Friday, November 23, 2012

വീട്ടുകരം കുത്തനെ കൂടും; വന്‍കിടക്കാര്‍ക്ക് ആനുകൂല്യം


ന്‍കിടക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയും സാധാരണക്കാരനുമേല്‍ ഭാരം അടിച്ചേല്‍പ്പിച്ചും സംസ്ഥാനത്തെ കെട്ടിടനികുതി പരിഷ്കരിക്കുന്നു. ഇതിനായി, പഞ്ചായത്ത് നഗരപാലികാ നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഗവര്‍ണര്‍ ഒപ്പിടുന്നതോടെ നിയമഭേദഗതി പ്രാബല്യത്തില്‍ വരും. അതോടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നികുതിപരിഷ്കരണത്തിലെ സാമൂഹ്യനീതി അട്ടിമറിക്കപ്പെടും. ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ മറവില്‍ നടത്തുന്ന ഷോപ്പിങ് കോംപ്ലക്സുകള്‍, സ്വകാര്യ ആശുപത്രികള്‍, സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയവയെ നികുതിയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കും. വാണിജ്യസ്ഥാപനങ്ങളുടെ നികുതിവര്‍ധനയ്ക്ക് പരിധിയും നിശ്ചയിച്ചിട്ടുണ്ട്. എല്ലാ വാസഗൃഹങ്ങളുടെയും നികുതി വര്‍ധിക്കാന്‍ ഇടയാക്കുന്നതാണ് ഓര്‍ഡിന്‍സിലെ നിര്‍ദേശങ്ങള്‍. 60 ശതമാനംവരെയാകും വര്‍ധന. ഉടമതന്നെ നികുതി നിശ്ചയിക്കുന്ന സംവിധാനം ഓര്‍ഡിനന്‍സിലൂടെ ഇല്ലാതാകും. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം വാസഗൃഹങ്ങള്‍ക്ക് നികുതി കുറയാനും പാവപ്പെട്ടവര്‍ക്ക് സൗജന്യങ്ങള്‍ ലഭിക്കാനും സഹായകമായിരുന്നു. കെട്ടിടത്തിന്റെ വിസ്തീര്‍ണവും സ്ഥലത്തിന്റെ പ്രാധാന്യവും നിര്‍മാണസാമഗ്രികളുടെ നിലവാരവും പരിശോധിച്ച് ബില്‍ഡിങ് ഇന്‍സ്പെക്ടറാകും ഇനി നികുതി നിശ്ചയിക്കുക. ഇത് അഴിമതി വര്‍ധിക്കാന്‍ ഇടയാക്കും.

വാണിജ്യസ്ഥാപനങ്ങളുടെ നികുതിവര്‍ധന 150 ശതമാനത്തില്‍ കവിയരുതെന്നും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു. വന്‍കിടക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണിത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ചെറിയ നികുതി മാത്രം നല്‍കിവന്നിരുന്ന വന്‍കിടക്കാരില്‍ നിന്ന് യഥാര്‍ഥ തുക ഈടാക്കാനും അണ്‍എയ്ഡഡ്-സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനം, ട്രസ്റ്റുകളും മതസംഘടനകളും നടത്തുന്ന ഷോപ്പിങ് കോംപ്ലക്സ്, പണം വാങ്ങി ചികിത്സ നല്‍കുന്ന ആശുപത്രി എന്നിവയെ നികുതിപരിധിയില്‍ കൊണ്ടുവരാനും വ്യവസ്ഥചെയ്യുന്നതായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമം. അഞ്ചുവര്‍ഷം കൂടുമ്പോള്‍ 25 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെങ്കിലും സംസ്ഥാനത്ത് 1993-94നു ശേഷം സംസ്ഥാനത്ത് നികുതിപരിഷ്കരണം നടന്നിട്ടില്ല. പേരായ്മകള്‍ പരിഹരിക്കുകയും സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്ന നിയമം നടപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കുന്നതിനിടെയാണ് അട്ടിമറി. പാവങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനൊപ്പം തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം മെച്ചപ്പെടുത്താനും നിലവിലുള്ള നിയമം സഹായകമായിരുന്നു. കെട്ടിടങ്ങള്‍ക്ക് നമ്പരിടാനും സര്‍ക്കാരില്‍നിന്ന് ബന്ധപ്പെട്ട ഫോറങ്ങളും രജിസ്റ്ററുകളും ലഭ്യമാക്കാനുമായി തദ്ദേശസ്ഥാപങ്ങള്‍ ഇതിനകം ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടുണ്ട്. നിയമം അട്ടിമറിക്കപ്പെടുന്നതോടെ അത് പാഴാകും.
(ആര്‍ സാംബന്‍)

deshabhimani 231112

No comments:

Post a Comment