മുംബൈ: മറാത്ത രാഷ്ട്രീയത്തിലെ അതികായനും സങ്കുചിത-തീവ്രഹിന്ദു
നിലപാടുകളിലൂടെ കുപ്രസിദ്ധനുമായ ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ (86)
അന്തരിച്ചു. ബാന്ദ്രയിലെ വസതിയായ മാതോശ്രീയില്‍ ശനിയാഴ്ച പകല്‍
3.30നായിരുന്നു നാലുദശകത്തോളം ഉരുക്കുമുഷ്ടികൊണ്ട് മറാത്ത രാഷ്ട്രീയം
നിയന്ത്രിച്ച താക്കറെയുടെ അന്ത്യം. കടുത്ത ശ്വാസതടസ്സംമൂലം
നാലുമാസത്തിലേറെയായി ചികിത്സയിലായിരുന്നു.
മരണവിവരം അറിഞ്ഞ ശിവസേന അണികള്‍ ബാന്ദ്രയിലേക്ക് പ്രവഹിച്ചതോടെ മുംബൈയില്‍
സുരക്ഷ ശക്തമാക്കി. സിനിമാ ആസ്ഥാനമായ ബോളിവുഡ് സ്തംഭിച്ചു. ഞായറാഴ്ച രാവിലെ
പത്തോടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ആരംഭിക്കും. സംസ്കാരം വൈകിട്ട്
നാലിന് ശിവാജി പാര്‍ക്ക് ശ്മശാനത്തില്‍.
മുംബൈയുടെ സാമ്പത്തികമുന്നേറ്റത്തിന്റെ ഇരുണ്ട മറുവശമായിരുന്നു താക്കറെ
പ്രതിനിധാനംചെയ്തത്. ശക്തമായ കമ്യൂണിസ്റ്റ്- മുസ്ലിം വിരോധവും ദക്ഷിണ-
ഉത്തരേന്ത്യന്‍ പൗരന്മാരോടുള്ള വിദ്വേഷവുമായിരുന്നു മുഖമുദ്ര.
മഹാരാഷ്ട്രയില്‍ ഒരുകാലത്ത് ശക്തമായിരുന്ന ട്രേഡ് യൂണിയനുകളെ
ദുര്‍ബലമാക്കാനും വിദ്വേഷപ്രചാരണത്തിനായി.
സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തിന്റെ നേതാവായ കേശവ് സീതാറാം താക്കറെയുടെ
മകനായി മഹാരാഷ്ട്രയിലെ പ്രഭുകുടുംബത്തില്‍ 1926 ജനുവരി 23നായിരുന്നു ജനം.
ആറുവര്‍ഷം ഫ്രീ പ്രസ് ജേര്‍ണലില്‍ കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ച
താക്കറെ 1960ല്‍ തുടങ്ങിയ "മാര്‍മിക്" എന്ന പ്രസിദ്ധീകരണമാണ്
രാഷ്ടീയപ്രവേശനത്തിന് വഴിവച്ചത്. മഹാരാഷ്ട്രയില്‍ കുടിയേറിയ
ദക്ഷിണേന്ത്യക്കാരെയും ഗുജറാത്തികളെയും മാര്‍വാഡികളെയും മറാത്തികളുടെ
തൊഴില്‍ തട്ടിയെടുക്കുന്ന ശത്രുക്കളായി പ്രഖ്യാപിച്ച് 1966ല്‍ ശിവസേനയ്ക്ക്
രൂപംനല്‍കി.
മറാത്തികളുടെ സ്വപ്രഖ്യാപിത രക്ഷാകര്‍ത്താവ് ചമഞ്ഞ താക്കറെയുടെ
മണ്ണിന്റെമക്കള്‍വാദത്തിന്റെ മറവിലാണ് മഹാരാഷ്ട്രയില്‍ തീവ്രഹിന്ദുത്വ
വികാരം ശക്തിപ്രാപിച്ചത്.
