Monday, November 19, 2012

പിള്ള-ഗണേശ് അനുയായികള്‍ ഏറ്റുമുട്ടി

പത്തനാപുരം: അറസ്റ്റിലായ കേരള കോണ്‍ഗ്രസ് ബി മണ്ഡലം സെക്രട്ടറിയെ മോചിപ്പിക്കാന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള പത്തനാപുരം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. സ്റ്റേഷന്‍ വളപ്പില്‍ പിള്ള-ഗണേശ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി. കെടിയുസി (ബി) ജില്ലാ നേതാവ് വിളക്കുവെട്ടം ഭദ്രന്‍ അടക്കംനാലുപേര്‍ക്ക് മര്‍ദനമേറ്റു. പൊലീസ് കാഴ്ചക്കാരായി. ഉപരോധം കഴിഞ്ഞ് പുറത്തേക്ക് വാഹനത്തില്‍ വന്ന പിള്ളയെ 15 മിനിറ്റോളം ഗണേശ്വിഭാഗം തടഞ്ഞുവച്ച് കൂവി വിളിച്ചു. 
 
ഞായറാഴ്ച പകല്‍ 10.10നാണ് സംഭവം. ശനിയാഴ്ച രാത്രി പൊലീസ് അറസ്റ്റുചെയ്ത കേരള കോണ്‍ഗ്രസ് (ബി) മണ്ഡലം സെക്രട്ടറി നടുകുന്ന് റഷീദ ബില്‍ഡിങ്സില്‍ അസീസിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പിള്ള ഉപരോധം ആരംഭിച്ചത്. ഗണേശ്കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ്അംഗമാണ് താനെന്ന് പറഞ്ഞ് അസീസ് കേരള കോണ്‍ഗ്രസ് (ബി)യുടെ പേരില്‍ പണം പിരിച്ചതായി മന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഗണേശ് വിഭാഗം പൊലീസ് സ്റ്റേഷന്‍ കവാടത്തില്‍ നിലയുറപ്പിച്ചു. സംഭവം അറിഞ്ഞ് കൊട്ടാരക്കരയില്‍നിന്ന് പിള്ള വിഭാഗം പ്രവര്‍ത്തകര്‍ വന്നതോടെയാണ് സംഘര്‍ഷമുണ്ടായത്. ഉപരോധം തുടര്‍ന്നപ്പോള്‍ പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം പത്തനാപുരത്തെത്തി. തുടര്‍ന്ന് 12.30ന് അസീസിനെ മോചിപ്പിച്ചു. അസീസുമായി മടങ്ങിയ പിള്ളയുടെ വാഹനമാണ് ഗണേശ് വിഭാഗം തടഞ്ഞത്. ബാലകൃഷ്ണപിള്ള വാഹനത്തില്‍നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പൊലീസിനെ ഉപയോഗിച്ച് തന്റെ അനുകൂലികള്‍ക്കെതിരെ മന്ത്രി ഗണേശ്കുമാര്‍ കള്ളക്കേസ് എടുപ്പിക്കുകയാണെന്ന് പിള്ള പറഞ്ഞു. ""എനിക്കു പറ്റിയ കൈപ്പിഴയാണ് ഗണേശ്കുമാര്‍. കേരള കോണ്‍ഗ്രസ് ബി നിയോജകമണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്താന്‍ ഞങ്ങള്‍ക്കാണ് അവകാശം.""-അദ്ദേഹം പറഞ്ഞു. എന്നാല്‍, സംഭവത്തിന്റെ പേരില്‍ പത്തനാപുരത്തെ എസ്ഐക്കുനേരെ നടപടിയെടുത്താന്‍ തന്റെ മറ്റൊരുമുഖം കാണേണ്ടി വരുമെന്ന് മന്ത്രി കെ ബി ഗണേശ്കുമാര്‍ പ്രതികരിച്ചു.

No comments:

Post a Comment