കാസര്‍കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെപേരില്‍ കാസര്‍കോട് ജില്ലയില്‍
വ്യാപക പണപ്പിരിവ്. സ്കൂളുകളില്‍ പ്ലസ്ടു അനുവദിക്കുന്നതിനും
എച്ച്എഎല്ലില്‍ തൊഴില്‍ വാഗ്ദാനം ചെയ്തുമാണ് ലക്ഷങ്ങള്‍ വാങ്ങുന്നത്.
ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന ജില്ലയിലെ പ്രമുഖ
കോണ്‍ഗ്രസ് നേതാവും മണ്ഡലം സെക്രട്ടറിയും ചേര്‍ന്നാണ് പണം വാങ്ങുന്നത്.
പുത്തിഗെ പഞ്ചായത്തിലെ എയ്ഡഡ് ഹൈസ്കൂളില്‍ പ്ലസ്ടു
അനുവദിപ്പിക്കാമെന്നുപറഞ്ഞ് ഏഴു ലക്ഷം വാങ്ങിയതായി പഞ്ചായത്തിലെ ചില
കോണ്‍ഗ്രസ് നേതാക്കളോട് മാനേജര്‍ പറഞ്ഞതോടെയാണ് പിരിവിന്റെ വിവരം
പുറത്തായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എന്‍മകജെ പഞ്ചായത്തിലെ
സ്കൂള്‍ മാനേജരില്‍നിന്ന് ഇതേകാര്യം പറഞ്ഞ് അഞ്ചു ലക്ഷം രൂപ വാങ്ങിയതായും
വ്യക്തമായി. കാസര്‍കോട് നഗരത്തില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്നയാളാണ് ഈ
മാനേജര്‍.
കര്‍ണാടക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ജ്യോത്സ്യനാണ് മണ്ഡലം
നേതാവ്. ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പ് നേതാവിന്റെ ഒത്താശയോടെ
അടുത്തകാലത്താണ് ഇയാളെ മണ്ഡലം സെക്രട്ടറിയായി നിയമിച്ചത്. ഉന്നത കോണ്‍ഗ്രസ്
നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് ധരിപ്പിച്ചാണ് പിരിവ്. കാസര്‍കോട്
മണ്ഡലത്തിലെ അടുത്ത ലോക്സഭാ സ്ഥാനാര്‍ഥിയാണെന്നാണ് ഇയാള്‍ പലസ്ഥലത്തും
പറഞ്ഞുനടക്കുന്നത്.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം
വന്നപ്പോള്‍ ഇയാളുടെ വീട്ടില്‍ പോയിരുന്നു. ഇതോടെ, നേതാക്കളുമായി അടുത്ത
ബന്ധമാണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു.
എച്ച്എഎല്‍ ഉദ്ഘാടനത്തിനെത്തിയ എ കെ ആന്റണിക്ക് അഭിവാദ്യമര്‍പ്പിച്ച്
ഇയാളുടെ ഫോട്ടോവച്ചുള്ള ഫ്ളക്സ് ബോര്‍ഡ് വ്യാപകമായി കെട്ടിയിരുന്നു.
ആന്റണിയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കാനാണ് ഫ്ളക്സ് വച്ചതെന്നാണ്
കോണ്‍ഗ്രസുകാര്‍ പറയുന്നത്. ഇതില്‍ കുറേ ഫ്ളക്സ് കോണ്‍ഗ്രസുകാര്‍തന്നെ
നശിപ്പിച്ചു.
എച്ച്എഎല്‍ ഉദ്ഘാടനം കഴിഞ്ഞ് പിറ്റേദിവസം മുതല്‍ ഇവിടെ ജോലി
വാങ്ങിത്തരാമെന്നുപറഞ്ഞ് പലരില്‍നിന്നും പണം വാങ്ങുന്നുണ്ട്.
എന്‍ജിനിയര്‍ക്ക് അഞ്ചു ലക്ഷവും മറ്റുള്ള പോസ്റ്റുകളിലേക്ക് അര ലക്ഷംമുതല്‍
മേലോട്ടുള്ള തുകയുമാണ് അഡ്വാന്‍സ് വാങ്ങുന്നത്. നേതാവിന്റെ
വീട്ടിലെത്തിയാണ് പലരും പണം നല്‍കുന്നത്. പണം കൊടുത്തവര്‍ കാര്യം
നടക്കുമെന്ന വിശ്വാസത്തില്‍ പൊലീസില്‍ പരാതിപ്പെടുന്നില്ല. അതേസമയം, ചില
കോണ്‍ഗ്രസ് നേതാക്കളോട് പണംകൊടുത്ത കാര്യം പറയുന്നുണ്ട്. കഴിഞ്ഞ മാസം
ചെന്നൈയില്‍ കപ്പല്‍ മുങ്ങി മരിച്ച യുവാക്കളുടെ വീട്ടുകാരോട് ഒരു കോടി രൂപ
ഇന്‍ഷുറന്‍സ് തുക വാങ്ങിത്തരാമെന്നുപറഞ്ഞ് ഏഴു ലക്ഷം രൂപ ചോദിച്ചതായും
ആക്ഷേപമുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റ് തട്ടിപ്പ് കേസിലെ പ്രതിയാണ് മണ്ഡലം
നേതാവിന്റെ പ്രധാന സഹായി.
എം ഒ വര്‍ഗീസ്, കടപ്പാട് :ദേശാഭിമാനി
No comments:
Post a Comment