Thursday, November 22, 2012

ചേര്‍ത്തല സ്റ്റീല്‍ ഫാബ്രിക്കേഷന്‍ യൂണിറ്റ് വില്‍ക്കാന്‍ നീക്കം


പൊതുമേഖലാ വ്യവസായ സ്ഥാപനമായ ചേര്‍ത്തലയിലെ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ യൂണിറ്റ് വില്‍ക്കാന്‍ അണിയറയില്‍ നീക്കം. സ്റ്റീല്‍ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡില്‍ (സില്‍ക്ക്) നിന്ന് വേര്‍പെടുത്തിയിട്ടുള്ള സര്‍ക്കാര്‍ ഉത്തരവ് യുഡിഎഫ് സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ച് ഫാബ്രിക്കേഷന്‍ യൂണിറ്റിനെ അനാഥമാക്കിയാണ് സ്വകാര്യവല്‍ക്കരണത്തിന് സര്‍ക്കാര്‍ കളമൊരുക്കിയത്. സില്‍ക്കിന്റെ പ്രഥമ യൂണിറ്റാണ് ഇത്. ഇന്ത്യന്‍ റെയില്‍വെയുമായി ചേര്‍ന്ന് ബോഗി നിര്‍മാണയൂണിറ്റ് സ്ഥാപിക്കാന്‍ കമ്പനി രൂപീകരിക്കുന്നതിനായി 2009ല്‍ സില്‍ക്കില്‍ നിന്ന് വേര്‍പെടുത്തിയിരുന്നു. എന്നാല്‍ നിര്‍ദിഷ്ട സംരംഭം അനാഥാവസ്ഥയിലായപ്പോള്‍ 2011 മാര്‍ച്ച് ഒന്നിന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം യൂണിറ്റ് സില്‍ക്കിനോട് വീണ്ടും ചേര്‍ത്തു. (ജി.ഒ. (എംഎസ്) നം. 83/11/ഐഡി). പക്ഷെ, 2012 മാര്‍ച്ച് മൂന്നിലെ 31.12. ഐഡി നമ്പര്‍ ഉത്തരവ് പ്രകാരം 2011ലെ ഉത്തരവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അനന്തര ഉത്തരവു വരെയാണ് ഈ നടപടിയെന്ന് വ്യക്തമാക്കിയെങ്കിലും ഇതേവരെ മറ്റൊന്നും ഉണ്ടായില്ല. തന്മൂലം ആലപ്പുഴ ജില്ലയിലെ പ്രമുഖ ആധുനിക വ്യവസായ സ്ഥാപനം ത്രിശങ്കുവിലായി. പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ എന്നറിയാത്ത സ്ഥിതി.

തൃശൂര്‍ കേന്ദ്രമായ സില്‍ക്ക് കോര്‍പറേറ്റ് മാനേജ്മെന്റിന്റെ ബാലന്‍സ് ഷീറ്റില്‍ ഫാബ്രിക്കേഷന്‍ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിങ്, എജി ഓഡിറ്റിങ് പരിശോധനകള്‍ക്ക് ആരും ഇവിടെ എത്താറില്ല. സില്‍ക്ക് മാനേജ്മെന്റ് ചേര്‍ത്തല എസ്എഫ്യുവിനെ ഉപേക്ഷിച്ച മട്ടിലാണ്. ഇതോടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. സര്‍ക്കാര്‍ ആനുകൂല്യമോ പ്രവര്‍ത്തനമൂലധനമോ ലഭിക്കാതെ തകര്‍ച്ചയുടെ വക്കിലും ജീവനക്കാരുടെ പിഎഫ് ആനുകൂല്യം പോലും അടക്കാനാവാത്ത സ്ഥിതി. ആരംഭകാലം മുതല്‍ 32 വര്‍ഷം ജോലി നോക്കിയവര്‍ വെറും കൈയോടെ വിരമിക്കേണ്ട ദുര്‍ഗതിയിലുമാണ്. 2005ല്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലായ സ്ഥാപനം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇഛാശക്തിയിലും തുണയിലുമാണ് കരകയറിയത്. സില്‍ക്ക് മാനേജ്മെന്റിലെ ചിലരുടെ കൂടി ഒത്താശയിലാണ് എസ്എഫ്യുവിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന് ജീവനക്കാര്‍ പറയുന്നു. അടച്ചുപൂട്ടി വില്‍പനയ്ക്ക് വയ്ക്കാനാണ് ആസൂത്രിത നീക്കം. ഇതിനെതിരെ ജീവനക്കാര്‍ മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും നിവേദനം നല്‍കി.

deshabhimani

No comments:

Post a Comment