Friday, November 23, 2012
എഫ് ഡിഐ: വോട്ടെടുപ്പ് ചര്‍ച്ചയ്ക്ക് പ്രതിപക്ഷം
ചില്ലറവില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം(എഫ് ഡിഐ) അനുവദിച്ച പ്രശ്നത്തില്‍ വോട്ടെടുപ്പോടുകൂടിയ ചര്‍ച്ച വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നതോടെ ശീതകാലസമ്മേളനത്തിന്റെ ആദ്യദിനത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭയും സ്തംഭിച്ചു. ഇടതുപക്ഷവും എന്‍ഡിഎയും ഉന്നയിച്ച ആവശ്യം പാര്‍ലമെന്ററി കാര്യമന്ത്രി കമല്‍നാഥ് തള്ളിയതോടെയാണ് പ്രതിഷേധത്തിന് മൂര്‍ച്ച കൂടിയത്. ഇരുസഭകളും കാര്യമായ ഒരു പരിപാടികളിലേക്കും കടക്കാനാകാതെ പിരിഞ്ഞു. ലോക്സഭ മൂന്നു തവണയും രാജ്യസഭ രണ്ടു തവണയും നിര്‍ത്തിവച്ചതിനുശേഷമാണ് ചൊവ്വാഴ്ചത്തേക്ക് പിരിഞ്ഞത്. അതിനിടെ, വെട്ടിലായ സര്‍ക്കാരിനെ രക്ഷിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ സുദീപ് ബന്ദോപാധ്യായ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാന്‍ ആളില്ലാത്തതിനെത്തുടര്‍ന്ന് സ്പീക്കര്‍ മീരാകുമാര്‍ അനുമതി നിഷേധിച്ചു.
എത് വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞിരുന്നു. വോട്ടെടുപ്പ് ചര്‍ച്ച അനുവദിക്കാനാകില്ലെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കമല്‍നാഥ് പറഞ്ഞതോടെ വര്‍ഷകാലസമ്മേളനംപോലെ ശീതകാലസമ്മേളനവും പൂര്‍ണമായും സ്തംഭിക്കുമെന്ന ആശങ്ക പരന്നു. ഇതോടെ ഇരുസഭകളിലെയും കക്ഷിനേതാക്കളുടെ യോഗം തിങ്കളാഴ്ച വിളിച്ച് ചേര്‍ക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാജ്യസഭയുടെ കാര്യോപദേശകസമിതിയിലാണ് ഈ ഉറപ്പ് നല്‍കിയത്. ബിജെപി നേതാക്കള്‍ക്ക് നല്‍കിയ അത്താഴവിരുന്നിലും പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചു. ലോക്സഭയില്‍ പ്രതിപക്ഷനേതാവ് സുഷമ സ്വരാജും സിപിഐ എമ്മിലെ ബസുദേവ് ആചാര്യയുമാണ് വോട്ടെടുപ്പ് ചര്‍ച്ച ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ പാര്‍ലമെന്റിനെ അവഹേളിക്കുകയാണെന്ന് സുഷമ സ്വരാജ് പറഞ്ഞു. ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച നടത്തി സമവായത്തിലൂടെ മാത്രമേ വിദേശനിക്ഷേപം അനുവദിക്കൂ എന്ന് 2011 ഡിസംബര്‍ ഏഴിന് അന്നത്തെ ധനമന്ത്രിയായിരുന്ന പ്രണബ്മുഖര്‍ജി ലോക്സഭയില്‍ ഉറപ്പുനല്‍കിയിരുന്നെന്നും അത് പാലിക്കാതെയാണ് 51 ശതമാനം എഫ്ഡിഐ അനുവദിച്ചതെന്നും സുഷമ പറഞ്ഞു. മുന്‍ വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും അതുകൊണ്ടാണ് വോട്ടെടുപ്പ് ചര്‍ച്ചയ്ക്കായി നിര്‍ബന്ധിക്കുന്നതെന്നും സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. വോട്ടെടുപ്പ് ചര്‍ച്ച ജനാധിപത്യത്തിനെതിരാണെന്ന വാദം അംഗീകരിക്കാനാകില്ലെന്നും വോട്ടെടുപ്പ് ചര്‍ച്ച അനുവദിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അരുണ്‍ ജെയ്റ്റ്ലിയും വ്യക്തമാക്കി.
സമവായത്തിലൂടെ മാത്രമേ വിദേശനിക്ഷേപം അനുവദിക്കൂ എന്ന് രാജ്യസഭയില്‍ ഉറപ്പ് നല്‍കി അതിന് വിരുദ്ധമായി പ്രവര്‍ത്തിച്ച വാണിജ്യമന്ത്രി ആനന്ദ്ശര്‍മയ്ക്കെതിരെ അവകാശലംഘനത്തിന് സിപിഐ എം അംഗങ്ങള്‍ ഉപരിസഭയില്‍ നോട്ടീസ് നല്‍കി. ലോക്സഭ സമ്മേളിച്ച ഉടന്‍ സമാജ്വാദി പാര്‍ടി അംഗങ്ങള്‍ പാചകവാതകത്തിന്റെ വിലവര്‍ധന പിന്‍വലിക്കണമെന്നും സിലിണ്ടറിന്റെ കുറച്ച ക്വോട്ട പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നടുത്തളത്തിലേക്കിറങ്ങി. ഉത്തര്‍പ്രദേശിലെ ക്രമസമാധാനത്തകര്‍ച്ച ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഎസ്പി അംഗങ്ങളും നടുത്തളത്തിലിറങ്ങി. രാഷ്ട്രപതി പ്രണബ്മുഖര്‍ജിയുടെ മകനും ജംഗിപ്പുരില്‍നിന്ന് ജയിച്ച കോണ്‍ഗ്രസ് നേതാവുമായ അഭിജിത് മുഖര്‍ജിയും ഉത്തരാഖണ്ഡിലെ തെഹ്രിയില്‍നിന്ന് ജയിച്ച ബിജെപിയുടെ മാല രാജലക്ഷ്മി ഷായും ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.
(വി ബി പരമേശ്വരന്‍)
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment