Wednesday, November 21, 2012

തീവ്രവാദസംഘടനകളെ ലീഗ് ഏകോപിപ്പിക്കുന്നു: കോടിയേരി

തിരു: മുസ്ലിംലീഗിന്റെ കൈയില്‍ ഭരണത്തിന്റെ താക്കോല്‍ ഏല്‍പ്പിച്ചത് സംസ്ഥാനത്ത് വര്‍ഗീയത ശക്തിപ്പെടുത്തിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ലീഗ് മതേതര പാര്‍ടിയല്ല. മതാധിഷ്ഠിത പാര്‍ടിയാണ്. വര്‍ഗീയത ശക്തിപ്പെടുത്താന്‍ തീവ്രവാദസംഘടനകളെല്ലാം ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരെ ഏകോപിപ്പിക്കുകയാണ് മുസ്ലിംലീഗ്. ഇ എം എസ് അക്കാദമിയില്‍ ഡിവൈഎഫ്ഐ സംസ്ഥാന പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. 
 
ഇസ്ലാമിന്റെപേരില്‍ വിലപേശല്‍ രാഷ്ട്രീയം നടത്തി സമ്പന്നരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ആ പാര്‍ടിയുടെ നേതൃത്വം. സംസ്ഥാനത്ത് അഞ്ച് മന്ത്രിമാരും കേന്ദ്രത്തില്‍ വിദേശകാര്യ സഹമന്ത്രിസ്ഥാനവും ലഭിച്ച മുസ്ലിംലീഗിന് പലസ്തീനുനേരെയുള്ള ഇസ്രയേല്‍ നരനായാട്ടിനെതിരെ പ്രതികരിക്കാനാകുന്നില്ല. യുഎന്‍ രക്ഷാസമിതിയുടെ താല്‍ക്കാലിക അധ്യക്ഷസ്ഥാനംവരെ ഇന്ത്യയുടെ കൈയിലുള്ളപ്പോള്‍ മൗനംപാലിക്കുന്നത് കേന്ദ്രം ഇസ്രയേലിനെ പിന്തുണയ്ക്കുന്നതുകൊണ്ടാണ്. ഇസ്രയേലില്‍നിന്ന് ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ പടക്കോപ്പ് വാങ്ങുന്നത്. ഇനി ഇസ്രയേലിന്റെ ആയുധങ്ങള്‍ വേണ്ടെന്നുവയ്പ്പിക്കാന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിനും അദ്ദേഹത്തിന്റെ പാര്‍ടിക്കുമാകുമോ- കോടിയേരി ചോദിച്ചു. 
 
ആന്റണിക്കെതിരെ ലീഗ് മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം അവരുടെ അസഹിഷ്ണുത വെളിവാക്കുന്നു. ആന്റണിയുടെ മുന്‍ പ്രസ്താവന സാമുദായികവിഭജനത്തിന് വഴിമരുന്നിട്ടു എന്ന ചന്ദ്രികയിലെ പരാമര്‍ശത്തിന് മറുപടി പറയാന്‍ കോണ്‍ഗ്രസിന് ബാധ്യതയുണ്ട്. ലീഗിന് ഭരണത്തില്‍ അപ്രമാദിത്തം നല്‍കിയത് കോണ്‍ഗ്രസാണ്. തിരുവിതാംകൂറില്‍കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലീഗ് തീവ്രവാദശക്തികളെ ഏകോപിപ്പിക്കുന്നു. യുഡിഎഫ് തകര്‍ന്നിരിക്കുകയാണ്. ഭരണം വിടുമെന്ന് ലീഗും കെ എം മാണിയും ഭീഷണിപ്പെടുത്തുന്നു. യുഡിഎഫില്‍ അനൈക്യം ശക്തിപ്പെട്ടതോടെ രാഷ്ട്രീയമാറ്റം ഉറപ്പായി. അത് എംഎല്‍എമാരെ ചാക്കില്‍കയറ്റി അധികാരം അട്ടിമറിച്ചുകൊണ്ടുള്ള മാറ്റമല്ല. ജനങ്ങളിലുണ്ടാകുന്ന മാറ്റമായിരിക്കും-കോടിയേരി പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് അധ്യക്ഷനായി. ഇസ്രയേല്‍ ആക്രമണത്തില്‍ ജീവന്‍പൊലിഞ്ഞ പലസ്തീന്‍ പൗരന്മാരെ അനുസ്മരിച്ചാണ് ക്യാമ്പ് ആരംഭിച്ചത്. സംസ്ഥാന ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി ടി വി രാജേഷ് സംസാരിച്ചു. എം ബി രാജേഷും പി രാജീവും ക്ലാസെടുത്തു. ക്യാമ്പ് വ്യാഴാഴ്ച സമാപിക്കും.

No comments:

Post a Comment