എന്‍ഡോസള്‍ഫാന്‍ പ്രശ്നം വ്യാജനിര്‍മിതിയാണെന്ന് സ്ഥാപിക്കാനും പ്രചരിപ്പിക്കാനും ശ്രമിച്ചവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു. പരിസ്ഥിതി-മാധ്യമ കൂട്ടുകെട്ട് സൃഷ്ടിച്ചെടുത്ത കെട്ടുകഥയാണ് എന്‍ഡോസള്‍ഫാന്‍ പ്രശ്നമെന്ന് പ്രബന്ധം അവതരിപ്പിച്ച കേരള കാര്‍ഷിക സര്‍വകലാശാല അധ്യാപകരെയാണ് അധികൃതര്‍ സംരക്ഷിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമീഷനെയും പ്രബന്ധത്തില്‍ വിമര്‍ശിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് കൃഷിമന്ത്രി പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. അതേസമയം, സപ്തധാര പദ്ധതികളുടെ അവലോകനം നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച ദേശീയ മനുഷ്യാവകാശ കമീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയെന്നും പ്രഖ്യാപിച്ചു. ശുപാര്‍ശ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് ദുരിതബാധിതര്‍ സമരത്തിലാണ്.
കേരളത്തിന്റെയും സര്‍ക്കാരിന്റെയും നയങ്ങള്‍ക്ക് വിരുദ്ധമായാണ് പടന്നക്കാട് കാര്‍ഷിക കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ എം ശ്രീകുമാര്‍, കെ ഡി പ്രതാപന്‍ എന്നിവര്‍ സ്വദേശി ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രബന്ധം അവതരിപ്പിച്ചത്. പ്രശ്നങ്ങളില്‍ അതിവൈകാരികമായി മലയാളം മുന്‍ഷിമാരും തീവ്ര അഥവാ വ്യാജ പരിസ്ഥിതിവാദികളും നടത്തുന്ന പ്രചാരണത്തിന് എതിരു പറയാന്‍ മാധ്യമങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും ഭയമാണെന്ന് പ്രബന്ധത്തില്‍ ആരോപിച്ചിരുന്നു. സാമൂഹ്യ-രാഷ്ട്രീയ സമ്മര്‍ദങ്ങളുടെ പേരില്‍ സാമ്പത്തികസഹായം നല്‍കാന്‍വേണ്ടി എന്‍ഡോസള്‍ഫാന്‍ ആരോപിത രോഗികളുടെയും തന്മൂലം മരണപ്പെട്ടവരുടെയും പട്ടിക ശാസ്ത്രീയ അടിത്തറയൊന്നുമില്ലാതെ തയ്യാറാക്കിയ ആരോഗ്യവിദഗ്ധരുടെ പ്രവൃത്തിയുടെ ധാര്‍മികതയും പ്രൊഫഷണലിസവും ചോദ്യംചെയ്യപ്പെടണമെന്ന് പ്രബന്ധത്തില്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്റെ പേരില്‍ നടക്കുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ച് ഇതിെന്‍റ പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നും പ്രബന്ധ അവതാരകര്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ചത് മൂലമല്ല, കാസര്‍കോട് ജില്ലയില്‍ അസുഖമുണ്ടായതെന്ന് സ്ഥാപിക്കാനാണ് ഇവര്‍ ശ്രമിച്ചത്. ധനസഹായം കിട്ടുമെന്നതിനാല്‍ എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ കയറിക്കൂടാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് പറഞ്ഞ് രോഗികളെ അപമാനിക്കാനും ശ്രമിച്ചു. രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചാലും 97 വയസ്സുള്ള അപ്പൂപ്പന്‍ മരിച്ചാലും കാരണം എന്‍ഡോസള്‍ഫാനെന്ന് പറഞ്ഞ് മരണത്തെയും പരിഹസിക്കുന്നു. അര്‍ബുദം വന്നാലും അബോര്‍ഷന്‍ വന്നാലും കാരണം എന്‍ഡോസള്‍ഫാന്‍, 1976ല്‍ എനഡോസള്‍ഫാന്‍ തളിക്കുന്നതിനു മുമ്പ് വൈകല്യത്തോടെ ജനിച്ചാലും 2012ല്‍ ജന്മവൈകല്യം വന്നാലും കാരണം എന്‍ഡോസള്‍ഫാന്‍ എന്നിങ്ങനെ പോകുന്നു പരിഹാസം.
