Wednesday, November 21, 2012

ശിവസേന : പിന്തിരിപ്പൻ സ്വത്വ രാഷ്ട്രീയം പിന്തുടരുന്നവർ

സി പി ഐ എമ്മിന് ശിവസേനയുമായും അതിന്റെ നേതാവാ‍യ ദിവംഗതനായ ശ്രീ ബാൽ കേശവ് താക്കറേയുമായും എല്ലാക്കാലത്തും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.അദ്ദേഹത്തിന്റെ കീഴിൽ ശിവസേന എല്ലാക്കാലത്തും പിന്തുടർന്നത്  പിന്തിരിപ്പൻ സ്വത്വരാഷ്ട്രീയം  ആയിരുന്നു. അതു മഹാരാഷ്ട്രയിലെ ജനങ്ങൾ അഭിമുഖീകരിച്ചു കൊണ്ടിരുന്ന  ഗൌരവമായ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിട്ടുകൊണ്ടേയിരുന്നു.

ഒന്നാമതായി,സി പി ഐ എം എന്നും ശിവസേനയുടെയും, ഇപ്പോൾ അവരിൽ നിന്നും പിരിഞ്ഞു പോയ മഹാരാഷ്ട്രാ നവ നിർമ്മാൺ സേനയുടേയും, സങ്കുചിത പ്രാദേശിക വാദത്തിന്റെ അക്രമ സംസ്ക്കാരത്തെ  നിശ്ചയദാർഡ്യത്തോടെ  എതിർത്തിരുന്നു.മുംബൈയിലുള്ള ദക്ഷിണേന്ത്യക്കാർ മഹാരാഷ്ട്രക്കാരുടെ ജോലികൾ തട്ടിയെടുക്കുന്നു എന്ന് ചിത്രീകരിച്ചു കൊണ്ടാണു ശ്രീ താക്കറേ രാഷ്ട്രീയത്തിന്റെ തുടക്കം കുറിച്ചത്, അത് പിന്നീട് ഉത്തർ പ്രദേശിൽ നിന്നും ബീഹാറിൽ നിന്നും കുടിയേറിപ്പാർത്ത തൊഴിലാളികളുടെ നേർക്കായി.‘വിദ്വേഷ‘മെന്നത് അങ്ങനെ അദ്ദേഹത്തിന്റെ പാർട്ടിയുടെ അടിസ്ഥാന പരിപാടിയായി മാറി, അതാകട്ടെ 1950 കളിൽ കമ്യൂണീസ്റ്റുപാർട്ടിയും മറ്റു ഇടതു മതേതര പ്രസ്ഥാനങ്ങളായ  പ്രജാ സമാജ്‌വാദി പാർട്ടി, പെസന്റ്സ് ആൻഡ് വർക്കേഴ്ക് പാർട്ടി, റിപ്പബ്ലിക്കൻ പാർട്ടി എന്നിവയുമടങ്ങിയ ‘സംയുക്ത മഹാരാഷ്ട്രാ പ്രസ്ഥാനം” മുന്നോട്ട് വച്ച ‘ഐക്യ ഭാവന’യ്ക്കു  നേർവിപരീതവുമായിരുന്നു.

രണ്ടാമതായി,ശിവസേനയുടെ പ്രത്യയശാസ്ത്രമെന്നത് ആഴത്തിലുള്ള വർഗീയതയിലധിഷ്ടിതമായിരുന്നു. അതിനെതിരെ  സി പി ഐ എം നിരന്തരമായി സമരം ചെയ്തിട്ടുമുണ്ട്.1992 ൽ ബാബറി മസ്‌ജിദ് തകർക്കപ്പെട്ടതിനെ  മിസ്റ്റർ താക്കറേ സ്വാഗതം ചെയ്തു. തുടർന്നുണ്ടായ മുംബൈ കലാപത്തിലും മുസ്ലീങ്ങൾക്കെതിരായ അക്രമങ്ങളിലും നിയമവിരുദ്ധ പ്രവൃത്തികളിലും ശിവസേന പങ്കാളികളായിരുന്നു..കലാപം അന്വേഷിച്ച  ജസ്റ്റീസ് ശ്രീകൃഷ്ണ കമ്മീഷൻ അക്കാര്യം തെളിവുകളോടെ വിശദീകരിച്ചിട്ടുണ്ട്.എന്നാൽ പ്രതീക്ഷിച്ചതു പോലെ തന്നെ  അന്നത്തെ ശിവസേന - ബി ജെ പി സർക്കാർ ശ്രീകൃഷ്ണ കമ്മീഷൻ റിപ്പോർട്ടിനെ  കൈയോടെ തന്നെ തള്ളിക്കളയുകയാണുണ്ടായത്.

