Sunday, November 25, 2012

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്ക് ഫീസ്


ആരോഗ്യമേഖലയിലെ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ അഞ്ച് അലോപ്പതി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പണം ഈടാക്കിയുള്ള ചികിത്സ ഏര്‍പ്പെടുത്തും. തുടര്‍ന്ന്, മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ഇതര സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പാക്കും. സര്‍ക്കാര്‍ മൃഗാശുപത്രികളിലും ചികിത്സയ്ക്കായി ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. മൃഗാശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും നിയമിച്ചാണ് ഫീസ് ഈടാക്കി ചികിത്സ ഏര്‍പ്പെടുത്തുക. മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിയന്ത്രിക്കുന്നുവെന്ന വ്യാജേന പെയ്ഡ് ക്ലിനിക്ക് ആരംഭിച്ചാണ് ഫീസീടാക്കുക. നിലവില്‍ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ആശുപത്രികളില്‍ ഔട്ട് പേഷന്റ് (ഒപി) വിഭാഗം.

പുതിയ തീരുമാനപ്രകാരം ഈ സമയം കഴിഞ്ഞാല്‍ ഒപി വിഭാഗത്തിലെ സൗകര്യങ്ങളെല്ലാം ഡോക്ടര്‍മാര്‍ക്ക് വിട്ടുനല്‍കും. നേഴ്സ് ഉള്‍പ്പെടെ ജീവനക്കാരെയും ഉപയോഗിക്കാം. ഓരോ രോഗിയില്‍നിന്നും നിശ്ചിത കണ്‍സള്‍ട്ടേഷന്‍ ഫീസ് ഈടാക്കും. ഡോക്ടര്‍മാരെ തരംതിരിച്ച് ഫീസ് നിശ്ചയിക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍, സ്വകാര്യപ്രാക്ടീസിലെപ്പോലെ തങ്ങളുടെ തിരക്കനുസരിച്ചുള്ള ഫീസ് ഡോക്ടര്‍മാര്‍ ഈടാക്കുമെന്ന് ഉറപ്പ്. ഇതോടെ പാവപ്പെട്ട ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കുന്ന സൗജന്യവും കുറഞ്ഞ ചെലവിലുള്ള ചികിത്സകളും ക്രമേണ നിഷേധിക്കപ്പെടും. സൗജന്യചികിത്സ തേടിയെത്തുന്നവരോടുള്ള ചില ഡോക്ടര്‍മാരുടെ സമീപനത്തില്‍ ആത്മാര്‍ഥത കുറയാനും ഇതിടയാക്കും. നിലവില്‍ സംസ്ഥാനത്ത് അലോപ്പതി, ഡെന്റല്‍, ആയുര്‍വേദ, ഹോമിയോപ്പതി, സിദ്ധ വിഭാഗങ്ങളിലായി 59 മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. ഇവയില്‍ 20 എണ്ണം സര്‍ക്കാര്‍ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ആണ്. ബാക്കിയെല്ലാം സ്വാശ്രയ കോളേജുകളാണ്. ഇവരുടെ ആശുപത്രികളില്‍ ഒരുതരത്തിലുള്ള സൗജന്യചികിത്സയും ലഭ്യമാക്കുന്നില്ല. വലിയ കൊള്ളയാണ് ഇത്തരം ആശുപത്രികളില്‍.

നിലവില്‍ മൃഗാശുപത്രികളുടെ പ്രവര്‍ത്തനം രാവിലെ ഒമ്പതുമുതല്‍ രണ്ടുമണിവരെയാണ്. വൈകിട്ട് ആറുമുതല്‍ പുലര്‍ച്ചെ ആറുവരെ കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കാനാണ് നീക്കം. ഇവര്‍ക്ക് 20,000 രൂപ പ്രതിമാസശമ്പളം നല്‍കും. 250 രൂപ പ്രതിദിന വേതനിരക്കില്‍ അറ്റന്‍ഡറെയും വിട്ടുനല്‍കും. ഇവരുടെ സേവനത്തിന് കുറഞ്ഞത് 100 രൂപ ഫീസ് ഈടാക്കും. മൃഗാശുപത്രികളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിന്റെ മറവില്‍ സര്‍ക്കാര്‍സേവനത്തിന് ഫീസ് ഈടാക്കുകയാണ്. നിലവിലുള്ള ഡോക്ടര്‍മാരെ പുനര്‍വിന്യസിച്ചും ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയും ഒഴിവുകള്‍ നികത്തിയും മൃഗാശുപത്രികളുടെ സേവനസമയം ദീര്‍ഘിപ്പിക്കണമെന്നാണ് പൊതുവായി ഉയര്‍ന്ന നിര്‍ദേശം.
(ജി രാജേഷ്കുമാര്‍)

deshabhimani 251112

1 comment:

  1. ആരോഗ്യമേഖലയിലെ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ അഞ്ച് അലോപ്പതി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പണം ഈടാക്കിയുള്ള ചികിത്സ ഏര്‍പ്പെടുത്തും. തുടര്‍ന്ന്, മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ഇതര സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പാക്കും. സര്‍ക്കാര്‍ മൃഗാശുപത്രികളിലും ചികിത്സയ്ക്കായി ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. മൃഗാശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും നിയമിച്ചാണ് ഫീസ് ഈടാക്കി ചികിത്സ ഏര്‍പ്പെടുത്തുക. മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിയന്ത്രിക്കുന്നുവെന്ന വ്യാജേന പെയ്ഡ് ക്ലിനിക്ക് ആരംഭിച്ചാണ് ഫീസീടാക്കുക. നിലവില്‍ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ആശുപത്രികളില്‍ ഔട്ട് പേഷന്റ് (ഒപി) വിഭാഗം.

    ReplyDelete