Thursday, November 29, 2012

പാര്‍ടി ഫണ്ട് വിജയിപ്പിക്കുക: സിപിഐ എം


സിപിഐ എം ഫണ്ട് ശേഖരണം ഡിസംബറില്‍

സിപിഐ എമ്മിന്റെ വിവിധ ഘടകങ്ങളുടെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ പാര്‍ടി സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. ഡിസംബറിലാണ് ഫണ്ട് ശേഖരണം. ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് പാര്‍ടി ഘടകങ്ങളോടും സഖാക്കളോടും ബഹുജനങ്ങളോടും അഭ്യര്‍ഥിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടിയും ആഗോളവല്‍ക്കരണ നയസമീപനങ്ങള്‍ എതിര്‍ത്തും ബദല്‍നയങ്ങള്‍ മുന്നോട്ടുവച്ചും ജനങ്ങളെ അണിനിരത്തി പാര്‍ടി പോരാടുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുക എന്നത് രാജ്യതാല്‍പ്പര്യത്തിന് അനിവാര്യമാണ്. സിപിഐ എമ്മിന്റെ വിവിധ നിലവാരങ്ങളിലുള്ള ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും വര്‍ഗ-ബഹുജനപ്രസ്ഥാനങ്ങള്‍ കരുത്തുറ്റതാക്കുന്നതിനുമാണ് ഫണ്ട് ശേഖരിക്കുന്നത്.

പാര്‍ടി ഫണ്ട് വിജയിപ്പിക്കുക: സിപിഐ എം

സിപിഐ എമ്മിന്റെ വിവിധ ഘടകങ്ങളുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. 2012 ഡിസംബറിലാണ് ഫണ്ട് ശേഖരണം. ഫണ്ട് സ്വരൂപിക്കാനുള്ള പ്രവര്‍ത്തനം നടത്താന്‍ സംസ്ഥാന സെക്രട്ടറിയറ്റ് മുഴുവന്‍ പാര്‍ടി ഘടകങ്ങളോടും സഖാക്കളോടും അഭ്യര്‍ഥിച്ചു.

സോവിയറ്റ് യൂണിയനുണ്ടായ തിരിച്ചടിയെത്തുടര്‍ന്ന് സോഷ്യലിസം കാലഹരണപ്പെട്ടുപോയി എന്ന് പ്രചരിപ്പിച്ചവര്‍ക്ക് കടുത്ത ആഘാതം നല്‍കിയാണ് ആഗോള മുതലാളിത്ത പ്രതിസന്ധി രൂപപ്പെട്ടതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ഇതില്‍നിന്ന് പുറത്തുകടക്കാനാവാതെ അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ സമ്പദ്ഘടന ഗുരുതര സാഹചര്യം നേരിടുകയാണ്. ഇതിനെതിരായി വലിയ തോതിലുള്ള പ്രക്ഷോഭങ്ങള്‍ ഈ രാജ്യങ്ങളില്‍ നടക്കുന്നു. ഇത്തരം അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കാതെ എല്ലാ മേഖലകളില്‍നിന്നും പിന്മാറി ധനമൂലധനത്തിന് കടന്നുവരുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ്കേന്ദ്രസര്‍ക്കാരിന്റേത്. കമ്പോളങ്ങളിലുള്ള സര്‍ക്കാരിന്റെ നിയന്ത്രണം ഓരോ മേഖലയില്‍നിന്നും പിന്‍വലിച്ചുകൊണ്ടിരിക്കുന്നു. പെട്രോളിയം, രാസവളം തുടങ്ങിയ മേഖലകളിലെ ഈ സമീപനം ഗുരുതര പ്രത്യാഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. സബ്സിഡി പാചകവാതക സിലിണ്ടറിന്റെ എണ്ണം പരിമിതപ്പെടുത്തിയത് അടുക്കളയില്‍ തീ പുകയുന്നതിനുപോലും വിഘാതമായി. എല്ലാ സബ്സിഡികളും ബാങ്കു വഴി നല്‍കുമെന്ന പ്രഖ്യാപനം ഫലത്തില്‍ സബ്സിഡികള്‍ ഇല്ലാതാക്കുന്നതിലേക്ക് നയിക്കും. ചില്ലറ വ്യാപാരമേഖലയില്‍ ബഹുരാഷ്ട്രകുത്തകകള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കുകയാണ് കേന്ദ്രം. വിശ്വവിഖ്യാതമായ ചേരിചേരാനയം പോലും സര്‍ക്കാര്‍ ഉപേക്ഷിച്ചു.

