Thursday, November 22, 2012

നിയമവിരുദ്ധമായ രാഷ്ട്രീയക്കളി


സിപിഐ എം നേതാവ് എം എം മണി പൊലീസിനെയോ നിയമ വ്യവസ്ഥയെയോ വെല്ലുവിളിച്ചിട്ടില്ല. ഒരു പൊതു പ്രസംഗത്തെ അടിസ്ഥാനപ്പെടുത്തി അമ്പരപ്പിക്കുന്ന തിടുക്കത്തോടെ പൊലീസ് കേസ് ചാര്‍ജ് ചെയ്തപ്പോള്‍ ആ കേസന്വേഷണവുമായി സര്‍വാത്മനാ സഹകരിക്കാനാണ് അദ്ദേഹം തയ്യാറായത്. പൊലീസ് വിളിച്ചേടത്ത് ചെല്ലാനും ചോദ്യംചെയ്യലുമായി സഹകരിക്കാനും മണി മടിച്ചിട്ടില്ല. പൊതു പ്രവര്‍ത്തനത്തില്‍ സദാ വ്യാപൃതനായി ഇടുക്കി ജില്ലയില്‍ത്തന്നെ മണി ഉണ്ടായിരുന്നു. ഹൈറേഞ്ചിലെ ഏറ്റവും ജനകീയനായ നേതാവ് എന്ന നിലയില്‍ സജീവ സാന്നിധ്യമായ അദ്ദേഹത്തെ കൊടും ഭീകരനെയെന്നോണം വീടുവളഞ്ഞ് അറസ്റ്റ്ചെയ്ത വാര്‍ത്തയുമായാണ് ബുധനാഴ്ച പുലര്‍ന്നത്. അറസ്റ്റും അതിന്റെ രീതിയും പ്രകടമായിത്തന്നെ അസാധാരണമാണ്; നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

അഴിമതിയും ചേരിപ്പോരും അനൈക്യവും നയരാഹിത്യവുമടക്കമുള്ള ദുഷിപ്പുകള്‍ നിറഞ്ഞ് യുഡിഎഫ് പരിതോവസ്ഥയിലാണ്. ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ കെ ആന്റണിതന്നെ യുഡിഎഫിന്റെ പാപ്പരത്തത്തെക്കുറിച്ച് തുറന്നടിച്ചപ്പോള്‍, ഉമ്മന്‍ചാണ്ടിഭരണം വിശ്വാസരാഹിത്യത്തിന്റെ അഗാധഗര്‍ത്തത്തിലേക്കാണ് പതിച്ചത്. ഈ ഘട്ടത്തില്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ കണ്ടെത്തിയ വിലകുറഞ്ഞ ഉപായമാണ് മണിയുടെ നാടകീയമായ അറസ്റ്റ്. കടുത്ത രാഷ്ട്രീയ വൈരനിര്യാതനമാണ് പൊലീസിലൂടെ ഉമ്മന്‍ചാണ്ടി ഭരണം നടപ്പാക്കിയത്. പരിഹാസ്യമായ കുറ്റാരോപണത്തിലൂടെ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ്ചെയ്ത് ജനങ്ങളുടെ രോഷം കുത്തിയിളക്കിയ സൃഗാലതന്ത്രത്തിന്റെ ആവര്‍ത്തനമാണിത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കേരള പൊലീസിനെ ഹീനമായ രാഷ്ട്രീയ ആയുധമാക്കി അധഃപതിപ്പിച്ചിരിക്കുന്നു. ജുഡീഷ്യറിയെയും നിയമവാഴ്ചയെയും പരസ്യമായി വെല്ലുവിളിച്ച് കൊലവിളി മുഴക്കുന്ന കെ സുധാകരനെപ്പോലുള്ള ക്രിമിനലുകളെ സംരക്ഷിക്കുന്നവര്‍തന്നെയാണ് ഈ പ്രതികാര നടപടികള്‍ക്കിറങ്ങിയതെന്നോര്‍ക്കണം. മണി നല്‍കിയ കേസുകളില്‍ പരമോന്നത കോടതിയുടെയടക്കം തീരുമാനം വരാനിരിക്കെ എന്തിന് ഇത്തരമൊരു നാടകത്തിന് മുതിര്‍ന്നു എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയേ തീരൂ. നിയമവിരുദ്ധമായ അറസ്റ്റില്‍ ഉയര്‍ന്ന ജനകീയ പ്രതിഷേധത്തില്‍ ഞങ്ങളും പങ്കുചേരുന്നു.

deshabhimani editorial

No comments:

Post a Comment