പൊതുവിതരണ സംവിധാനം തകര്‍ന്നതിന് പിന്നാലെ സ്കൂളുകളിലെ
ഉച്ചക്കഞ്ഞി വിതരണവും നിലയ്ക്കുന്നു. ഉച്ചക്കഞ്ഞിക്കായി നവംബറില്‍
അനുവദിക്കേണ്ട അരി മിക്ക ജില്ലകളിലും ഇതുവരെ അനുവദിച്ചില്ല. ഇതോടെ നിരവധി
ജില്ലകളിലെ ഭൂരിഭാഗം സ്കൂളുകളിലും ഉച്ചക്കഞ്ഞി നിലച്ചു. പല സ്കൂളുകളിലും
അരിയുടെ സ്റ്റോക്ക് തീരുന്നതോടെ ഉച്ചഭക്ഷണ വിതരണപദ്ധതി മുടങ്ങും.
ഉച്ചക്കഞ്ഞിക്കുള്ള അരി വകമാറ്റിയതും എഫ്സിഐയില്‍ കഴിഞ്ഞ മാസത്തെ തുക
അടക്കാത്തതുമാണ് വിദ്യാര്‍ഥികളെ പട്ടിണിയിലേക്ക് തള്ളിവിടുന്നത്. സിവില്‍
സപ്ലൈസ് ഡിപ്പോയില്‍ നിന്ന് ഓരോ മാസവും ആദ്യ ആഴ്ച സ്കൂളുകള്‍ക്ക് അരി
നല്‍കാറുണ്ട്. ഇത്തവണ മാസം പകുതിയായിട്ടും മിക്ക ഉപജില്ലകളിലും അരി
എത്തിയില്ല.
ഓണത്തിന് വിദ്യാര്‍ഥികള്‍ക്ക് പതിവായി നല്‍കുന്ന അരിക്കു പകരം ഉച്ചക്കഞ്ഞി
അരി ഓണം സ്പെഷ്യലാക്കി വകമാറ്റി വിതരണം ചെയ്തതാണ് പ്രതിസന്ധിക്ക് കാരണം.
ഉച്ചക്കഞ്ഞി നിലയ്ക്കുന്ന സാഹചര്യമുണ്ടായതോടെ ജനുവരി മുതല്‍ മാര്‍ച്ചുവരെ
ഉച്ചഭക്ഷണ പദ്ധതിക്ക് ഉപയോഗിക്കേണ്ട നാലാം അലോട്ട്മെന്റിലെ അരി വിതരണം
ചെയ്യാനാണ് സിവില്‍ സപ്ലൈസ് ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതാകട്ടെ ഡിപ്പോകളില്‍ ഡിസംബറിലാണ് എത്തുക.
ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍
പദ്ധതി മുടങ്ങും. പൊതുവിതരണരംഗത്തെ സര്‍ക്കാരിന്റെ പിടിപ്പുകേടാണ്
സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണത്തിലേക്കും വ്യാപിക്കുന്നത്.
പി പി സതീഷ്കുമാര്‍
No comments:
Post a Comment