Wednesday, November 21, 2012

വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ നിര്‍ബന്ധം: സര്‍ക്കാര്‍ സര്‍ക്കുലര്‍ വിവാദമാകുന്നു

തിരു: മാര്‍ച്ച് 31നകം ആധാര്‍ രജിസ്ട്രേഷന്‍ നടത്താത്ത വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കില്ലെന്നുള്ള സര്‍ക്കാര്‍ സര്‍ക്കുലര്‍ വിവാദത്തില്‍. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ യുഐഡി രജിസ്ട്രേഷനുള്ള നടപടി വിദ്യാഭ്യാസവകുപ്പിന്റെ അന്തിമഘട്ടത്തിലെത്തിനില്‍ക്കേ സ്വകാര്യ ഏജന്‍സികളെ സഹായിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് സര്‍ക്കുലറിനു പിന്നിലുള്ളത്. നാല്‍പ്പതു ലക്ഷത്തിലധികം വരുന്ന കുട്ടികള്‍ ആധാര്‍ സെന്ററുകളില്‍ പോയി രജിസ്ട്രേഷന്‍ നടത്തണമെന്നു പറയുന്നത് പ്രായോഗികവുമല്ല.

ആധാറുമായി (യുഐഡി) ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും "സമ്പൂര്‍ണ പദ്ധതി"യില്‍ എല്ലാ സ്കൂളുകളിലും പൂര്‍ത്തിയായിരുന്നതാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഐടി @ സ്കൂളിനെയാണ് ചുമതല ഏല്‍പ്പിച്ചിരുന്നത്. ഇതിനായി ഒരുകുട്ടിക്ക് 50 രൂപവീതം തുക അനുവദിക്കുകയുംചെയ്തു. ബയോമെട്രിക്സ് അതതു സ്കൂളിലെത്തി എടുക്കുന്നതിനായി കെല്‍ട്രോണിനെയും അക്ഷയെയും ചുമതലപ്പെടുത്തി കഴിഞ്ഞ ജൂലൈ 31നകം പൂര്‍ത്തീകരിക്കാന്‍ കരാറുമുണ്ടാക്കി. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കെല്‍ട്രോണിനെയും അക്ഷയെയും പദ്ധതിയില്‍നിന്ന് ഒഴിവാക്കി. ഐടി @ സ്കൂളിന്റെ നിലവിലുള്ള എക്സിക്യൂട്ടീവ് ഡയറക്ടറെ നീക്കി തങ്ങളുടെ ഇഷ്ടക്കാരനെ നിയോഗിച്ചശേഷമായിരുന്നു ഇത്. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട നാലു കമ്പനികളെ രജിസ്ട്രേഷന്‍ നടപടിക്കായി ചുമതലപ്പെടുത്തി. എന്നാല്‍, ഇത് വിവാദമായപ്പോള്‍ പദ്ധതി ഉപേക്ഷിച്ചു.

യുഐഡി പൂര്‍ത്തിയാകാത്തത് തസ്തികനിര്‍ണയമടക്കമുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുകയുംചെയ്തു. എന്നാല്‍, ഇപ്പോള്‍ വിദ്യാഭ്യാസവകുപ്പ് ഇറക്കിയിരിക്കുന്ന സര്‍ക്കുലറില്‍ ദുരൂഹതയേറുകയാണ്. രജിസ്ട്രേഷന്‍ എങ്ങനെ ആര് നടത്തുമെന്നൊന്നും ഒരു വ്യക്തതയുമില്ല. ആധാര്‍ രജിസ്ട്രേഷന്‍ നടത്താത്ത വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പും സ്റ്റൈപെന്‍ഡ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് കെഎസ്ടിഎ ആവശ്യപ്പെട്ടു. കലാകായിക മത്സരങ്ങളിലടക്കം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിദ്യാഭ്യാസ അവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണിത്. പൊതു വിദ്യാലയങ്ങളിലെ പാവപ്പെട്ട കുട്ടികളെ ശിക്ഷിക്കുന്ന ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

No comments:

Post a Comment