Tuesday, November 20, 2012

കിസാന്‍സഭ ശക്തമായ പ്രക്ഷോഭത്തിന്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ- ജനവിരുദ്ധ നടപടികള്‍ക്കെതിരെ ജനുവരിമുതല്‍ തുടര്‍ച്ചയായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഭുവനേശ്വറില്‍ ചേര്‍ന്ന അഖിലേന്ത്യാ കിസാന്‍സഭ കേന്ദ്ര കിസാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഓരോ സംസ്ഥാനത്തുമുള്ള പ്രത്യേക കാര്‍ഷികപ്രശ്നങ്ങളും ഏറ്റെടുത്ത് പ്രക്ഷോഭങ്ങള്‍ നടത്തും. ഫെബ്രുവരി 20നും 21നും ട്രേഡ് യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത അഖിലേന്ത്യാ പൊതുപണിമുടക്കില്‍ കര്‍ഷകരും പങ്കെടുക്കാന്‍ കൗണ്‍സില്‍ ആഹ്വാനംചെയ്തു. നവംബര്‍ 26നും 27നും സര്‍ക്കാര്‍ പദ്ധതിനടത്തിപ്പ് ജീവനക്കാരായ അങ്കണവാടി ജീവനക്കാര്‍, ആശ ജീവനക്കാര്‍, മറ്റു ക്ഷേമപദ്ധതി ജീവനക്കാര്‍ എന്നിവര്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന മഹാപടാവ് (വിശാല ധര്‍ണ) വിജയിപ്പിക്കാനും തീരുമാനിച്ചു. 
 
കര്‍ഷകരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായെന്ന് കിസാന്‍ കൗണ്‍സില്‍ വിലയിരുത്തി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നവ ഉദാരനയങ്ങള്‍ കൃഷിക്കാവശ്യമായ എല്ലാ വസ്തുക്കളുടെയും സേവനങ്ങളുടെയും ചെലവുയര്‍ത്തി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിഞ്ഞു. കരട് ജലനയം നടപ്പാക്കിയാല്‍ ജലസേചനത്തിനുള്ള ചെലവുയരും. കരിമ്പുവിലനിയന്ത്രണം ഉപേക്ഷിക്കാനുള്ള നീക്കം കോര്‍പറേറ്റുകളെ സഹായിക്കാനാണ്. കരിമ്പുകര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ള കുടിശ്ശിക 10,500 കോടി രൂപയാണ്. ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കര്‍ഷകരെയും ഉപയോക്താക്കളെയും ദ്രോഹിക്കാനാണ്. ഭക്ഷ്യസുരക്ഷയ്ക്ക് ഇത് ഭീഷണിയാകും. 
 
പത്തുവര്‍ഷമായി അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭംമൂലം കാര്‍ഷികവിളകള്‍ വന്‍തോതില്‍ നശിക്കുകയാണ്. നീലം കൊടുങ്കാറ്റ് 15 ലക്ഷത്തിലധികം ഏക്കറിലെ കൃഷി നശിപ്പിച്ചു. വന്‍ നാശം നേരിട്ട കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ പദ്ധതികളില്ല. നീലം ചുഴലിക്കാറ്റിനെ ദേശീയ പ്രകൃതിദുരന്തമായി കണ്ട് സഹായപദ്ധതികള്‍ ആവിഷ്കരിക്കണം. മൂന്നുമാസത്തേക്ക് സൗജന്യറേഷന്‍ കര്‍ഷകര്‍ക്ക് നല്‍കണം. ദേശീയ തൊഴിലുറപ്പുപദ്ധതി ചെറുകിട, നാമമാത്ര കര്‍ഷകരുടെ കൃഷിയിടങ്ങളിലേക്കും വ്യാപിപ്പിക്കണം. 200 ദിവസമെങ്കിലും കുറഞ്ഞത് തൊഴില്‍ നല്‍കാനും പ്രതിദിനം 250 രൂപ കൂലി നല്‍കാനും തയ്യാറാകണം. 
 
ഭൂപരിഷ്കരണനടപടികളെ പിന്നോട്ട് നീക്കുകയാണ് നവ ഉദാരവല്‍ക്കരണനയങ്ങള്‍. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഭൂരഹിതര്‍ 22 ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ 41 ശതമാനമായി. കോര്‍പറേറ്റുകള്‍ക്ക് വന്‍തോതില്‍ ഭൂമികൈമാറ്റം ചെയ്യപ്പെടുന്നതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി പാസാക്കണം. കര്‍ഷകരുടെ അനുമതിയോടെയും മതിയായ നഷ്ടപരിഹാരം നല്‍കിയും പുനരധിവാസം ഉറപ്പാക്കിയും മാത്രമേ ഭൂമി ഏറ്റെടുക്കാന്‍ പാടുള്ളൂ. ഭൂപരിഷ്കരണം മുന്നോട്ടുകൊണ്ടുപോകണം. എല്ലാ ഭവനരഹിതര്‍ക്കും വീടുവയ്ക്കാന്‍ ഭൂമി നല്‍കണം. കിസാന്‍സഭ അഖിലേന്ത്യാ സമ്മേളനം 2013 ജൂലൈ- ആഗസ്തില്‍ തമിഴ്നാട്ടിലെ കടലൂരില്‍ നടത്താന്‍ തീരുമാനിച്ചു. കിസാന്‍ കൗണ്‍സിലില്‍ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ വരദരാജന്‍ സംഘടന, സമര പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. 75 അംഗങ്ങള്‍ പങ്കെടുത്തു. 5000 കര്‍ഷകര്‍ പങ്കെടുത്ത റാലിയോടെയാണ് കൗണ്‍സില്‍ യോഗം തുടങ്ങിയത്.
 
വി ജയിന്‍

No comments:

Post a Comment