1984ല്‍ ബിജെപിയുമായി കൈകോര്‍ത്തു. മറ്റ്
സംഘപരിവാര്‍ നേതാക്കളില്‍നിന്ന് വ്യത്യസ്തമായി പൊതുവേദികളില്‍ പൈപ്പ്
പുകച്ച് സണ്‍ഗ്ലാസ് ധരിച്ച് ചിലപ്പോള്‍ കൈയില്‍ ബിയര്‍ കുപ്പിയുമായി
പ്രത്യക്ഷപ്പെട്ടു. ബാബരി മസ്ജിദ് പൊളിച്ചപ്പോള്‍, ശിവസേനയുടെ മുഖപത്രമായ
സാമ്നയിലൂടെ താക്കറെ വര്‍ഗീയവിഷം ചീറ്റി. 1993ലെ മുംബൈ കലാപത്തിന്
വഴിമരുന്നിട്ടതില്‍ ഹിറ്റ്ലറുടെ ആരാധകനായ താക്കറെയ്ക്കും പങ്കുണ്ടെന്നും
ശ്രീകൃഷ്ണ കമീഷന്‍ കണ്ടെത്തി.
1995ല്‍ ശിവസേന- ബിജെപി സഖ്യം അധികാരത്തിലെത്തിയതോടെ താക്കറെ
അധികാരകേന്ദ്രമായി. 1999 തെരഞ്ഞെടുപ്പോടെ ശിവസേനയുടെ ശക്തി ക്ഷയിച്ചു.
തെരഞ്ഞെടുപ്പുക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്ന്
വോട്ടുചെയ്യുന്നതില്‍നിന്നും മത്സരിക്കുന്നതില്‍നിന്നും തെരഞ്ഞെടുപ്പ്
കമീഷന്‍ ആറുവര്‍ഷത്തേക്ക് താക്കറെയെ വിലക്കി.
മകന്‍ ഉദ്ധവിനെ പാര്‍ടിയുടെ പിന്‍ഗാമിയായി താക്കറെ വാഴിച്ചതോടെ അനന്തരവന്‍
രാജ് പുതിയ മഹാരാഷ്ട്ര നവനിര്‍മാണ്‍സേന രൂപീകരിച്ചു. ശിവസേനയുടെ 2009ലെ
തെരഞ്ഞെടുപ്പു തോല്‍വിയോടെ താക്കറെയുടെ ആരോഗ്യസ്ഥിതിയും വഷളായി. ഭാര്യ:
മിന. ജയ്ദേവ് എന്നൊരു മകന്‍കൂടിയുണ്ട്.
മകനല്ല; പിന്‍ഗാമി ഇനി അനന്തരവന്‍
മറാത്ത പുലിയെന്ന് അനുയായികള്‍ വാഴ്ത്തുന്ന ബാലസാഹേബ് താക്കറെ
അരങ്ങൊഴിയുമ്പോള്‍ ത്രിശങ്കുവിലാകുന്നത് ശിവസേനയുടെ ഭാവി. ഉഗ്രപ്രതാപിയായ
ബാല്‍ താക്കറെയുടെ ചൂണ്ടുവിരലിനുമുന്നില്‍ അനുസരണയോടെ നിന്ന ശിവസൈനികരും
നേതാക്കളും മകന്‍ ഉദ്ധവ് താക്കറെയോട് ഇത് കാണിക്കുമോയെന്ന് കണ്ടുതന്നെ
അറിയണം. വാക്കിലും നോക്കിലും പ്രവൃത്തിയിലും താക്കറെയുടെ തനിപ്പകര്‍പ്പായ
അനന്തരവന്‍ രാജ് താക്കറെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുമായി (എംഎന്‍എസ്)
കളം നിറഞ്ഞുനില്‍ക്കുമ്പോള്‍ ശിവസൈനികര്‍ കൂറുമാറുമെന്ന് ഉറപ്പ്.
