Monday, November 19, 2012

കബോട്ടാഷ് ഭേദഗതി രാജ്യ സുരക്ഷയ്ക്ക് വന്‍ഭീഷണി

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനുവേണ്ടി കബോട്ടാഷ് നിയമം ഇളവുചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കെ, കഴിഞ്ഞദിവസം രക്തചന്ദനം പിടികൂടിയ സംഭവം സുരക്ഷ സംബന്ധിച്ച കടുത്ത ആശങ്കയ്ക്ക് വഴിവയ്ക്കുന്നു. ടെര്‍മിനലിന്റെ കരാറുകാരായ ദുബായ് പോര്‍ട്ട് ഇന്റര്‍നാഷണലും ചില വന്‍കിട കപ്പല്‍ കമ്പനികളുമാണ് നിയമത്തില്‍ ഇളവ് തേടുന്നത്. ചരക്ക് കൈകാര്യംചെയ്യുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും നിയമത്തില്‍ ഇളവു നല്‍കുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് ഇവരുടെ വാദം. പരിശോധന കര്‍ശനമാക്കുന്നതിനും ഇവര്‍ എതിരാണ്. ഇവരുടെ സമ്മര്‍ദ്ദം നടപ്പായാല്‍ രാജ്യസുരക്ഷ പോലും ബാധിക്കുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. 
 
ആഭ്യന്തര ചരക്കുനീക്കത്തില്‍നിന്ന് വിദേശ കപ്പലുകളെ വിലക്കുന്നതാണ് കബോട്ടാഷ് നിയമം. ആഭ്യന്തര തുറമുഖങ്ങളില്‍ അന്യോന്യമുള്ള ചരക്കുനീക്കത്തിന് ഇന്ത്യന്‍ പതാകവഹിക്കുന്ന കപ്പലുകള്‍ക്കു മാത്രമാണ് അനുമതി. ഇത് ഇളവുചെയ്ത് വിദേശ കപ്പലുകള്‍ക്കും അവസരം നല്‍കുകയാണ് കബോട്ടാഷ് നിയമ ഭേദഗതികൊണ്ട് ഉദ്ദേശിക്കുന്നത്. കണ്ടെയ്നര്‍ പരിശോധന കൂടുതല്‍ ഉദാരമാക്കണമെന്നുംദുബായ് പോര്‍ട്ട് ഇന്റര്‍നാഷണലും വന്‍കിട കപ്പല്‍ കമ്പനികളും ആവശ്യപ്പെടുന്നു. ഇങ്ങനെ ചെയ്താല്‍ വിദേശത്തുനിന്ന് ആയുധവും സ്ഫോടകവസ്തുക്കളും കള്ളനോട്ടും യഥേഷ്ടം കേരളത്തിലേക്കൊഴുകും. 
 
രക്തചന്ദനം കടത്തിയതിന് പിടിയിലായ ഷിപ്പിങ് ഏജന്റ് ടെര്‍മിനല്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചതായി വ്യക്തമായിട്ടുണ്ട്. നിയമം ഭേദഗതി ചെയ്ത് വന്‍കിട കുത്തകള്‍ക്ക് കടന്നുവരാന്‍ അവസരം ഒരുക്കിയാല്‍ അവര്‍ ഉദ്യോഗസ്ഥരെയും വിലക്കെടുക്കും. പ്രതിരോധമന്ത്രി എ കെ ആന്റണി വല്ലാര്‍പാടത്ത് കബോട്ടാഷ് നിയമം ഇളവുചെയ്യുന്നതിനും പരിശോധന ഉദാരമാക്കുന്നതിനുമെതിരെ രംഗത്തുവന്നിരുന്നു. പരിശോധനയില്‍ ഒരു കാരണവശാലും വീഴ്ചവരുത്താനാവില്ലെന്നും ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നിയമത്തില്‍ ഇളവുകിട്ടാന്‍ ദുബായ് പോര്‍ട്ട് ഇന്റര്‍നാഷണല്‍ സമ്മര്‍ദം ചെലുത്തുകയാണ്. കസ്റ്റംസ് പരിശോധനപോലും ഇവര്‍ പരിമിതമായ അളവിലേ അനുവദിക്കുന്നുള്ളൂ. ആധുനിക പരിശോധനാസംവിധാനങ്ങളൊന്നും വല്ലാര്‍പാടത്തിയിട്ടില്ല. കണ്ടെയ്നര്‍ പരിശോധനയ്ക്കുള്ള സ്ക്രീനിങ് മെഷീന്‍ ഇവിടെയില്ല. കഴിഞ്ഞ ദിവസം ചകിരിച്ചോറ് പുറമെ നിറച്ചാണ് രക്തചന്ദനം കടത്താന്‍ ശ്രമിച്ചത്. ചകിരിച്ചോറില്‍ ഒളിപ്പിച്ച രക്തചന്ദനത്തടികള്‍ കണ്ടുപിടിക്കണമെങ്കില്‍ ഏറെ നേരത്തെ പരിശോധന ആവശ്യമാണ്. 
 
രക്തചന്ദന കടത്ത് വിരല്‍ചൂണ്ടുന്നത് സുരക്ഷാപ്രശ്നത്തിലേക്ക്: ലോറന്‍സ്

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍നിന്ന് രക്തചന്ദനം പിടിച്ച സംഭവം ഗുരുതരമായ സുരക്ഷാപ്രശ്നത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. കബോട്ടാഷ് നിയമത്തില്‍ ഇളവുവരുത്തിയാല്‍ എന്താണ് സംഭവിക്കുക എന്നതിന് ഉത്തമദൃഷ്ടാന്തവുമാണിത്. മുമ്പും ചില സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. ശരിയായ പരിശോധന ഇല്ലെങ്കില്‍ ആയുധങ്ങള്‍വരെ കടത്താന്‍ സാധ്യതയുണ്ട്. പ്രതിരോധമന്ത്രി എ കെ ആന്റണി ഇതു മനസ്സിലാക്കിയാവണം പരിശോധയില്‍ ഇളവു നല്‍കാനാവില്ലെന്ന് പ്രസ്താവിച്ചത്. ഇതിനെ എതിര്‍ത്തുകൊണ്ടാണ് ദുബായ് പോര്‍ട്ട് ഇന്റര്‍നാഷണലും വന്‍കിട കപ്പല്‍ കമ്പനികളും മുന്നോട്ടുവന്നത്. ദേശാഭിമാനികള്‍ രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഇത്തരം സംഭവങ്ങള്‍ സംശയാതീതമായി ബോധ്യപ്പെടുത്തുകയാണെന്ന് എം എം ലോറന്‍സ് പറഞ്ഞു.
 

No comments:

Post a Comment