിപിഐ എം പ്രവര്‍ത്തിക്കുന്നത്.

ദളിതര്‍ക്കെതിരായ നിരന്തര ആക്രമണങ്ങള്‍ ശിവസേനയുടെ മറ്റൊരു മുഖമാണ്. മുംബൈ രാംഭായ് അംബേദ്കര്‍ നഗറില്‍ ശിവസേന- ബിജെപി സര്‍ക്കാരിന്റെ കാലത്താണ് ദളിതരെ പൊലീസ് കൂട്ടത്തോടെ വെടിവച്ചുകൊന്നത്. താക്കറെ ആരാധിച്ചത് അഡോള്‍ഫ് ഹിറ്റ്ലറെയാണ്. അടിയന്തരാവസ്ഥയെ കൈമെയ് മറന്ന് പിന്തുണയ്ക്കാനും താക്കറെ ഉണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകരെയും സാംസ്കാരിക പ്രവര്‍ത്തകരെയും കലാകാരന്മാരെയുമാണ് ശിവസേന നിരന്തരം വേട്ടയാടിയത്. അതാണ് തുടരുന്നതും. തങ്ങള്‍ക്ക് ഹിതകരമല്ലാത്തതിനെയെല്ലാം ഉന്മൂലനംചെയ്യുക എന്ന പൈശാചിക രീതിയാണ് താക്കറെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ പ്രയോഗിക്കപ്പെട്ടത്. ഇന്ത്യന്‍ ഭരണഘടനയെയോ നിയമസംഹിതകളെയോ മാനിക്കാതെ, അവയെയെല്ലാം വെല്ലുവിളിച്ച് ജീവിച്ചു മരിച്ച ഒരാളുടെ ശരീരത്തില്‍ എന്തിന് ദേശീയ പതാക പുതപ്പിക്കണം എന്ന് ചോദിക്കാനുള്ള അവകാശം ഏതു പൗരനുമുണ്ട്. വെറുപ്പിന്റെയും നശീകരണത്തിന്റെയും പ്രത്യയശാസ്ത്രവും പ്രയോഗവുമായി ജീവിച്ച ഒരാള്‍ മരിക്കുമ്പോള്‍ എന്തിന് ഹര്‍ത്താല്‍ എന്നാണ് മുംബൈയിലെ പെണ്‍കുട്ടി ചോദിച്ചത്. അതിനവള്‍ക്ക് കൈവിലങ്ങ് ശിക്ഷ നല്‍കാന്‍ തീരുമാനിച്ച മഹാരാഷ്ട്ര സര്‍ക്കാരും താക്കറെയുടെ പാതയിലാണ് ചരിക്കുന്നത്. ഇത് അനുവദിച്ചുകൂടാ.

ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ആവശ്യപ്പെട്ടതുപോലെ സഹീന്‍ ദാദയ്ക്കും രേണുവിനുമെതിരായ കേസ് ഉടന്‍ പിന്‍വലിക്കുകയും അവരെ അനാവശ്യ വ്യവഹാരത്തിലേക്ക് വലിച്ചിഴച്ച എല്ലാവര്‍ക്കുമെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുകയും വേണം. അതിന് അമാന്തിക്കുന്നത് താക്കറെയുടേതിന് തുല്യമായ കാടത്തംതന്നെയാകും.

deshabhimani editorial

1 comment:

  1. ശിവസേന തലവന്‍ ബാല്‍താക്കറെയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ വയ്യ എന്ന് പ്രസ്കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും സുപ്രീംകോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പരസ്യമായി നിലപാടെടുത്തു. ""മരിച്ചവരെക്കുറിച്ച് നല്ലതേ പറയാവൂ എന്ന പതിവ് പാലിക്കാന്‍ തനിക്ക് കഴിയുന്നില്ല"" എന്നും രാജ്യത്തിന്റെ താല്‍പ്പര്യങ്ങളെ അതിനേക്കാള്‍ വിലമതിക്കുന്നുവെന്നും ജ. കട്ജു അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കുന്നു. അതേസമയംതന്നെ മുംബൈയിലെ പാല്‍ഗാര്‍ സ്വദേശി സഹീന്‍ ദാദ എന്ന പെണ്‍കുട്ടി തന്റെ മറ്റൊരഭിപ്രായം ലോകവുമായി പങ്കുവച്ചു. താക്കറെയെപ്പോലുള്ളവര്‍ മരിക്കുകയും ജനിക്കുകയും ചെയ്യും; അതിന് ബന്ദ് ആചരിക്കുന്നതെന്തിന് എന്ന തന്റെ അഭിപ്രായം സാമൂഹ്യമാധ്യമമായ ഫെയ്സ്ബുക്കില്‍ തുറന്നുപറഞ്ഞതിന്് സഹീന്‍ ദാദയെ അറസ്റ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഭഗത് സിങ്ങിനെയും സുഖ്ദേവിനെയും പോലുള്ളവരെയാണ് ഓര്‍മിക്കേണ്ടതെന്നും അവള്‍ രേഖപ്പെടുത്തി. സഹീന്റെ അഭിപ്രായത്തെ ഇഷ്ടപ്പെട്ടതിന്റെ പേരിലാണ് സുഹൃത്ത് രേണു അറസ്റ്റിലായത്

    ReplyDelete