മൂന്നാമതായി, ശിവസേനയുടെ രാഷ്ട്രീയം എല്ലാക്കാലത്തും  തൊഴിലാളി വിരുദ്ധവും കമ്യൂണീസ്റ്റു വിരുദ്ധവുമായിരുന്നു,അതുകൊണ്ടു തന്നെ അതിനു കാലാകാലങ്ങളിൽ അധികാരത്തിൽ വന്ന എല്ലാ കോൺ‌ഗ്രസ് സർക്കാരുകളുടേയും  മുംബൈയിലെ വൻ മുതലാളിമാരുടേയും നിരന്തര പിന്തുണ ലഭിച്ചിട്ടുണ്ട്.1960 കളുടെ അവസാന പാദത്തിൽ  മിസ്റ്റർ താക്കറേയുടെ അക്രമ രാഷ്ട്രീയത്തിന്റെ ഇരകളായിരുന്നത് കമ്യൂണിസ്റ്റുകളായിരുന്നു.ഗിർനി കാം‌ഗാർ യൂണീയന്റെ ( മിൽ തൊഴിലാളി യൂണീയൻ) ഓഫീസുകൾ നിരന്തരമായി ആക്രമിക്കപ്പെടുകയും കമ്യൂണിസ്റ്റ് നേതാക്കൾ മൃഗീയമായി ദേഹോപദ്രവമേൽ‌പ്പിക്കപ്പെടുകയും ചെയ്തു.1970 ജൂണിൽ ഈ അക്രമങ്ങൾ അതിന്റെ ഉച്ച സ്ഥായിയിൽ എത്തുകയും എം എൽ എ ആയിരുന്ന സ:കൃഷ്ണ ദേശായി ശിവസേനക്കാരാൽ കൊല്ലപ്പെടുകയും ചെയ്തു.എന്നാൽ ഈ ശാരീരിക ആക്രമണങ്ങളേയും നിരന്തര  ഭീഷണികളേയും മഹാരാഷ്ട്രയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിജീവിയ്ക്കുക തന്നെ ചെയ്തു.

നാ‍ലാമതായി ,ശിവസേനയുടെ രാഷ്ട്രീയം ശക്തമായ  ദളിത് വിരുദ്ധതയിലധിഷ്‌ഠിതമാണ്.1970 ൽ ദളിത് പാന്തേർസ് പാർട്ടിയെ കായികമായി  ആക്രമിച്ച് അവരുടെ പ്രവർത്തകനായിരുന്ന ഭഗത് ജാദവിനെ കൊലപ്പെടുത്തിയതിലൂടെയും, ഡോ അംബേദ്‌കറിന്റെ ‘ ഹിന്ദുത്വത്തിലെ പ്രഹേളികക‘ളെ  എതിർത്തതിലൂടെയും, ശിവസേന - ബി ജെ പി സർക്കാരിന്റെ കാലത്ത് മറാത്ത്‌വാഡ പ്രദേശത്ത് പട്ടിക വർഗ വിഭാഗങ്ങൾക്കെതിരെ നടന്ന  അതിക്രമങ്ങൾക്കെതിരെയുള്ള പോലീസ് കേസുകൾ പിൻ‌വലിച്ചതിലൂടെയും, എല്ലാറ്റിനുമുപരിയായി, അതേ കാലത്ത് മുംബൈയിലെ  റാം‌ബായ് അംബേദ്‌കർ നഗറിൽ നിഷ്കളങ്കരായ 11 ദളിതരെ പോലീസ് വെടിവയ്പ്പിലൂടെ കൊലപ്പെടുത്തിയതിലൂടെയുമെല്ലാം ഈ ദളിത് വിരുദ്ധത  തെളിഞ്ഞതാണ്.

