Tuesday, November 27, 2012

ചികിത്സയ്ക്ക് ഫീസ്: പിന്നില്‍ സ്വകാര്യ പ്രാക്ടീസ് ലോബി


സര്‍ക്കാര്‍ ആശുപത്രികളിലെ പെയ്ഡ് ക്ലിനിക് നീക്കത്തിനുപിന്നില്‍ സ്വകാര്യ പ്രാക്ടീസ് നിരോധനത്തെ എതിര്‍ത്ത ലോബി. ഈ ലോബിയുടെ സമ്മര്‍ദത്തിന് വഴങ്ങുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ സര്‍ക്കാര്‍ സ്വകാര്യ പ്രാക്ടീസ് നിരോധിച്ചപ്പോള്‍ത്തന്നെ ഇത്തരമൊരു നിര്‍ദേശവുമായി ചില സംഘടനകള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ രണ്ട് രീതിയില്‍ കാണുന്ന സ്ഥിതിയുണ്ടാകുമെന്നും അത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ജനവിരുദ്ധനിര്‍ദേശം തള്ളി. യുഡിഎഫ് അധികാരത്തിലെത്തിയതോടെ സമ്മര്‍ദം ചെലുത്തി നിര്‍ദേശം അംഗീകരിപ്പിക്കുകയായിരുന്നു. സ്വകാര്യ പ്രാക്ടീസ് നിരോധനത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ ബാഹ്യശക്തികള്‍ക്ക് കീഴടങ്ങാന്‍ തുടങ്ങിയത്. ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനവും വിഭവങ്ങളും ഉപയോഗപ്പെടുത്തി കുറച്ച് ഡോക്ടര്‍മാര്‍ക്ക് ധനസമ്പാദനത്തിനുള്ള അവസരമാണ് ഒരുക്കുന്നത്. ഡോക്ടര്‍മാരുടെ കൈക്കൂലിക്ക് സര്‍ക്കാര്‍മുദ്ര ഉറപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ കെട്ടിടവും ഉപകരണങ്ങളും ജീവനക്കാരുമെല്ലാം പെയ്ഡ് ക്ലിനിക്കില്‍ ഡോക്ടര്‍മാര്‍ക്ക് വിട്ടുകൊടുക്കാനാണ് നീക്കം. ഇതുമൂലം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന പാവപ്പെട്ടവര്‍ക്ക് നല്ല ചികിത്സയും പരിഗണനയും നിഷേധിക്കപ്പെടും. സ്വകാര്യ പ്രാക്ടീസിലെന്നപോലെ ഫീസ് കൊടുത്താല്‍ മാത്രം ഡോക്ടറെ കാണാമെന്ന് വരുന്നതോടെ ദരിദ്രര്‍ തഴയപ്പെടും. സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കിയതും റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തിയതും മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ വലിയ മാറ്റമാണുണ്ടാക്കിയത്. പാവപ്പെട്ടവര്‍ക്ക് മികച്ച നിലവാരത്തിലുള്ള ചികിത്സ ലഭ്യമായിത്തുടങ്ങിയിരുന്നു. ഇതെല്ലാം തകര്‍ക്കപ്പെടാന്‍ പുതിയ നീക്കം കാരണമാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ നിശ്ചിതസമയം മാത്രമേ ഡോക്ടര്‍മാരെ കാണാന്‍ കഴിയൂവെന്നും ഇതിന് പരിഹാരമാണ് പെയ്ഡ് ക്ലിനിക്കെന്നും ചിലര്‍ വാദിക്കുന്നു. എന്നാല്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും തീരുമാനിക്കപ്പെട്ട സമയത്തുമാത്രമേ ഒപി പ്രവര്‍ത്തിക്കാറുള്ളൂ. രോഗികളെ വീട്ടില്‍ കാണുന്നതില്‍നിന്ന് ഡോക്ടര്‍മാരെ വിലക്കിയിട്ടുമുണ്ട്.

ആദ്യഘട്ടം 20 ബ്ലോക്കുകളിലെ മൃഗാശുപത്രിയില്‍ ഫീസ്

സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ ചികിത്സയ്ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം ആദ്യഘട്ടത്തില്‍ 20 ബ്ലോക്ക് പഞ്ചായത്തുകളില്‍ നടപ്പാക്കും. തിരുവനന്തപുരം ജില്ലയില്‍ പെരുങ്കടവിള, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലാണ് നടപ്പാക്കുക. മറ്റ് ജില്ലകളില്‍ ബ്ലോക്ക് നിശ്ചയിച്ചുനല്‍കാന്‍ ജില്ലാ വെറ്ററിനറി ഓഫീസര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. മൃഗാശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാനാണ് തീരുമാനം. വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരെ ഈ ആവശ്യത്തിന് ഉപയോഗിക്കും. എന്നാല്‍, വകുപ്പില്‍ ഇരുനൂറില്‍പരം വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവ് നികത്താന്‍ നീക്കമൊന്നുമില്ല. വടക്കന്‍ ജില്ലകളിലാണ് ഒഴിവുകളില്‍ ഭൂരിപക്ഷവും. തസ്തിക വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി, കരാര്‍ നിയമനം വ്യാപിപ്പിക്കാനാണ് ധനവകുപ്പ് നിര്‍ദേശം. കരാര്‍ നിയമനത്തിലൂടെ ഒഴിവ് നികത്താമെന്നാണ് കണക്കുകൂട്ടല്‍. മൃഗചികിത്സയ്ക്കും ഫീസ് ഏര്‍പ്പെടുത്തുന്നതോടെ ക്ഷീരകര്‍ഷക മേഖലയില്‍ അവശേഷിക്കുന്നവര്‍കൂടി രംഗം വിടും. കഴിഞ്ഞമാസമാണ് മില്‍മയും കേരള കാറ്റില്‍ഫീഡ്സും കാലിത്തീറ്റയുടെ വില കൂട്ടിയത്. 50 കിലോഗ്രാം തീറ്റയ്ക്ക് 200 രൂപ വര്‍ധിപ്പിച്ചു. ഇതോടെ സ്വകാര്യ ഏജന്‍സികളും കുത്തനെ വില കൂട്ടി. മില്‍മ പാല്‍വില അഞ്ചുരൂപ വര്‍ധിപ്പിച്ചപ്പോള്‍ കര്‍ഷകന് ലഭിക്കുന്നത് ഒരു രൂപയില്‍ താഴെ. കഴിഞ്ഞ കന്നുകാലി സെന്‍സസ് കേരളത്തിലെ കാലിസമ്പത്ത് കുറയുന്നതായാണ് വ്യക്തമാക്കിയത്. സംസ്ഥാനത്ത് പാല്‍ ഉല്‍പാദനം ഘട്ടംഘട്ടമായി കുറച്ച് കുത്തകകള്‍ക്ക് അവസരം ഒരുക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. നിലവില്‍ 12 ലക്ഷത്തോളം ലിറ്റര്‍ പാല്‍ സംസ്ഥാനത്തിന് പുറത്തുനിന്നാണ് എത്തിക്കുന്നത്.

deshabhimani 251112

No comments:

Post a Comment