ശാസ്ത്രീയമായ ഒരു അന്വേഷണവും നടത്താതെയും പ്രശ്നത്തിന്റെ മറുവശം അന്വേഷിക്കാതെയും തികച്ചും ഏകപക്ഷീയമായാണ് എന്‍ഡോസള്‍ഫാന്‍ ധനസഹായവും മറ്റ് സഹായങ്ങളും വര്‍ധിപ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ ശുപാര്‍ശ ചെയ്തതെന്നാണ് ഒരാരോപണം. ഇവരെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. മനുഷ്യാകാശ കമീഷന്‍ നിര്‍ദേശിച്ച നഷ്ടപരിഹാരത്തിന് അര്‍ഹരായ ബഹുഭൂരിപക്ഷത്തെയും സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് ഇപ്പോഴും സമരം നടക്കുകയാണ്. കഴിഞ്ഞ ദിവസം ദുരിതബാധിതര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. വരുംദിവസങ്ങളില്‍ അമ്മമാരുടെ സത്യഗ്രഹസമരം പുനഃരാരംഭിക്കാനാണ് തീരുമാനം. ഇതിനിടയിലാണ് മനുഷ്യാവകാശ കമീഷന്റെ ശുപാര്‍ശ പൂര്‍ണമായും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നത്.
എന്‍ഡോസള്‍ഫാന്‍: സര്‍ക്കാര്‍ നിലപാട് തിരുത്തണം - എല്‍ഡിഎഫ്
എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് കക്ഷിനേതാക്കളായിരിക്കും മുഖ്യമന്ത്രിയെ കാണുകയെന്ന് യോഗത്തിനു ശേഷം കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദഗ്ധസമിതി മുമ്പാകെ അഭിപ്രായം പറയാതിരുന്ന സര്‍ക്കാര്‍ നിലപാട് ജനങ്ങളെ കബളിപ്പിക്കലാണ്. കമ്പനിക്ക് വിടുപണി ചെയ്യുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വിദഗ്ധസമിതി റിപ്പോര്‍ട്ടിനെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. താന്‍ ഒന്നും അറിഞ്ഞില്ലെന്ന നിലപാടാണ് കൃഷിമന്ത്രി സ്വീകരിച്ചത്. എന്‍ഡോസള്‍ഫാനെതിരെ കാസര്‍കോട്ടുനടക്കുന്ന സമരത്തിന് എല്ലാ പിന്തുണയും നല്‍കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ വിവിധ വിഭാഗം ജനങ്ങളുടെ കൂട്ടായ്മയ്ക്ക് എല്‍ഡിഎഫ് നേതൃത്വം നല്‍കും. വിദഗ്ധസമിതി നിര്‍ദേശം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍: സര്‍ക്കാര്‍ അനാസ്ഥകാട്ടി- വി എസ്
തിരു: എന്‍ഡോസള്‍ഫാന്‍ രണ്ടുവര്‍ഷം കൂടി ഉപയോഗിക്കാന്‍ അനുമതി നല്‍കാമെന്ന സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ നിലപാട് മനുഷ്യത്വരഹിതവും അപലപനീയവുമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ കാട്ടുകയാണ്. സമിതിക്കു മുമ്പില്‍ എന്‍ഡോസള്‍ഫാന്റെ ദോഷങ്ങളെപ്പറ്റി നിലപാട് അറിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളുടെ നിലപാടിനൊപ്പമാണ് സര്‍ക്കാര്‍ എന്ന് വ്യക്തമായി. വിദഗ്ധസമിതിയുടെ നിര്‍ദേശം തള്ളിക്കളയണമെന്നും വി എസ് ആവശ്യപ്പെട്ടു.
deshabhimani
No comments:
Post a Comment