Thursday, November 22, 2012
കസബ്: ഭീകരതയുടെ നിസ്സംഗമുഖം
കറുത്ത ടീഷര്‍ട്ടും കാര്‍ഗോ പാന്റ്സുമണിഞ്ഞ് ഒരു കൈയില്‍ യന്ത്രതോക്കുമേന്തി സിഎസ്ടി സ്റ്റേഷനിലൂടെ കൂസലില്ലാതെ നീങ്ങുന്ന മുഹമ്മദ് അജ്മല്‍ അമീര്‍ കസബ് എന്ന യുവാവിന്റെ ചിത്രം ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ ഭീകരതയുടെ പ്രതിരൂപമായി മാറിയത് നാലുവര്‍ഷംമുമ്പ്. സിഎസ്ടി സ്റ്റേഷനിലെ സിസിടിവികളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഏവരെയും നടുക്കി. കണ്ണില്‍ കണ്ടവരെയെല്ലാം വെടിവച്ച് വീഴ്ത്തുന്ന രണ്ട് ചെറുപ്പക്കാര്‍. ഇവരില്‍ കൂടുതല്‍ കൃത്യതയോടെ ക്യാമറകണ്ണുകളില്‍ പതിഞ്ഞത് കസബിന്റെ മുഖം. രാജ്യത്തെയാകെ നാലുനാള്‍ മുള്‍മുനയില്‍ നിര്‍ത്തിയ മുംബൈ ആക്രമണത്തിന്റെ പ്രതീകമായി കസബ്.
2008 നവംബര്‍ 26ന് രാത്രി ഇരുള്‍മറപറ്റി രണ്ട് ബോട്ടുകളിലാണ് കസബുള്‍പ്പെടെ പത്തുപേര്‍ മുംബൈ തീരത്തെത്തിയത്. കൊളാബയില്‍വച്ച് ഇവരെ മത്സ്യത്തൊഴിലാളികള്‍ സംശയം തോന്നി ചോദ്യംചെയ്തിരുന്നു. ചോദ്യങ്ങള്‍ക്കെല്ലാം അലസമായി മറുപടി നല്‍കി സംഘം നാലായി തിരിഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നീങ്ങി. മത്സ്യത്തൊഴിലാളികള്‍ അപ്പോള്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. അത് ഗൗരവത്തിലെടുത്തിരുന്നെങ്കില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ കൊല്ലപ്പെട്ട മഹാദുരന്തം ഒഴിവാക്കാമായിരുന്നു. കസബും കൂട്ടാളി അബുദേര ഇസ്മയില്‍ ഖാനും നേരെ ചെന്നത് ഛത്രപതി ശിവജി ടെര്‍മിനല്‍ (സിഎസ്ടി) സ്റ്റേഷനിലേക്ക്. അപ്പോള്‍ രാത്രി 9-9.30. സബര്‍ബന്‍ ട്രെയിനുകളിലെ യാത്രക്കാര്‍ സ്റ്റേഷനില്‍ നുരയുന്ന സമയം. കസബും കൂട്ടാളിയും തുരുതുരാ നിറയൊഴിച്ചു. വെടിയൊച്ച കേട്ട് ഭയന്ന നൂറുകണക്കിനാളുകള്‍ എന്തുസംഭവിക്കുന്നുവെന്ന് മനസ്സിലാക്കാതെ സ്റ്റേഷനുള്ളില്‍ പരക്കംപാഞ്ഞു. സുരക്ഷാഭടന്മാര്‍ക്കും തുടക്കത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടില്ല. അമ്പതിലേറെ പേര്‍ സ്റ്റേഷനുള്ളില്‍ മരിച്ചുവീണു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. ഒരുമണിക്കൂറിലേറെ കസബും ഇസ്മയില്‍ ഖാനും വെടിവയ്പ് തുടര്‍ന്നു. സ്റ്റേഷന്‍ കാലിയായ ശേഷം മാത്രമാണ് ഇരുവരും പുറത്തുകടന്നത്. പുതിയ ഇരകളെ തേടി കാമ ആശുപത്രിയിലേക്ക്. സിഎസ്ടിയില്‍ ഭീകരര്‍ കയറിയെന്ന് ഇതിനോടകം വിവരം ലഭിച്ച ആശുപത്രി അധികൃതരും ജീവനക്കാരും വാതിലുകള്‍ അകത്തുനിന്ന് പൂട്ടി. ആശുപത്രിയ്ക്കുള്ളില്‍ കൂട്ടക്കൊലയെന്ന പദ്ധതി ഇതോടെ പാളി.
ആശുപത്രിവളപ്പില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ പൊലീസ് സംഘം ഭീകരരെ നേരിട്ടു. മുംബൈ ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ത് കാര്‍ക്കറെയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഭീകരരെ മുഖാമുഖം നേരിട്ടത്. ഭീകരരുടെ യന്ത്രതോക്കുകള്‍ക്ക് മുന്നില്‍ പൊലീസ് സംഘത്തിന് പിടിച്ചുനില്‍ക്കാനായില്ല. കാര്‍ക്കറെയും വിജയ് സലസ്ക്കറും അശോക് കാമ്തെയും കൊല്ലപ്പെട്ടു. പൊലീസ് വാഹനം തട്ടിയെടുത്ത് മെട്രോ സിനിമാഹാളിന്റെ ദിശയിലേക്ക് ഭീകരര്‍ നീങ്ങി. ഹാളിന് മുന്നില്‍ ജനങ്ങള്‍ക്ക് നേരെ നിറയൊഴിച്ച ശേഷം നിയമസഭാ മന്ദിരത്തിലേക്ക്. ഇതിനിടെ പൊലീസ് വാഹനത്തിന്റെ ടയര്‍ പഞ്ചറായി. അതവിടെ ഉപേക്ഷിച്ച് മറ്റൊരുകാര്‍ തട്ടിയെടുത്ത് ഗിര്‍ഗോം ചൗപ്പത്തിലേക്ക്. ഭീകരര്‍ നഗരത്തില്‍ പ്രവേശിച്ചതായി പൊലീസിനാകെ വിവരം കൈമാറിയിരുന്നു. നഗരത്തില്‍ ബാരിക്കേഡുകള്‍ നിരന്നു. മറൈന്‍ഡ്രൈവില്‍ ബാരിക്കേഡിന് മുന്നിലാണ് കസബും കൂട്ടാളിയും കാറില്‍ എത്തിയത്. പെട്ടെന്ന് പിന്തിരിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കാറില്‍നിന്നിറങ്ങി പൊലീസിന് നേരെ നിറയൊഴിച്ചു. വെടിവയ്പില്‍ ഇസ്മയില്‍ ഖാന്‍ കൊല്ലപ്പെട്ടു. കസബ് മരിച്ചപോലെ കിടന്നു. അടുത്തെത്തിയ പൊലീസ് സംഘത്തിന് നേരെ കസബിന്റെ മിന്നലാക്രമണം. ലാത്തി മാത്രം കൈയിലേന്തി നീങ്ങിയ തുക്കാറാം ഓംബ്ലെ എന്ന കോണ്‍സ്റ്റബിള്‍ കസബിന്റെ റൈഫിളില്‍ പിടിമുറുക്കി. അഞ്ചുവെടിയുണ്ടകള്‍ ശരീരത്തില്‍ ഏറ്റുവാങ്ങുമ്പോഴും ഓംബ്ലെ തോക്കിലെ പിടിവിട്ടില്ല. ഇതിനിടെ മറ്റു പൊലീസുകാര്‍ ചേര്‍ന്ന് കസബിനെ ജീവനോടെ പിടികൂടി.