അവസാനമായി,ശിവസേന ഏകാധിപത്യത്തെ അനുകൂലിക്കുകയും ജനാധിപത്യത്തെ എതിർക്കുകയും ചെയ്തിരുന്നു..അടിയന്തിരാവസ്ഥയെ  മി. താക്കറേ അനുകൂലിച്ചതിലൂടെയും, ഹിറ്റ്‌ലറിനെ വാഴ്ത്തിപ്പറഞ്ഞതിലൂടെയും, പത്രപ്രവർത്തകർ, സാഹിത്യ സാംസ്കാരിക നായകർ , വിമർശനം ഉന്നയിക്കാൻ ധൈര്യപ്പെടുന്ന മറ്റുള്ളവർക്കെതിരെ നടത്തിയ  നിരന്തരമായ ആക്രമണങ്ങളിലൂടെയും ഇത് വളരെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

പാൽഗറിൽ നിന്നുള്ള രണ്ടു പെൺ‌കുട്ടികൾ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടതും   അവരുടെ അമ്മാവന്റെ ആശുപത്രിക്കു നേരെ നടത്തപ്പെട്ട അക്രമങ്ങളിലൂടെയും അവസാ‍നം പറഞ്ഞ വസ്തുത ഇന്ന് വീണ്ടും ആവർത്തിക്കപ്പെട്ടിരിയ്ക്കുന്നു, കഴിഞ്ഞ രണ്ടു ദിവസമായി  മുംബൈയിൽ നടത്തിയ  ബന്ദിനെതിരെ അവരുടെ എതിരഭിപ്രായം സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലൂടെ പറഞ്ഞു എന്നത് മാത്രമാണു ഈ പെൺ‌കുട്ടികളെ അറസ്റ്റ് ചെയ്യാൻ കാരണം.

ഈ ചെറിയ പെൺ‌കുട്ടികളെ അന്യായമായി അറസ്റ്റ് ചെയ്തതിനെ സി പി ഐ എം മഹാരാഷ്ട്രാ സംസ്ഥാന കമിറ്റി അപലപിയ്ക്കുകയും എത്രയും വേഗം അവർക്കെതിരെയുള്ള കേസുകൾ പിൻ‌വലിച്ച് ഈ അറസ്തിനു കാരണക്കാരായ പോലീസുകാർക്കെതിരെയും ആശുപത്രി ആക്രമിച്ച ഗുണ്ടകൾക്കെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നു.കോൺ‌ഗ്രസ് - എൻ സി പി സംസ്ഥാന സർക്കാർ എത്രയും വേഗം ശക്തമായ നടപടികൾ സ്വീകരിയ്ക്കുണമെന്നും പണ്ട് പലപ്പോളും ചെയ്തതു പോലെ  ശിവസേനയുടെ താൽക്കാലിക ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കുമനുസരിച്ച് തുള്ളുന്ന നയം അവസാനിപ്പിക്കുകയും ചെയ്യണമെന്ന് സി പി ഐ എം ആവശ്യപ്പെടുന്നു.

ഇതു വരെ  ചെയ്തിരുന്നതുപോലെ ഭാവിയിലും സി പി ഐ എം  ശിവസേനയുടെ സങ്കുചിത പ്രാദേശികവാദാധിഷ്‌ഠിതവും , വർഗീയവും, ജാതീയവും  തൊഴിലാളി വിരുദ്ധവുമായ നയങ്ങൾക്കെതിരെ പൊരുതുന്നതാണ്.

*****

അശോക് ധാവ്‌ളെ, സംസ്ഥാന സെക്രട്ടറി, സി പി ഐ എം , മഹാരാഷ്ട്ര

No comments:

Post a Comment