Monday, November 19, 2012

ചലച്ചിത്രോത്സവം തുടങ്ങും മുമ്പേ വിവാദം: ഓപ്പണ്‍ ഫോറം ഇല്ല; എഫ്എഫ്എസ്ഐയെ ഒഴിവാക്കി

തിരു: പതിനേഴാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പ്രതിനിധി പാസ് വിതരണത്തില്‍നിന്ന് ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഇന്ത്യയെ ഒഴിവാക്കി. ഇതിനുപുറമെ ഇത്തവണ ഓപ്പണ്‍ഫോറം വേണ്ടെന്നും ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. ഡിസംബര്‍ ഏഴുമുതല്‍ 14 വരെയാണ് തലസ്ഥാനത്ത് അന്താരാഷ്ട്ര ചലച്ചിത്രമേള. 
 
കഴിഞ്ഞവര്‍ഷംവരെ മേളയുടെ പ്രതിനിധി പാസ് വിതരണം പ്രശസ്ത ചലച്ചിത്ര സംവിധായകരും സാങ്കേതികപ്രവര്‍ത്തകരുമെല്ലാം അംഗങ്ങളായ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഇന്ത്യയുടെ കേരള സബ് റീജിയനാണ് നിര്‍വഹിച്ചിരുന്നത്. ഇത്തവണ പാസ് വിതരണം പൂര്‍ണമായും ബാങ്കുവഴിയാക്കി. എഫ്എഫ്എസ്ഐ ഭാരവാഹികള്‍ അക്കാദമി നേതൃത്വത്തെ കാണുകയും വര്‍ഷങ്ങളായി പാസ് വിതരണം നടത്തുന്നത് തങ്ങളാണെന്ന് ചൂണ്ടിക്കാട്ടി കത്തെഴുതുകയും ചെയ്തിട്ടും ഫലമുണ്ടായില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ അക്കാദമി ചെയര്‍മാനായിരിക്കവെയാണ് പാസ് വിതരണം എഫ്എഫ്എസ്ഐയെ ഏല്‍പ്പിച്ചത്്. 99 ഫിലിം സൊസൈറ്റികള്‍ ഫെഡറേഷന് കീഴില്‍ രജിസ്റ്റര്‍ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രവര്‍ത്തകരുടെ കൂട്ടായ്മയ്ക്കും നവ സിനിമയെക്കുറിച്ചുള്ള സംവാദങ്ങള്‍ക്കും കേന്ദ്രമായതും അന്താരാഷ്ട്ര ചലച്ചിത്രമേളയായിരുന്നു. എഫ്എഫ്എസ്ഐയുടെ സഹകരണം ഒഴിവാക്കുന്നതിലൂടെ മേളയുടെ ചരിത്രത്തെതന്നെ ചോദ്യംചെയ്യുകയാണ് സിനിമാ മന്ത്രിയും അക്കാദമി നേതൃത്വവും. 
 
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഇടപെടലിലൂടെയാണ് അന്താരാഷ്ട്ര ചലച്ചിത്രമേള തന്നെ സാധ്യമാക്കിയതെന്ന് എഫ്എഫ്എസ്ഐ കേരള സബ് റീജിയണ്‍ സെക്രട്ടറി പി പ്രഭാകരന്‍ ദേശാഭിമാനിയോട് പറഞ്ഞു. ചലച്ചിത്രോത്സവത്തിന്റെ ജനകീയധാരകളെയും കൂട്ടായ്മയെയും ഇല്ലാതാക്കാനാണിതെന്ന് ഫെഡറേഷന്‍ വൈസ്പ്രസിഡന്റ് കെ ആര്‍ മോഹനന്‍ പറഞ്ഞു. ചലച്ചിത്ര മേളകളെ സജീവമാക്കുന്നത് ഓപ്പണ്‍ഫോറങ്ങളാണ്. സിനിമ കാണുക എന്നതിനൊപ്പം കണ്ട സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിലപാടുകളും പങ്കുവയ്ക്കാനുള്ള വേദിയായിരുന്നു ഓപ്പണ്‍ഫോറം. അക്കാദമി നേതൃത്വത്തിന് അസുഖകരമായ ചോദ്യങ്ങളും ഓപ്പണ്‍ഫോറത്തില്‍ ഉയരാമെന്നതിനാലാണ് ഇത്തവണ ഓപ്പണ്‍ഫോറം വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിച്ചത്. ഓപ്പണ്‍ഫോറത്തിനുപകരം ചലച്ചിത്രപ്രവര്‍ത്തകരുമായുള്ള മുഖാമുഖംപോലെ ചോദ്യങ്ങള്‍ ഉയരാനിടയില്ലാത്ത പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ഷെറിയുടെ ആദിമധ്യാന്തം മേളയില്‍നിന്ന് തള്ളിയത് കഴിഞ്ഞ ഓപ്പണ്‍ഫോറത്തില്‍ ചൂടേറിയ ചര്‍ച്ചയാകുകയും അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന് പരസ്യമായി മാപ്പ് പറയേണ്ടി വരികയുംചെയ്തിരുന്നു. മാധ്യമങ്ങള്‍ക്ക് പാസ് നല്‍കുന്നതിലും ഇത്തവണ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment