Friday, November 30, 2012
കേന്ദ്ര ഒത്താശ: പാമൊലിന്‍ ഇറക്കുമതി റെക്കോഡില്‍
വെളിച്ചെണ്ണയുടെയും നാളികേരത്തിന്റെയും വിലത്തകര്‍ച്ചയില്‍ നാളികേര കര്‍ഷകരുടെ ദുരിതം തുടരുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയില്‍ പാമൊലിന്‍ ഇറക്കുമതി സര്‍വകാല റെക്കോഡില്‍. ശുദ്ധീകരിച്ച പാമൊലിന്‍ 2011-12ല്‍ മുന്‍വര്‍ഷത്തെക്കാള്‍ അഞ്ചുലക്ഷത്തോളം ടണ്ണാണ് കൂടുതലായി ഇറക്കുമതിചെയ്തത്. ക്രൂഡ് പാമൊലിനാകട്ടെ ആറുലക്ഷത്തിലേറെ ടണ്ണും. കേന്ദ്രസര്‍ക്കാര്‍ കിലോഗ്രാം പാമൊലിന്‍ 15 രൂപവീതം സബ്സിഡി നല്കാന് തുടങ്ങിയശേഷമാണ് പാമൊലിന്റെ കുത്തൊഴുക്ക് കൂടിയത്. ഇതിന് ആനുപാതികമായി വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില നാള്‍ക്കുനാള്‍ ഇടിയുകയായിരുന്നു.
2011 നവംബര്‍മുതല്‍ ഒരുവര്‍ഷം 15,77,356 ടണ്‍ ശുദ്ധീകരിച്ച പാമൊലിനാണ് രാജ്യത്ത് ഇറക്കുമതിചെയ്തത്. മുന്‍വര്‍ഷം ഇതേ കാലയളവിലെ ഇറക്കുമതി 10,81,686 ടണ്ണായിരുന്നു. 4,85,670 ടണ്ണിന്റെ വര്‍ധന. ശുദ്ധീകരിച്ച പാമൊലിനെക്കാള് നാലിരട്ടിയോളമാണ് ക്രൂഡ് പാമൊലിന്റെ ഇറക്കുമതി. 59,93,665 ടണ്‍ ക്രൂഡ് പാമൊലിനാണ് 2011-12ല്‍ ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്തത്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ 53,74,333 ടണ്ണായിരുന്നു ഇറക്കുമതി. 6,19,332 ടണ്ണിന്റെ വര്‍ധനയാണ് ഉണ്ടായത്. രാജ്യത്ത് ഒട്ടാകെ ഉല്‍പ്പാദിപ്പിക്കുന്ന വെളിച്ചെണ്ണ നാലരലക്ഷം ടണ്‍ മാത്രമാണ്. ഇതിനുപോലും മതിയായ വില ലഭിക്കാത്ത സാഹചര്യത്തിലാണ് സബ്സിഡി നല്‍കിയുള്ള പാമൊലിന്‍ ഇറക്കുമതി വര്‍ഷങ്ങളായി തുടരുന്നത്. അഭ്യന്തര ഭക്ഷ്യഎണ്ണകളുടെ വിലക്കയറ്റം തടയുക ലക്ഷ്യമിട്ട് 2008 ജൂണ്‍മുതലാണ് പാമൊലിന്‍ ഉള്‍പ്പെടെയുള്ള ഇറക്കുമതി ഭക്ഷ്യഎണ്ണയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കിലോഗ്രാമിന് 15 രൂപ സബ്സിഡി ഏര്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് 2008 മേയില്‍ കേവലം 19,386 ടണ്‍ ശുദ്ധീകരിച്ച പാമൊലിനാണ് ഇറക്കുമതി ചെയ്തതെങ്കില്‍ ജൂണില്‍ അത് 92,846 ടണ്ണായി. ശുദ്ധീകരിക്കാത്ത പാമൊലിനാകട്ടെ മേയിലെ 2,65,945ല്‍നിന്ന് ജൂണില്‍ 3,34,816 ടണ്ണായും ഉയര്‍ന്നു. 2006-07ല്‍ ഇറക്കുമതിചെയ്ത 1,15,142 ടണ്‍ ശുദ്ധീകരിച്ച പാമൊലിന്റെ സ്ഥാനത്ത് സബ്സിഡി നല്‍കിയതോടെ അടുത്തവര്‍ഷം 7,30,794 ടണ്ണായി വര്‍ധിച്ചു. 2008-09ല്‍ ഇത് 12,40,018 ടണ്ണായി. 2009-10ല്‍ ഇറക്കുമതിചെയ്തത് 12,13,409 ടണ്‍ ശുദ്ധീകരിച്ച പാമൊലിനാണ്.
ക്രൂഡ് പാമൊലിന്‍ സബ്സിഡി ഇല്ലാതിരുന്ന 2006-07 വര്‍ഷംവരെ ഏതാണ്ട് 30 ലക്ഷത്തില്‍ താഴെ ടണ്‍ മാത്രമായിരുന്നു ഇറക്കുമതി ചെയ്തിരുന്നതെങ്കില്‍ അടുത്തവര്‍ഷം ഇത് 40 ലക്ഷം ടണ്ണിനു മുകളില്‍ എത്തി. തുടര്‍ന്ന് 50 ലക്ഷം ടണ്ണിനും മുകളിലായി. ഇപ്പോഴിത് 60 ലക്ഷം ടണ്ണിനടുത്തുമെത്തി. കഴിഞ്ഞവര്‍ഷം കിലോഗ്രാമിന് 114 രൂപവരെ ലഭിച്ച വെളിച്ചെണ്ണയുടെ നിലവിലത്തെ വില 60 രൂപ മാത്രമാണ്. കൊപ്രയ്ക്ക് സര്‍ക്കാര്‍ താങ്ങുവിലയായി 51 രൂപ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൊതുവിപണിയിലെ വില 41.5 രൂപ മാത്രമാണ്. താങ്ങുവില പ്രഖ്യാപനത്തിന്റെ പൊള്ളത്തരവും സംഭരണ പാളിച്ചയും ഇതില്‍നിന്നു വ്യക്തമാണ്. ഇതേത്തുടര്‍ന്ന് കേരളത്തില്‍ മാത്രം 35 ലക്ഷത്തോളം കേരകര്‍ഷകരാണ് ദുരിതം അനുഭവിക്കുന്നത്. വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും പുറമെ തേങ്ങയ്ക്കും വില കിട്ടാത്ത സ്ഥിതിയാണ്.
(ഷഫീഖ് അമരാവതി)
deshabhimani 301112
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment