Tuesday, November 20, 2012

ബസ്ചാര്‍ജ് , അരി നിഷേധം: നാടെങ്ങും പ്രതിഷേധം

തിരു: ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതിനും എപിഎല്‍ വിഭാഗത്തിന് രണ്ടുരൂപയുടെ അരി ഇല്ലാതാക്കാനുള്ള നീക്കത്തിനുമെതിരെ പതിനായിരങ്ങളുടെ പ്രതിഷേധം. സിപിഐ എം ആഭിമുഖ്യത്തില്‍ ഏരിയ കേന്ദ്രങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ നടന്ന ബഹുജന ധര്‍ണയില്‍ സര്‍ക്കാരിന്റെ ദ്രോഹനയങ്ങള്‍ക്കെതിരെ പ്രതിഷേധമിരമ്പി. 
 
തിരുവനന്തപുരം ജില്ലയില്‍ 18 കേന്ദ്രത്തില്‍ നടന്ന ധര്‍ണയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കഴക്കൂട്ടം സബ്ട്രഷറി ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനംചെയ്തു. പബ്ലിക് ഓഫീസിനു മുന്നില്‍ നടന്ന സമരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും താലൂക്ക് ഓഫീസിനു മുന്നില്‍ പിരപ്പന്‍കോട് മുരളിയും സിറ്റി റേഷനിങ് ഓഫീസിനു മുന്നില്‍ എം വിജയകുമാറും പേയാട് വില്ലേജ് ഓഫീസ് ധര്‍ണ ആനാവൂര്‍ നാഗപ്പനും ആറ്റിങ്ങലില്‍ ചിറയിന്‍കീഴ് താലൂക്ക് ഓഫീസ് ധര്‍ണ കോലിയക്കോട് കൃഷ്ണന്‍നായരും ഉദ്ഘാടനംചെയ്തു. എറണാകുളം ജില്ലയിലെ ഏരിയാ കേന്ദ്രങ്ങളില്‍ നടന്ന ധര്‍ണകള്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. എറണാകുളത്ത് സി എം ദിനേശ്മണിയും കളമശ്ശേരിയില്‍ പി രാജീവ് എംപിയും കൂത്താട്ടുകുളത്ത് സി എന്‍ മോഹനും പറവൂരില്‍ എസ് ശര്‍മയും ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ആര്‍ഡിഒ ഓഫീസ് ധര്‍ണ ജി സുധാകരന്‍ എംഎല്‍എയും പുത്തനമ്പലം സബ് രജിസ്ട്രാര്‍ ഓഫീസ് ധര്‍ണ സി ബി ചന്ദ്രബാബുവും കായംകുളം സബ്രജിസ്ട്രാര്‍ ഓഫീസ് മാര്‍ച്ച് സി കെ സദാശിവന്‍ എംഎല്‍എയും ഉദ്ഘാടനംചെയ്തു.

No comments:

Post a Comment