Tuesday, November 27, 2012
കുടുംബശ്രീ : ജയ്റാം രമേഷ് X കെ സി ജോസഫ്
കുടുംബശ്രീക്ക് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രി ജയ്റാം രമേഷും സംസ്ഥാനമന്ത്രി കെ സി ജോസഫും തുറന്ന പോരില്‍. കേന്ദ്രഗ്രാമവികസന മന്ത്രാലയത്തിന്റെ ഫണ്ട് കുടുംബശ്രീക്ക് തന്നെ നല്‍കുമെന്ന് മന്ത്രി ജയ്റാം രമേഷ് ആവര്‍ത്തിച്ച് വ്യക്തമാക്കി. കുടുംബശ്രീക്ക് മാത്രമേ ഫണ്ട് നല്‍കൂ എന്ന ജയ്റാം രമേഷിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന മന്ത്രി കെ സി ജോസഫിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതെസമയം, ജയ്റാം രമേഷിന്റെ വീട്ടിലെ കുടികിടപ്പുകാരല്ല സംസ്ഥാനസര്‍ക്കാരെന്നും കെ സി ജോസഫ് തിരിച്ചടിച്ചു. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ 700 കിലോമീറ്റര്‍ റോഡ് വികസനത്തിന് പദ്ധതി സമര്‍പ്പിക്കാന്‍ കെ സി ജോസഫിനോട് ആവശ്യപ്പെട്ടിട്ട് രണ്ടുമാസമായെന്നും ഇതുവരെ കിട്ടിയിട്ടില്ലെന്നും ജയ്റാം രമേഷ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ പണം തന്നിഷ്ടംപോലെ കോണ്‍ഗ്രസുകാര്‍ക്ക് ചെലവാക്കാനായി എം എം ഹസ്സന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനശ്രീക്ക് ഫണ്ട് നല്‍കാത്തതിനെ ചൊല്ലിയാണ് ജയ്റാം രമേഷിനെ കെ സി ജോസഫ് വിമര്‍ശിച്ചത്. ജയ്റാം രമേഷിന്റെ നിലപാടിനെതിരെ കേന്ദ്രനേതൃത്വത്തെ സമീപിക്കുമെന്നും ജോസഫ് കോട്ടയത്ത് പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ നയരൂപീകരണം നടത്തുന്നത് വ്യക്തികളുടെ യുക്തിസഹമല്ലാത്ത ഭ്രമകല്‍പ്പനകള്‍ക്ക് അനുസരിച്ചല്ലെന്ന് ജയ്റാം രമേഷ് തുറന്നടിച്ചു. ജമ്മു കശ്മീര്‍, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങള്‍ കുടുംബശ്രീയെ മാതൃകയാക്കിക്കഴിഞ്ഞു. കേരളത്തില്‍ സ്ത്രീ സമൂഹത്തെയാകെ പ്രതിനിധാനംചെയ്യുന്നത് കുടുംബശ്രീയാണ്. അതുകൊണ്ട് കേന്ദ്രത്തെ സംബന്ധിച്ച് കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീ തന്നെയാണ്. അതില്‍ മാറ്റമില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതിരോധമന്ത്രി എ കെ ആന്റണിയെയും താന്‍ കണ്ട് സംസാരിച്ചിരുന്നു. അവരും കുടുംബശ്രീയെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. കെ സി ജോസഫ് തന്റെ സുഹൃത്ത് തന്നെ. ഞങ്ങള്‍ എപ്പോഴും വിളിക്കാറുണ്ട്. പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിക്ക് കീഴില്‍ 700 കിലോമീറ്റര്‍ റോഡ് വികസനത്തിന് പദ്ധതി സമര്‍പ്പിക്കാന്‍ ഈ മന്ത്രിയോട് ആവശ്യപ്പെട്ടിട്ട് രണ്ടുമാസമായി. ഇതുവരെ കിട്ടിയിട്ടില്ല. ഈമാസം ഒടുവില്‍ തരാമെന്നാണ് ഏറ്റവുമൊടുവില്‍ അറിയിച്ചിരിക്കുന്നത്. പദ്ധതി റിപ്പോര്‍ട്ടിനായി താന്‍ കാത്തിരിക്കയാണ്- ജയ്റാം രമേഷ് പറഞ്ഞു. ഇതേസമയം, കുടുംബശ്രീക്ക് മാത്രമേ സര്‍ക്കാര്‍ ഫണ്ട് നല്‍കാന്‍ കഴിയുകയുള്ളൂ എന്ന കേന്ദ്രമന്ത്രി ജയ്റാം രമേഷിന്റെ നിലപാട് ശരിയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.കുടുംബശ്രീക്ക് നല്‍കാനുള്ള ഫണ്ടേ ജയ്റാംരമേഷിന്റെ കൈയിലുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വി എസ്.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാനദണ്ഡങ്ങളെ മന്ത്രി കെ സി ജോസഫ് നിരന്തരം ചോദ്യംചെയ്യുന്നത് അഴിമതി നടത്താന്‍വേണ്ടിയാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സില്‍ബന്ധികള്‍ക്ക് പങ്കുവയ്ക്കാനുള്ള കോണ്‍ഗ്രസിന്റെ പദ്ധതി നടപ്പാക്കാനാണ് രാഷ്ട്രീയ കൃഷി യോജനയില്‍ നിന്നുള്ള എട്ടുകോടി രൂപ ജനശ്രീക്ക് നല്‍കുന്നത്. ഇത്തരം പദ്ധതികളെ എതിര്‍ത്തതിനാലാണ് ജയ്റാം രമേഷിനെതിരെ സംസ്ഥാനനേതാക്കള്‍ തിരിഞ്ഞതെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.