ജീവിച്ചിരിക്കെ ബാല്‍താക്കറെയെ അലട്ടിയ ധര്‍മസങ്കടവും ഇതായിരുന്നു. തനിക്ക്
ഇനി വയ്യെന്നും വിരമിക്കുകയാണെന്നും പ്രഖ്യാപിച്ച് നടത്തിയ
വികാരനിര്‍ഭരമായ അന്ത്യപ്രഭാഷണത്തില്‍- ""മകന്‍ ഉദ്ധവിനും പൗത്രന്‍
ആദിത്യനും ഒപ്പം എല്ലാവരും നില്‍ക്കണം""എന്ന് ശിവ സൈനികരോട് അദ്ദേഹം
ആവശ്യപ്പെട്ടു. താക്കറെയുടെ ഈ വിലാപം ദയനീയമായിരുന്നു.
അമ്മാവനോട് കിടപിടിക്കുന്ന പ്രസംഗവും എഴുത്തും കാര്‍ട്ടൂണും
പ്രവര്‍ത്തനശൈലിയുമായി ശിവസൈനികരുടെ ഹൃദയത്തില്‍ ഇടംപിടിച്ച രാജിനെ
അവഗണിച്ചാണ് മകന്‍ ഉദ്ധവിനെ താക്കറേ ശിവസേന എക്സിക്യൂട്ടീവ്
പ്രസിഡന്റാക്കിയത്. പുത്രവാത്സല്യത്താല്‍ അന്ധനായ താക്കറെ മക്കത്തായം
നടപ്പാക്കിയപ്പോള്‍ ശിവസൈനികര്‍ക്ക് തലകുനിച്ചുനില്‍ക്കാനേ കഴിഞ്ഞുള്ളൂ.
ഉദ്ധവിന്റെ പിന്‍ഗാമിയെയും താക്കറെ പ്രഖ്യാപിച്ചു; ഉദ്ധവിന്റെ മകന്‍
ആദിത്യ. യുവസേനയുടെ അധ്യക്ഷനാണ് ആദിത്യ. രാജില്‍ ശിവസേനയുടെ ഭാവി കണ്ട
അനുയായികള്‍ നിരാശരായെങ്കിലും ബാലാസഹേബിനെ ധിക്കരിക്കാന്‍ തയ്യാറായില്ല.
ഉദ്ധവിന്റെ അധികാരാരോഹണത്തോടെ രാജും കൂട്ടാളികളും ഒറ്റപ്പെട്ടു. 2006
മാര്‍ച്ച് ഒമ്പതിന് ശിവസേന വിട്ട് രാജ് പുതിയ പാര്‍ടിയായ എംഎന്‍എസ്
രൂപീകരിച്ചു. കോണ്‍ഗ്രസ്, എന്‍സിപി പാര്‍ടികളുമായി ചേരാതെ രാജിന്
മുന്നോട്ടുപോകാനാകില്ലെന്നാണ് രാഷ്ട്രീയ വിശാരദന്മാര്‍ ആദ്യം
വിലയിരുത്തിയത്. കാവിക്കൊടിക്കുപകരം മഹാരാഷ്ട്രാ വികസനം മുദ്രാവാക്യമാക്കി
മുസ്ലിം ന്യൂനപക്ഷത്തെ അടക്കം ഒന്നിച്ചുകൂട്ടി മൂവര്‍ണ പതാകയുമായുള്ള
രാജിന്റെ വരവ് ശിവസേന രാഷ്ട്രീയത്തെ ഉലയ്ക്കില്ലെന്നായിരുന്നു
ബാല്‍താക്കറെയുടെ വിശ്വാസം.
എന്നാല്‍ അമ്മാവന്‍ താക്കറെയുടെ തന്ത്രങ്ങളാണ് അനന്തരവന്‍ രാജിന്റെയും
കൈമുതല്‍. മറാത്തി മാണുസ് എന്ന മണ്ണിന്റെ മക്കള്‍ വാദത്തില്‍തന്നെ രാജ്
വിത്തിടലും വിളവെടുപ്പും നടത്തി. മറാത്തികളെ അവഗണിച്ച്
ഉത്തരേന്ത്യക്കാര്‍ക്ക്് ജോലി നല്‍കാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്
നല്‍കി എംഎന്‍എസ് മുംബൈയിലും താനെയിലും റെയില്‍വേ പരീക്ഷയ്ക്കിടയില്‍
അക്രമം നടത്തി. ഉത്തരേന്ത്യക്കാരുടെ ഛഠ് പൂജയ്ക്കെതിരെയും എംഎന്‍എസ് രോഷം
പുകഞ്ഞു. മുംബൈ, താനെ ജില്ലകളില്‍ വഴിയോരകച്ചവടത്തിലും കടകളിലും നിറഞ്ഞ
ഉത്തരേന്ത്യക്കാര്‍ അക്രമത്തിനിരയായി. മറാത്തികള്‍ക്ക് തൊഴിലവസരം
നല്‍കുന്നില്ലെന്ന് ആരോപിച്ച് കോര്‍പറേറ്റ് കമ്പനികള്‍ക്കെതിരെ ഭീഷണിയുമായി
മഹാരാഷ്ട്ര നവനിര്‍മാണ്‍ കാംഗാര്‍ സേന രൂപീകരിച്ച് രംഗത്തെത്തി.
