Wednesday, November 28, 2012

സബ്സിഡി : ഭൂരിപക്ഷത്തിനും കിട്ടാതാകും


സബ്സിഡികള്‍ ബാങ്കുവഴി നല്‍കുന്നതിന്റെ ആദ്യപടിയായി രാജ്യത്തെ 51 ജില്ലയില്‍ ക്ഷേമ പെന്‍ഷനുകളും സ്കോളര്‍ഷിപ്പുകളും ജനുവരി ഒന്നുമുതല്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ നേരിട്ടെത്തിക്കുമെന്ന് ധനമന്ത്രി പി ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ പത്തനംതിട്ട, വയനാട് ജില്ലകളെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി. അടുത്ത വര്‍ഷം അവസാനത്തോടെ എല്ലാ സബ്സിഡികളും സ്കോളര്‍ഷിപ്പുകളും ക്ഷേമ ആനുകൂല്യങ്ങളും ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് ഗുണഭോക്താക്കളിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ സബ്സിഡിയും ആനുകൂല്യങ്ങളും ക്രമേണ ഇല്ലാതാവുമെന്നും ഭൂരിപക്ഷത്തിനും ഇവ നഷ്ടപ്പെടുമെന്നും ഉറപ്പായി.

സബ്സിഡി ബാങ്ക് വഴി ലഭിക്കാന്‍ ആധാര്‍ കാഡ് നിര്‍ബന്ധമാണെന്നിരിക്കെ ആശയക്കുഴപ്പം വര്‍ധിച്ചിരിക്കയാണ്. കേരളത്തിലടക്കം ഭൂരിഭാഗം സംസ്ഥാനങ്ങളിലും ആധാര്‍ വിതരണം ഭാഗികമായേ നടപ്പായിട്ടുള്ളൂ. 42 പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങളുടെ പണം ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഭക്ഷ്യ സബ്സിഡി, രാസവളം സബ്സിഡി, പാചകവാതക സബ്സിഡി എന്നിവ നേരിട്ട് പണമായി നല്‍കാന്‍ ആദ്യഘട്ടത്തില്‍ പരിപാടിയില്ല. എന്നാല്‍, ഘട്ടംഘട്ടമായി എല്ലാ സബ്സിഡിയും നേരിട്ടു നല്‍കും. ആനുകൂല്യങ്ങള്‍ ചോരുന്നത് തടയാനും യഥാര്‍ഥ ഗുണഭോക്താക്കളില്‍ അവ എത്തിക്കാനുമാണ് പുതിയ പരിഷ്കാരമെന്നാണ് സര്‍ക്കാര്‍ അവകാശവാസനമന്ത്രി ജയ്റാം രമേശ് പറഞ്ഞു. എന്നാല്‍, ചിദംബരം ഇതിന്റെ വിശദാംശങ്ങള്‍ പറഞ്ഞില്ല. ഭക്ഷ്യ-രാസവളം സബ്സിഡികള്‍ മുന്‍കൂറായി ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കിടും. ഈ പണം എടുത്ത് വിപണിവിലയ്ക്ക് ഭക്ഷ്യധാന്യവും രാസവളവും വാങ്ങണം. വാങ്ങുന്നതില്‍ മൂന്നു തവണ വീഴ്ച വരുത്തിയാല്‍ സബ്സിഡി നിര്‍ത്തും. നിലവില്‍ ആവശ്യമുള്ള സമയത്ത് റേഷന്‍കടയില്‍ പോയി പരിമിതമായ സബ്സിഡി തുകയുടേതാണെങ്കിലും ഭക്ഷ്യധാന്യം വാങ്ങാം. പരിഷ്കാരം നടപ്പാകുന്നതോടെ മൂന്നു വട്ടം മുടങ്ങിയാല്‍ സബ്സിഡി നിഷേധിക്കപ്പെടും.


റേഷന്‍സംവിധാനം ഇല്ലാതാകും: യെച്ചൂരി

ന്യൂഡല്‍ഹി: സബ്സിഡി പണമായി ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തിക്കാനുള്ള തീരുമാനം ക്ഷേമ ആനുകൂല്യങ്ങള്‍ പടിപടിയായി ഇല്ലാതാക്കുന്നതിന്റെ ആദ്യ ചുവടുവയ്പാണെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു.

ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ഏറെ ഗുണപ്രദമായ പൊതുവിതരണ സംവിധാനം അട്ടിമറിക്കുകയെന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ട്. സബ്സിഡി നേരിട്ട് പണമായി നല്‍കുമെന്ന് പറയുന്ന സര്‍ക്കാര്‍ എന്നാല്‍ റേഷന്‍ ഉല്‍പ്പന്നങ്ങളുടെ വില ഉയരുമ്പോള്‍ അതിനുസൃതമായി സബ്സിഡി തുക വര്‍ധിക്കുമോയെന്ന് പറയുന്നില്ല. നിലവില്‍ എപിഎല്‍- ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് റേഷന്‍ കടകളില്‍ രണ്ടുനിരക്കാണ്. പുതിയ സംവിധാനത്തില്‍ ബിപിഎല്‍ വിഭാഗക്കാരും എപിഎല്‍ നിരക്കില്‍തന്നെ റേഷന്‍ വാങ്ങണം. സബ്സിഡി തുക പിന്നീടുമാത്രമേ ഇവരുടെ അക്കൗണ്ടിലെത്തൂ. പണപ്പെരുപ്പം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ റേഷന്‍ ഉല്‍പ്പന്നങ്ങളുടെ വിലയും സര്‍ക്കാര്‍ അടിക്കടി കൂട്ടുമെന്ന് തീര്‍ച്ച. ഇതിനുസൃതമായി സബ്സിഡി വര്‍ധിക്കില്ല. ചുരുക്കത്തില്‍ സബ്സിഡി തുക തീര്‍ത്തും അപ്രസക്തമാകും. അതല്ലെങ്കില്‍ സബ്സിഡിയോടെയുള്ള ഭക്ഷ്യധാന്യത്തിന്റെ അളവ് പടിപടിയായി വെട്ടിക്കുറയ്ക്കും. ഏത് സംഭവിച്ചാലും ഏറ്റവും താഴെതട്ടിലുള്ള ദരിദ്രജനങ്ങള്‍ക്കാണ് ദോഷം. പണം അക്കൗണ്ടില്‍ വരുമ്പോള്‍ ഉപഭോക്താക്കള്‍ അത് എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന കാര്യത്തിലും ഉറപ്പൊന്നുമില്ല. ഭക്ഷ്യസബ്സിഡിയായി ലഭിക്കുന്ന പണം ജനങ്ങള്‍ ആ ആവശ്യത്തിന് ഉപയോഗിക്കണമെന്നില്ല. റേഷന്‍കടകളില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് ഭക്ഷ്യധാന്യം വാങ്ങണമെന്ന സ്ഥിതിയാകുമ്പോള്‍ ജനങ്ങള്‍ പൊതുവിപണിയിലേക്ക് മാറാനും സാധ്യതയുണ്ട്. ഫലത്തില്‍ പൊതുവിതരണസംവിധാനംതന്നെ ഇല്ലാതാകും- യെച്ചൂരി പറഞ്ഞു.


deshabhimani 281112

2 comments:

  1. സബ്സിഡികള്‍ ബാങ്കുവഴി നല്‍കുന്നതിന്റെ ആദ്യപടിയായി രാജ്യത്തെ 51 ജില്ലയില്‍ ക്ഷേമ പെന്‍ഷനുകളും സ്കോളര്‍ഷിപ്പുകളും ജനുവരി ഒന്നുമുതല്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ നേരിട്ടെത്തിക്കുമെന്ന് ധനമന്ത്രി പി ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ പത്തനംതിട്ട, വയനാട് ജില്ലകളെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി. അടുത്ത വര്‍ഷം അവസാനത്തോടെ എല്ലാ സബ്സിഡികളും സ്കോളര്‍ഷിപ്പുകളും ക്ഷേമ ആനുകൂല്യങ്ങളും ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് ഗുണഭോക്താക്കളിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ സബ്സിഡിയും ആനുകൂല്യങ്ങളും ക്രമേണ ഇല്ലാതാവുമെന്നും ഭൂരിപക്ഷത്തിനും ഇവ നഷ്ടപ്പെടുമെന്നും ഉറപ്പായി.

    ReplyDelete

  2. ഇനിമുതൽ ആർക്കും മറ്റൊരാളുടെ സബ്സിഡി അടിച്ചുമാറ്റാൻ കഴിയില്ലന്ന് ചുരുക്കം.

    ReplyDelete