(എം പ്രശാന്ത്)
അനിശ്ചിതത്വത്തിന്റെ 4 വര്‍ഷം; ഒടുവില്‍ തൂക്കുകയര്‍
വിചാരണ കോടതിമുതല്‍ സുപ്രീംകോടതിവരെയും തുടര്‍ന്ന് രാഷ്ട്രപതിഭവനിലേക്കും നീണ്ട ദീര്‍ഘമായ നിയമനടപടികള്‍ക്കു ശേഷം കസബിന് തൂക്കുകയര്‍. മുംബൈ ആക്രമണത്തിന്റെ നാലാംവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് വധശിക്ഷ നടപ്പാക്കിയത്. 2008 നവംബറില്‍ മുംബൈ നഗരത്തിലെ വിവിധ കേന്ദ്രങ്ങള്‍ ആക്രമിച്ച പത്തംഗസംഘത്തില്‍ ജീവനോടെ ശേഷിച്ച കസബിന്റെ വിചാരണ പ്രത്യേക കോടതിയില്‍ ഒരു വര്‍ഷം നീണ്ടു. അതിനിടെ അനിശ്ചിതത്വം ഏറെ; ഒട്ടേറെ നിയമപ്രശ്നങ്ങളും. കസബിനായി വാദിക്കാന്‍ അഭിഭാഷകര്‍ മുന്നോട്ടുവരാതിരുന്നതും പ്രതിസന്ധിയായി. കസബിനുവേണ്ടി വാദിക്കില്ലെന്ന് മുംബൈ ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി. സത്യസന്ധമായ വിചാരണ ഉറപ്പുവരുത്താന്‍ കസബിനെ ആരെങ്കിലും പ്രതിനിധീകരിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അഭിപ്രായപ്പെടേണ്ടി വന്നു. പ്രതിസന്ധി തീര്‍ന്നിട്ടും രണ്ടുതവണ വിചാരണയ്ക്കിടെ അഭിഭാഷകര്‍ മാറി. മുംബൈ ആക്രമണക്കേസില്‍ വാദംകേള്‍ക്കാന്‍ ജസ്റ്റിസ് എം എല്‍ തഹിലിയാനി നിയമിതനായി. കസബിനെ പാര്‍പ്പിച്ച ആര്‍തര്‍റോഡ് ജയിലില്‍തന്നെ കോടതി സജ്ജീകരിച്ചു.
ആക്രമണമുണ്ടായി മൂന്നുമാസത്തിനുള്ളില്‍തന്നെ 11,000 പേജ് വരുന്ന കുറ്റപത്രം അന്വേഷണം സംഘം കോടതിയില്‍ സമര്‍പ്പിച്ചു. കൊലപാതകം, ഗൂഢാലോചന, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം, ഇന്ത്യയ്ക്കെതിരെ യുദ്ധം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഉജ്വല്‍നിഗം സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി എത്തി. കസബിന്റെ അഭിഭാഷകയായി അഞ്ജലി വാഗ്മാറെ നിയമിതയായെങ്കിലും പിന്നീട് കോടതി മാറ്റി. തുടര്‍ന്ന് അബ്ബാസ് കസ്മി വക്കാലത്ത് ഏറ്റെടുത്തു. കോടതിയുമായി സഹകരിക്കുന്നില്ലെന്ന കാരണത്താല്‍ കസ്മിയെയും കോടതി മാറ്റി. തെറ്റുകാരനല്ലെന്ന നിലപാടിലാണ് കസബ് തുടക്കത്തില്‍ ഉറച്ചുനിന്നു. പിന്നീട് കോടതി മുമ്പാകെ കുറ്റസമ്മതം, മാപ്പിരക്കല്‍. താന്‍ വധശിക്ഷ അര്‍ഹിക്കുന്നുവെന്നും കസബ് പറഞ്ഞു. പിന്നെ ഈ മൊഴികളില്‍നിന്ന് നാടകീയമായ പിന്മാറ്റം. കുറ്റസമ്മതം നടത്തുന്നതിന് പൊലീസ് തന്നെ പീഡിപ്പിച്ചുവെന്നും കടപ്പുറത്ത് കാറ്റുകൊള്ളുമ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നുവെന്നും കസബ് വാദിച്ചു. കോടതി ഈ വാദങ്ങള്‍ പരിഗണിച്ചെങ്കിലും തെളിവുകള്‍ ശക്തമായതിനാല്‍ രക്ഷയുണ്ടായില്ല. 86 കുറ്റങ്ങള്‍ക്ക് കസബ് ശിക്ഷാര്‍ഹനാണെന്ന് 2010 മെയ് മൂന്നിന് കോടതി വിധിച്ചു. മരണം വരെ തൂക്കാന്‍ മെയ് ആറിന് ഉത്തരവായി. 2011 ഫെബ്രുവരി 21ന് വധശിക്ഷ ബോംബെ ഹൈക്കോടതി ശരിവച്ചു.
തുടര്‍ന്ന് സുപ്രീംകോടതിയില്‍ അപ്പീല്‍. വധശിക്ഷ സ്റ്റേ ചെയ്ത സുപ്രീംകോടതി കേസില്‍ വിശദമായിതന്നെ വാദംകേട്ടു. താന്‍ വധശിക്ഷ അര്‍ഹിക്കുന്നില്ലെന്ന വാദമാണ് കസബ് മുഖ്യമായും മുന്നോട്ടുവച്ചത്. ചെറിയപ്രായത്തില്‍ അറിവില്ലായ്മ കൊണ്ട് സംഭവിച്ച പിഴവാണെന്നും മതപരമായ ന്യായങ്ങള്‍ തിരുത്തി ചിലയാളുകള്‍തന്നെ ഇതിന് പ്രലോഭിപ്പിക്കുകയും പ്രേരിപ്പിക്കുകയുമായിരുന്നുവെന്നും വാദിച്ചു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയും കസബും കൂട്ടാളികളും പാകിസ്ഥാനിലെ തലവന്മാരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും കേട്ട കോടതി കസബ് തെറ്റുകാരനാണെന്ന് കണ്ടെത്തി വധശിക്ഷ ശരിവച്ചു. സത്യസന്ധവും സുതാര്യവുമായ വിചാരണ നടന്നില്ലെന്ന വാദവും ജസ്റ്റിസ് അഫ്താബ് അലത്തിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് നിരാകരിച്ചു. അവസാനമാര്‍ഗമെന്ന നിലയില്‍ കസബ് രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. നവംബര്‍ അഞ്ചിന് ദയാഹര്‍ജി രാഷ്ട്രപതി തള്ളി.
പ്രതിസന്ധിയുടെ കയത്തില്‍ കസബ് എന്ന കച്ചിത്തുരുമ്പ്
യുപിഎ സര്‍ക്കാര്‍ കടുത്ത രാഷ്ട്രീയപ്രതിസന്ധിയിലേക്ക് മുങ്ങിത്താഴുന്ന ഘട്ടത്തിലാണ് മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരില്‍ ജീവിക്കുന്ന ഏകപ്രതി അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയത്. എല്ലാ മേഖലയിലും പരാജയപ്പെട്ട യുപിഎയില്‍നിന്നും ഘടകകക്ഷികള്‍ ഓരോന്നായി സഖ്യം വിട്ടുകൊണ്ടിരിക്കുമ്പോഴാണ് പൊടുന്നനെയുള്ള വധശിക്ഷ. വ്യാഴാഴ്ച തുടങ്ങാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ചില്ലറവില്‍പ്പന മേഖലയിലെ പ്രക്ഷുബ്ധമാക്കുമെന്നുറപ്പായ ഘട്ടത്തിലാണ് സുരക്ഷാകാര്യങ്ങളില്‍ ശക്തമാണ് എന്ന് ധാരണയുണ്ടാക്കാനാണ് അതീവരഹസ്യമായ നടപടി. ഗുജറാത്തില്‍ ഡിസംബര്‍ 13, 17 തീയതികളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടലിലുണ്ട്. ഭീകരവാദവും പാകിസ്ഥാനും എന്നും സജീവ ചര്‍ച്ചാവിഷയമാകുന്ന സംസ്ഥാനമാണ് ഗുജറാത്ത്. എന്നാല്‍, ആഭ്യന്തരമായ ഒരു പരിഗണനയും വധശിക്ഷ നടപ്പിലാക്കുന്നതില്‍ ഇല്ലെന്നാണ് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ വാദം.
വധശിക്ഷ നടപ്പിലാക്കുമെന്നതിന്റെ പല സൂചനകളും സര്‍ക്കാര്‍ നല്‍കിയിരുന്നു. ബാല്‍ താക്കറെ മരിച്ചപ്പോള്‍ മഹാരാഷ്ട്രയുടെ മുന്‍ മുഖ്യമന്ത്രികൂടിയായ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ മുംബൈയിലേക്ക് പോയില്ല. പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കിന്റെ രണ്ടുദിവസത്തെ ഇന്ത്യ സന്ദര്‍ശനം കേന്ദ്രം റദ്ദാക്കി. ലോക്സഭാ നേതാവുകൂടിയായ സുശീല്‍കുമാര്‍ ഷിന്‍ഡെക്ക് പാര്‍ലമെന്റ് നടക്കുന്നതിനാല്‍ സമയമില്ലെന്നാണ് ഇതിന് ന്യായം പറഞ്ഞത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റടക്കം പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. വധശിക്ഷ നിരോധിക്കുന്ന യുഎന്‍ പൊതുസഭാ പ്രമേയത്തെ എതിര്‍ത്ത് മറ്റ് 38 രാഷ്ട്രങ്ങള്‍ക്കൊപ്പം ഇന്ത്യ വോട്ടുചെയ്തത് ചൊവ്വാഴ്ചയായിരുന്നു. ഇന്ത്യ-പാക് ബന്ധത്തെ കസബിന്റെ വധം ദോഷകരമായി ബാധിക്കാനിടയില്ല. പാക് നേതൃത്വം അത്തരത്തില്‍ പ്രതികരിച്ചിട്ടുമില്ല. ലഷ്കര്‍ ഇ തോയ്ബ മാത്രമാണ് അപലപിച്ചിട്ടുള്ളത്. പാക്ക് താലിബാന്‍പോലുള്ളവ വധശിക്ഷയെ വിമര്‍ശിച്ച് രംഗത്ത് വന്നേക്കാം. എന്നാല്‍, അതൊന്നും ഉഭയകക്ഷിബന്ധം ഉലയ്ക്കില്ലെന്നാണ് പാക് മാധ്യമങ്ങള്‍ നിരീക്ഷിച്ചത്. എന്നാല്‍, വധശിക്ഷ പാക് നേതൃത്വത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സക്കീര്‍ റഹ്മാന്‍ ലഖ്വിയടക്കമുള്ള ലഷ്കര്‍ നേതാക്കളെ വിചാരണ ചെയ്ത ശിക്ഷ നടപ്പിലാക്കുന്നതിന് വേഗം കുറയാനും സാധ്യതയുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെ. നിയമപരമായ പ്രക്രിയയിലൂടെ വധശിക്ഷ നടപ്പിലാക്കിയതുകൊണ്ടുതന്നെ അന്താരാഷ്ട്രവിമര്‍ശവും ഉണ്ടാകാനിടയില്ല. എങ്കിലും വധശിക്ഷക്കെതിരെ യൂറോപ്യന്‍രാഷ്ട്രങ്ങള്‍ പ്രതികരിച്ചേക്കാം. ഭീകരവാദത്തിനെതിരെയുള്ള കര്‍ക്കശമായ സന്ദേശമാണ് കസബിന്റെ വധശിക്ഷയിലൂടെ ഇന്ത്യ നല്‍കിയിട്ടുള്ളത്.
പാകിസ്ഥാനിലെ പ്രതികളുടെ വിചാരണ ഉറപ്പാക്കണം: കാരാട്ട്
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലെ പ്രതികളുടെ വിചാരണ വിജയകരമായി പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ഈ ആക്രമണത്തിന് ഉത്തരവാദികളായവരെ ശരിയായ നീതിന്യായ പ്രക്രിയയിലൂടെയാണ് ശിക്ഷിച്ചിട്ടുള്ളത്. കസബിന്റെ വധശിക്ഷയും അതിന്റെ ഭാഗമാണ്-കാരാട്ട് പറഞ്ഞു.
deshabhimani
Labels:
മുംബൈ ഭീകരാക്രമണം
Subscribe to:
Post Comments (Atom)
No comments:
Post a Comment