ജനശ്രീ ഫണ്ട് തിരിമറി: മന്ത്രിയും അഴിമതിയില്‍ പങ്കാളിയായി
കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ സ്വകാര്യ സംരംഭമായ ജനശ്രീ മിഷന് ആര്‍കെവിവൈ പദ്ധതിയുടെ ആദ്യഗഢു അനുവദിച്ച് ഫയലില്‍ ഒപ്പിട്ടതോടെ കൃഷിമന്ത്രി കെ പി മോഹനും കോടികളുടെ അഴിമതിയില്‍ പങ്കാളിയാണെന്ന് വ്യക്തമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രി കെ സി ജോസഫിന്റേയും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഒപ്പിട്ടതെങ്കിലും ആര്‍കെവിവൈ ചട്ടം ലംഘിച്ച് സ്വകാര്യ സംരംഭത്തിന് ഫണ്ട് അനുവദിച്ചതോടെ കുരുക്കിലാവുന്നത് മന്ത്രിയാണ്.
രാഷ്ട്രീയ കൃഷിവികാസ് യോജനയുടെ (ആര്‍കെവിവൈ) ഫണ്ട് വിനിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അപ്പാടെ ലംഘിച്ചാണ് 14.36 കോടി രൂപ ജനശ്രീ മിഷന്റെ അഞ്ച് കടലാസ് പദ്ധതികള്‍ക്ക് അനുവദിച്ചത്. കേന്ദ്ര കൃഷിമന്ത്രി തന്നെ ഇതിനെതിരെ നിലപാട് വ്യക്തമാക്കിയിട്ടും ആദ്യഗഢു അനുവദിച്ചത് നഗ്നമായ അഴിമതിയാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ കൃഷിക്ക് പ്ലാന്‍ ഫണ്ടില്‍ നീക്കിവെക്കുന്ന തുകയുടെ നിശ്ചിത അനുപാതത്തിനുസരിച്ച് മാത്രമായിരിക്കണം ആര്‍കെവിവൈ ഫണ്ട് വിനിയോഗമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശമുണ്ട്. ജനശ്രീക്ക് ഫണ്ട് അനുവദിച്ചപ്പോള്‍ ഇത് പാലിച്ചില്ല. ഓരോ പദ്ധതിയും ജില്ലാതലത്തില്‍ തയ്യാറാക്കി ജില്ലാതല കമ്മിറ്റി അംഗീകരിച്ച ശേഷം സംസ്ഥാന തല കമ്മിറ്റി അംഗീകരിക്കണം. എന്നാല്‍ ജനശ്രീ തയ്യാറാക്കിയ ഒരു പദ്ധതിയും ജില്ലാതലത്തില്‍ തയ്യാറാക്കിയതല്ല. പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് നടത്താന്‍ കഴിയുന്ന പദ്ധതികളാണെങ്കില്‍നിര്‍ബന്ധമായും അത് പാലിക്കണമെന്ന നിര്‍ദ്ദേശവും ലംഘിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടിയപ്പോഴാണ് കേന്ദ്ര കൃഷിമന്ത്രി ശരത്പവാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചതിനിടയില്‍ ആദ്യഗഢു നല്‍കാന്‍ നടപടി എടുത്തത് ഗുരുതരമായ ചട്ടലംഘനമാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ ലഭിക്കുന്ന ഫണ്ട് സ്വന്തക്കാര്‍ക്ക് ധൂര്‍ത്തടിക്കാന്‍ കിട്ടാത്തതില്‍ മുഖ്യമന്ത്രിക്കും ചില കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കുമുള്ള അരിശമാണ് കേന്ദ്രതീരുമാനത്തെ പോലും വെല്ലുവിളിച്ച് ആര്‍കെവിവൈ ഫണ്ടിന്റെ ആദ്യഗഢു ധൃതിപിടിച്ച് അനുവദിച്ചതിന് പിന്നില്‍.ജനശ്രീ മിഷന്റെ അഞ്ച് കടലാസ് പദ്ധതികളിലൊന്നിനും അനുവദിച്ച തുകയുടെ 10 ശതമാനം പോലും യഥാര്‍ഥത്തില്‍ വിനിയോഗിക്കാനാകില്ല. എങ്കിലും രേഖകള്‍ ചമച്ച് പണം തട്ടാനാണ് ലക്ഷ്യമിടുന്നത്.
deshabhimani 271112
Labels:
കുടുംബശ്രീ
Subscribe to:
Post Comments (Atom)
കുടുംബശ്രീക്ക് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രി ജയ്റാം രമേഷും സംസ്ഥാനമന്ത്രി കെ സി ജോസഫും തുറന്ന പോരില്‍. കേന്ദ്രഗ്രാമവികസന മന്ത്രാലയത്തിന്റെ ഫണ്ട് കുടുംബശ്രീക്ക് തന്നെ നല്‍കുമെന്ന് മന്ത്രി ജയ്റാം രമേഷ് ആവര്‍ത്തിച്ച് വ്യക്തമാക്കി. കുടുംബശ്രീക്ക് മാത്രമേ ഫണ്ട് നല്‍കൂ എന്ന ജയ്റാം രമേഷിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന മന്ത്രി കെ സി ജോസഫിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ReplyDelete