താക്കറെയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് സൈനികര്‍ രാജിന്റെ പിന്നാലെ
അണിനിരക്കാന്‍ തുടങ്ങി. 2009ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ 13 എംഎല്‍എമാരുമായി
എംഎന്‍എസ് ശക്തി തെളിയിച്ചു. 24 ഇടങ്ങളില്‍ രണ്ടാംസ്ഥാനത്തെത്തി. ശിവസേനാ
തട്ടകമായ മുംബൈയില്‍ ആറുപേരെ വിജയിപ്പിച്ചു. കഴിഞ്ഞ ലോക്സഭാ
തെരഞ്ഞെടുപ്പില്‍ മുംബൈയില്‍ ശിവസേനാ സഖ്യം തവിടുപൊടിയായത് രാജിന്റെ
പാര്‍ടി വോട്ടുകള്‍ വന്‍തോതില്‍ കവര്‍ന്നതിനാലാണ്. കോര്‍പറേഷന്‍
തെരഞ്ഞെടുപ്പില്‍ തരനാരിഴയ്ക്കാണ് ശിവസേന മുംബൈ നിലനിര്‍ത്തിയത്. മുംബൈക്ക്
പുറത്തും രാജ് ശക്തി തെളിയിച്ചു.ബാല്‍ താക്കറെയുടെ സാന്നിധ്യമാണ്
ഉദ്ധവിനും കൂട്ടാളികള്‍ക്കും ശക്തിപകര്‍ന്നത്. എന്നാല്‍, താക്കറെയുടെ
മരണത്തോടെ രാജിന്റെ പാര്‍ടിയിലേക്ക് ശിവസേനയില്‍നിന്ന് നേതാക്കളുടെയും
അണികളുടെയും ഒഴുക്കുണ്ടാക്കുമെന്ന് ഉറപ്പ്. ബാല്‍ താക്കറെ യുഗത്തിനുശേഷം
ശിവസൈനികരുടെ മനസ്സില്‍ രാജ്യുഗത്തിന് തുടക്കംകുറിച്ചുകൂടാ എന്നില്ല.
ഉദ്ധവുമായി യോജിച്ചുപോകല്‍ രാജിന് തീര്‍ത്തും അസാധ്യമായതിനാല്‍, എംഎന്‍എസ്
ശിവസേനയില്‍ ലയിക്കാന്‍ സാധ്യതയില്ല.
****
മുഹമ്മദ് ഹാഷിം
വിദ്വേഷത്തിന്റെ
നാവും തൂലികയും
ഭാഷയേയും പ്രാദേശിക വികാരത്തെയും മതത്തെയും സങ്കുചിത
വര്‍ഗീയ-രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിച്ച ബാല്‍ താക്കറെ
വിദ്വേഷത്തിന്റെ സന്ദേശങ്ങളാണ് പ്രചരിപ്പിച്ചത്. കമ്യൂണിസ്റ്റുകള്‍,
ദക്ഷിണേന്ത്യക്കാര്‍, മുസ്ലീങ്ങള്‍, ഏറ്റവുമൊടുവില്‍ ഉത്തരേന്ത്യക്കാരും
താക്കറെയുടെ ഹിറ്റ്ലിസ്റ്റില്‍ പെട്ടവരാണ്. വെറുപ്പിന്റെയും
വിദ്വേഷത്തിന്റെയും ഈ രാഷ്ട്രീയം അധികാരത്തിലേക്കുള്ള വഴിയായി.
