Sunday, November 18, 2012

മുസ്ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കരുത്: സിപിഐ എം

ന്യൂഡല്‍ഹി: തീവ്രവാദം ചെറുക്കാനെന്ന പേരില്‍ മുസ്ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കി വര്‍ഷങ്ങളോളം ജയിലിലിടുന്നത് അവസാനിപ്പിക്കണമെന്ന് സിപിഐ എം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം രാഷ്ട്രപതിഭവനിലെത്തി ഇതുസംബന്ധിച്ച്ആവശ്യമുന്നയിച്ചു. 
 
 വര്‍ഷങ്ങളോളം ജയിലില്‍ കഴിയുകയും കോടതി വെറുതെ വിടുകയുംചെയ്തവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും നല്‍കുക, ഇത്തരം കേസുകളുടെ വിചാരണയ്ക്ക് അതിവേഗ കോടതികള്‍ സ്ഥാപിച്ച് ഒരുവര്‍ഷത്തിനകം തീര്‍പ്പുണ്ടാക്കുക, കള്ളക്കേസുകളാണെടുത്തതെന്ന് ബോധ്യപ്പെടുന്ന സംഭവങ്ങളില്‍ ഉത്തരവാദികളായ പൊലീസ്, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക, നിയമവിരുദ്ധപ്രവര്‍ത്തനം തടയുന്ന നിയമത്തിലെ മനുഷ്യാവകാശവിരുദ്ധവുമായ വകുപ്പുകള്‍ മാറ്റി നിയമം ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങള്‍ രാഷ്ട്രപതിക്ക് മുന്നില്‍ ഉന്നയിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു. 
 
സ്ഫോടനവുമായി ബന്ധപ്പെട്ട് നിരവധി മുസ്ലിം യുവാക്കളെ തെളിവില്ലാതെ അറസ്റ്റുചെയ്ത് വര്‍ഷങ്ങളോളം ജയിലിലിട്ടു. 14 വര്‍ഷംവരെ ജയില്‍വാസമനുഭവിച്ച ശേഷം നിരപരാധിയെന്ന് ബോധ്യപ്പെട്ട് കോടതി വെറുതെവിട്ട കേസുകളുണ്ട്. യഥാര്‍ഥ കുറ്റവാളികളെ അറസ്റ്റുചെയ്യുന്നതിനുപകരം ആരെയെങ്കിലും അറസ്റ്റുചെയ്ത് കടമ നിര്‍വഹിച്ചുവെന്ന് വരുത്താനാണ് നിരപരാധികളെ അറസ്റ്റുചെയ്തത്. നിയമവിരുദ്ധ പ്രവര്‍ത്തനവിരുദ്ധ നിയമം(യുഎപിഎ) ആണ് മുസ്ലിം യുവാക്കള്‍ക്ക് സാമാന്യനീതി നിഷേധിക്കാനായി ഉപയോഗിക്കുന്നത്. ഈ നിയമപ്രകാരം അറസ്റ്റുചെയ്യപ്പെടുന്നവര്‍ക്ക് ജാമ്യവും സമയബന്ധിത വിചാരണയുമടക്കമുള്ള നിയമനടപടികള്‍ നിഷേധിക്കപ്പെടുന്നു.

ചെറുപ്പത്തില്‍ അറസ്റ്റുചെയ്യപ്പെട്ട നാല് ചെറുപ്പക്കാരുടെ കാര്യം രാഷ്ട്രപതിയെ നേരിട്ട് ബോധ്യപ്പെടുത്തി. മുഹമ്മദ് ആമിര്‍(ഡല്‍ഹി), സയ്യദ് മഖ്ബൂല്‍(ശ്രീനഗര്‍), വാസിഫ് ഹൈദര്‍, മുംതാസ് അഹമ്മദ്(ഉത്തര്‍പ്രദേശ്) എന്നിവരെ 18-19 വയസ്സുള്ളപ്പോഴാണ് അറസ്റ്റുചെയ്തത്. മഖ്ബൂലും മുഹമ്മദ് ആമിറും 14 വര്‍ഷം വീതം ജയിലില്‍ കഴിഞ്ഞു. ഒടുവില്‍ കുറ്റക്കാരല്ലെന്നു കണ്ട് കോടതി ഇവരെ വിട്ടയച്ചു. തീവ്രവാദ ആക്രമണം നടത്തുന്നവരോട് ദാക്ഷിണ്യം കാണിക്കരുത്. എന്നാല്‍, നിരപരാധികളെ അറസ്റ്റുചെയ്യുന്നത് ഗൗരവതരമായ പ്രശ്നമാണ്- കാരാട്ട് പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് യൂസുഫ് തരിഗാമി, സുഭാഷിണി അലി, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഡല്‍ഹി സംസ്ഥാന സെക്രട്ടറി സേബാ ഫാറൂഖി, ജയില്‍മോചിതരായ മുഹമ്മദ് ആമിര്‍, സയ്യദ് മഖ്ബൂല്‍, വാസിഫ് ഹൈദര്‍, മുംതാസ് അഹമ്മദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment