Friday, November 30, 2012

ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തി നല്‍കുന്നത് നിയമവിരുദ്ധം


ആധാര്‍ കാര്‍ഡ് ബില്‍ പാസാക്കുന്നതിനു മുമ്പ് ആധാറുമായി ബന്ധപ്പെടുത്തി സബ്സിഡി പണമായി നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത് നിയമവിരുദ്ധം. നിലവില്‍ നല്‍കിവരുന്ന ആധാര്‍ കാര്‍ഡിനുപോലും നിയമസാധുതയില്ലെന്നിരിക്കെ അതിന്റെ അടിസ്ഥാനത്തില്‍ സബ്സിഡി പണമായി നല്‍കുന്ന പദ്ധതി നടപ്പാക്കുന്നതിന്റെ അടിസ്ഥാനം എന്തെന്ന ചോദ്യം ഉയരുകയാണ്.

കഴിഞ്ഞ വര്‍ഷമാണ് നന്ദന്‍നിലക്കേനിയയുടെ നേതൃത്വത്തിലുള്ള ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി തയ്യാറാക്കിയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. എന്നാല്‍, ഈ ബില്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയ ധനമന്ത്രാലയസ്റ്റാന്‍ഡിങ് കമ്മിറ്റി ബില്‍ അപ്പാടെ തള്ളിക്കളയുകയും പുതിയ ബില്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരിക്കുകയുമാണ്. പുതിയ ബില്‍ ഇനിയും അവതരിപ്പിച്ചിട്ടില്ല. അതായത് ആധാര്‍കാര്‍ഡ് സംവിധാനത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല. ഈ കാര്‍ഡിനെ അടിസ്ഥാനമാക്കിയാണ് സബ്സിഡി പണമായി നല്‍കുന്ന സംവിധാനം നിലവില്‍ വരുന്നത്. അതുകൊണ്ടുതന്നെ ഈ പദ്ധതിക്ക് നിയമസാധുതയുണ്ടാകില്ലെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നതിനാല്‍ ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാനും കഴിയില്ല. അതിനാല്‍ ജനുവരിയില്‍ പദ്ധതി നടപ്പാക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം പ്രചാരണം മാത്രമാണ്. നിയമത്തിന്റെ പിന്‍ബലമില്ലാതെ പദ്ധതി നടപ്പാക്കുന്നത് ജനാധിപത്യ വിരുദ്ധവുമാണ്. സര്‍ക്കാര്‍ പദ്ധതി പാര്‍ടി ഓഫീസില്‍ പ്രഖ്യാപിച്ച രീതിയും തെറ്റാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. സബ്സിഡി കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് സബ്സിഡി പണമായി ബാങ്ക് വഴി നല്‍കാനുള്ള തീരുമാനം. മാത്രമല്ല നിലവിലുള്ള റേഷന്‍ സംവധിധാനം ക്രമേണ ഇല്ലാതാവുകയും ചെയ്യും. ഭഭക്ഷ്യവസ്തുക്കളുടെ സംഭരണവും താങ്ങുവില നല്‍കുന്ന സമ്പ്രദായവും അപ്രത്യക്ഷമാകും.

deshabhimani

No comments:

Post a Comment