ജനദ്രോഹ നയങ്ങളുടെ അടിസ്ഥാനമായ ആഗോളവല്‍ക്കരണ നയങ്ങളോട് ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ നിലപാടാണ്. ഇതിനെതിരെ ജനപക്ഷത്ത് നിന്നുകൊണ്ട് പോരടിക്കുന്നത് പാര്‍ടി നേതൃത്വം നല്‍കുന്ന ഇടതുപക്ഷംമാത്രമാണ്. അതുകൊണ്ടുതന്നെ, പാര്‍ടിയെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ സാമ്രാജ്യത്വശക്തികളുടെ സഹായത്തോടെ നടന്നുകൊണ്ടിരിക്കുകയാണ്. വലതുപക്ഷ ശക്തികളും ബഹുഭൂരിപക്ഷം മാധ്യമങ്ങളും ഇത്തരം പ്രചാരവേലകള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇവ തുറന്നുകാട്ടി മുന്നോട്ടുപോകുന്നതിന് പാര്‍ടിക്ക് കരുത്ത് പകരുക എന്നത് രാജ്യതാല്‍പ്പര്യത്തിന് അനിവാര്യമാണ്. കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ തീവ്രമായി നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരള വികസനത്തിന്റെ അടിസ്ഥാനമായ ഭൂപരിഷ്കരണംപോലും അട്ടിമറിക്കപ്പെടുകയാണ്. കേരളത്തിന്റെ അഭിമാനമായ സാമൂഹ്യസുരക്ഷാപദ്ധതികള്‍ ഒന്നിനു പുറകെ ഒന്നായി തകര്‍ക്കുന്നു. നിത്യോപയോഗസാധനവില അനുദിനം കുതിച്ചുകയറുകയാണ്. ഇടപെടേണ്ട സര്‍ക്കാര്‍ നോക്കുകുത്തിയായി മാറി. റേഷന്‍ സംവിധാനം തകര്‍ക്കാന്‍ ബോധപൂര്‍വമായ പദ്ധതി നടപ്പാക്കുന്നു. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കി കേരളത്തില്‍ നിലനില്‍ക്കുന്ന സേവന-വേതന വ്യവസ്ഥകള്‍ ഇല്ലാതാക്കുന്നു. കേരളത്തിന്റെ മഹത്തായ മതനിരപേക്ഷ സംസ്കാരത്തെപ്പോലും ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളാണ് യുഡിഎഫ് സര്‍ക്കാരില്‍നിന്ന് ഉണ്ടാകുന്നത്. പെണ്‍വാണിഭ-ഗുണ്ടാ സംഘങ്ങള്‍ നാട് അടക്കിഭരിക്കുന്ന നിലയാണിപ്പോള്‍.

ജനദ്രോഹ നയങ്ങളെ തുറന്നുകാട്ടിയും ആഗോളവല്‍ക്കരണ നയസമീപനങ്ങളെ എതിര്‍ത്തും ബദല്‍ നയങ്ങള്‍ മുന്നോട്ടുവച്ചും ജനങ്ങളെ അണിനിരത്തി പാര്‍ടി പോരാടുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുക രാജ്യതാല്‍പ്പര്യത്തിന് അനിവാര്യമാണ്. ഇതിന്റെ ഭാഗമായി സിപിഐ എമ്മിന്റെ വിവിധ നിലവാരങ്ങളിലുള്ള ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും വര്‍ഗ-ബഹുജനപ്രസ്ഥാനങ്ങള്‍ കരുത്തുറ്റതാക്കുന്നതിനുമാണ് ഫണ്ട് ശേഖരണം. അതിനായി പാര്‍ടി പ്രവര്‍ത്തകര്‍ സമീപിക്കുമ്പോള്‍ ഉദാര സംഭാവന നല്‍കി വിജയിപ്പിക്കണമെന്ന് മുഴുവന്‍ ബഹുജനങ്ങളോടും സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

deshabhimani 291112

1 comment:

  1. ളോടും സഖാക്കളോടും ബഹുജനങ്ങളോടും അഭ്യര്‍ഥിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടിയും ആഗോളവല്‍ക്കരണ നയസമീപനങ്ങള്‍ എതിര്‍ത്തും ബദല്‍നയങ്ങള്‍ മുന്നോട്ടുവച്ചും ജനങ്ങളെ അണിനിരത്തി പാര്‍ടി പോരാടുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുക എന്നത് രാജ്യതാല്‍പ്പര്യത്തിന് അനിവാര്യമാണ്. സിപിഐ എമ്മിന്റെ വിവിധ നിലവാരങ്ങളിലുള്ള ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും വര്‍ഗ-ബഹുജനപ്രസ്ഥാനങ്ങള്‍ കരുത്തുറ്റതാക്കുന്നതിനുമാണ് ഫണ്ട് ശേഖരിക്കുന്നത്.

    ReplyDelete