സംഘപരിവാറിന്റെ വര്‍ഗീയ അജന്‍ഡക്ക് ശക്തിയേകാന്‍ 1990കളില്‍ ശിവസേന മുഖം
മാറ്റി. ബാബറി മസ്ജിദിന്റെയും അതുവഴി ഇന്ത്യന്‍ മതനിരപേക്ഷതയുടെയും
തകര്‍ച്ചക്ക് താക്കറെ വിദ്വേഷപ്രചാരണം പ്രചോദനമേകി.
അച്ഛന്‍ കേശവ് സീതാറാം താക്കറെ സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തിന്റെ
നേതാക്കളിലൊരാളായിരുന്നു. മറാത്തി സംസാരിക്കുന്ന ഭാഗങ്ങളെല്ലാം
ഉള്‍പ്പെടുത്തി മഹാരാഷ്ട്ര സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട്
1950കളില്‍ നടന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ കേശവ് താക്കറെ
ഉണ്ടായിരുന്നു. സമരത്തിന്റെ മറവില്‍ അക്രമം നടത്തുകയായിരുന്ന പരിപാടി.
മറാത്തി മാതൃഭാഷയല്ലാത്ത ജനവിഭാഗങ്ങളോട് വിദ്വേഷം പുലര്‍ത്തുക, അവരെ
ആക്രമിക്കുക എന്നിങ്ങനെയുള്ള കേശവ് താക്കറെയുടെ പരിപാടികളെ സംയുക്ത
മഹാരാഷ്ട്ര പ്രക്ഷോഭത്തില്‍ സജീവമായ കമ്യൂണിസ്റ്റ് നേതാക്കള്‍ എതിര്‍ത്തു.
നില്‍ക്കള്ളിയില്ലാതെ കേശവ് താക്കറെക്ക് പുറത്തു പോയി.
ഈ വിദ്വേഷത്തിന്റെ
തത്വശാസ്ത്രം തന്നെയാണ് ബാല്‍ താക്കറെയെയും നയിച്ചത്.
60ല്‍ തുടങ്ങിയ "മാര്‍മികി"ല്‍ വരച്ച കാര്‍ടൂണുകളുടെ അടിസ്ഥാനം
കമ്യൂണിസ്റ്റ് വിരുദ്ധതയായിരുന്നു. 62ലെ ഇന്ത്യ-ചൈന യുദ്ധം&ാറമവെ;
കമ്യൂണിസ്റ്റുകാരെ ആക്ഷേപിക്കാനുള്ള മികച്ച അവസരമായി അദ്ദേഹം കണ്ടു.
മുംബൈയില്‍ കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവുകളായും പ്രധാന സ്ഥാനങ്ങളില്‍
ജോലി ചെയ്യുന്നവരുമായ മറാത്തികളല്ലാത്തവരുടെ പട്ടിക താക്കറെ
പ്രസിദ്ധീകരിച്ചപ്പോള്‍ ഇരകളായത് ദക്ഷിണേന്ത്യക്കാര്‍.മഹാരാഷ്ട്രക്കാരുടെ
ജോലിയും ജീവിതവും ഇവര്‍ തട്ടിയെടുക്കുന്നുവെന്ന പ്രചാരണം മധ്യവര്‍ഗത്തെ
പ്രകോപിപ്പിച്ചു. ദക്ഷിണേന്ത്യക്കാരെയും ഗുജറാത്തികളെയും മാര്‍വാറികളെയും
ആക്രമിക്കാനും ആഹ്വാനം ചെയ്തു.
66ല്‍ ശിവസേന രൂപീകരിച്ചപ്പോള്‍ ഈ ആക്രമണത്തിന് സംഘടിതസ്വഭാവവും രാഷ്ട്രീയ
പരിവേഷവും വന്നു. 66 ഒക്ടോബറില്‍ മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടന്ന
പൊതുയോഗത്തില്‍ താക്കറെ വിദ്വേഷത്തിന്റെ തീതുപ്പി. കായികമായി സംഘടിച്ച്
ശക്തരായി മഹാരാഷ്ട്രക്കാരുടെ ശത്രുക്കളെ നേരിടാനാണ് അദ്ദേഹം ആഹ്വാനം
ചെയ്തത്.
മറാത്തികളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്തെങ്കിലും അന്നാട്ടിലെ
മുസ്ലിങ്ങളെയും ദളിതരെയും അകറ്റി. വര്‍ഗ്ഗീയതയുടെ ദംഷ്ട്രകള്‍
ഒളിപ്പിച്ചതായിരുന്നു മറാത്താ സ്നേഹം.
മുസ്ലിങ്ങള്‍ക്കെതിരെ തരംകിട്ടുമ്പോഴെല്ലാം താക്കറെ തീതുപ്പി.മതനിരപേക്ഷ
അന്തരീക്ഷത്തെ വര്‍ഗീയത ആക്രമിച്ച 90കളില്‍ താക്കറെ ബിജെപിക്കും
സംഘപരിവാറിനും ഊര്‍ജമേകി. 92 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ്
തകര്‍ക്കാനുംമുസ്ലിങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്താനും താക്കറെയും
ചേര്‍ന്നു. മുസ്ലീങ്ങള്‍ അര്‍ബുദം പോലെ പടരുകയാണെന്നും അവരെ
നേരിടണമെന്നുമായിരുന്നു താക്കറെയുടെ വാദം. ബംഗ്ലാദേശില്‍ നിന്നുള്ള
മുസ്ലിങ്ങള്‍ ഇന്ത്യയെ അപകടപ്പെടുത്തുന്നുവെന്നും അവരെ തിരിച്ചയക്കണമെന്നും
അദ്ദേഹം ആവശ്യപ്പെട്ടു. പ്രസ്താവനകളും പ്രസംഗങ്ങളും ശിവസേന മുഖപത്രമായ
സാമ്നയിലെ മുഖപ്രസംഗങ്ങള്‍ മുംബൈയില്‍ കൂട്ടക്കൊലകള്‍ക്ക് വിത്തുപാകി.
നാലഞ്ചു വര്‍ഷമായി ബിഹാര്‍, യുപി എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള
സാധാരണക്കാരായ തൊഴിലാളികള്‍ക്കെതിരായായിരുന്നു ആക്രമണത്തിനുള്ള ആഹ്വാനം.
താക്കറെയുടെ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ തീവ്രവാദ സംഘങ്ങളുടെ
വളര്‍ച്ചക്കും വളമൊരുക്കി. ബാബറി മസ്ജിദ് തകര്‍ത്തതിനെത്തുടര്‍ന്ന്
മുംബൈയിലുണ്ടായ ചെറിയ ആക്രമണങ്ങളെ മൂന്ന് മാസത്തോളം നീണ്ട കലാപമായി
വളര്‍ത്തിയെടുത്തത് താക്കറെയുടെയും ശിവസേനയുടെയും ഇടപെടലാണ്. ബിജെപിയുടെ
നേതൃത്വത്തിലുള്ള എന്‍ഡിഎ മന്ത്രിസഭയെ അധികാരത്തിലെത്തിക്കാനും താക്കറെ
ചെറുതല്ലാത്ത പങ്ക് വഹിച്ചു. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരായ ഭീഷണി
മുഴക്കി ക്രിക്കറ്റ് മത്സരം തടഞ്ഞതും വാലന്റൈന്‍ ദിനത്തിനെതിരെ സ്ഥിരമായ
പ്രകോപന പ്രചാരണം നടത്തിയതുമൊക്കെ താക്കറെയുടെ വിദ്വേഷ
പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍,
അമിതാഭ് ബച്ചന്‍, ഷാറൂഖ്ഖാന്‍, സാനിയമിര്‍സ... താക്കറെയുടെ വെറുപ്പിനും
ആക്രമണത്തിനും പാത്രമാകാത്തവര്‍ വിരളം.
വി ജയിന്‍
No comments:
Post a Comment