Monday, November 19, 2012

തൃണമൂലിന്റെ അവിശ്വാസം സര്‍ക്കാരിനെ സഹായിക്കാന്‍

കൊല്‍ക്കത്ത: യുപിഎ സര്‍ക്കാരിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവരുന്നത് ഇടതുപക്ഷത്തിന്റെ നീക്കംതടഞ്ഞ് സര്‍ക്കാരിനെ സഹായിക്കാന്‍. ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ വോട്ടെടുപ്പോടുകൂടിയ ചര്‍ച്ച വേണമെന്ന് ഇടതുപക്ഷ പാര്‍ടികള്‍ നോട്ടീസ് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് മമത ബാനര്‍ജി ധൃതിപിടിച്ച് അവിശ്വാസപ്രമേയം പ്രഖ്യാപിച്ചത്. അടിയന്തരമായി വിളിച്ചുചേര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി യോഗത്തിനുശേഷമായിരുന്നു മമതയുടെ പ്രഖ്യാപനം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്ന ദിവസംതന്നെ അവിശ്വാസത്തിന് നോട്ടീസ് നല്‍കുമെന്ന് മമത പറഞ്ഞു. എന്നാല്‍, ലോക്സഭയില്‍ 19 അംഗങ്ങള്‍ മാത്രമുള്ള തൃണമൂലിന് ഇത് സാധിക്കുമോ എന്ന് വ്യക്തമാക്കാന്‍ മമതയ്ക്ക് കഴിഞ്ഞില്ല.
 
ഒറ്റയ്ക്ക് അവിശ്വാസം കൊണ്ടുവരാന്‍ കഴിയില്ലെന്ന് അറിയാവുന്ന മമത, സര്‍ക്കാരിനെതിരായ ഇടതുപക്ഷത്തിന്റെ നീക്കം തടഞ്ഞ് ശ്രദ്ധ പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്. ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപത്തെ എതിര്‍ക്കുന്ന യുപിഎ കക്ഷികളെയും സര്‍ക്കാരിന് പിന്നില്‍ അണിനിരക്കാന്‍ പ്രേരിപ്പിക്കുന്നതാണ് അവിശ്വാസപ്രമേയം. ഇടതുപക്ഷത്തിന്റെ നോട്ടീസിനെയും അതിന്മേലുള്ള ചര്‍ച്ചയെയും തൃണമൂലുള്‍പ്പെടെ ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപത്തെ എതിര്‍ക്കുന്ന എല്ലാ കക്ഷികള്‍ക്കും പിന്തുണയ്ക്കേണ്ടി വരും. യുപിഎയെ പിന്തുണയ്ക്കുകയും അതേസമയം ഈ പ്രശ്നത്തില്‍ എതിര്‍ക്കുകയും ചെയ്യുന്ന കക്ഷികള്‍ക്കും ചര്‍ച്ചയില്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാട് എടുക്കാം. അങ്ങനെ ഇടതുപക്ഷം നേടുന്ന മേല്‍ക്കൈ ഒഴിവാക്കാനും അവരെ അനുകൂലിച്ചെന്ന പഴിയില്‍നിന്ന് രക്ഷപ്പെടാനുമുള്ള തന്ത്രമാണ് മമതയുടേത്. 
 
അവിശ്വാസപ്രമേയം വന്നാല്‍ മറ്റെല്ലാം മാറ്റിവച്ച് അതാകും ആദ്യം ചര്‍ച്ചയ്ക്കു വരിക. തല്‍ക്കാലം സര്‍ക്കാര്‍ വീഴരുതെന്ന് ആഗ്രഹിക്കുന്ന, പുറത്തുനിന്ന് പിന്തുണ നല്‍കുന്ന പല കക്ഷികള്‍ക്കും സര്‍ക്കാരിനെ സംരക്ഷിക്കുന്ന നിലപാട് എടുക്കേണ്ടി വരും. ഫലത്തില്‍ ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപത്തിന് ഭൂരിപക്ഷ പിന്തുണ ഉണ്ടെന്നുവരുത്താന്‍ സര്‍ക്കാരിനാകും. അവിശ്വാസം തള്ളിക്കളഞ്ഞാല്‍ മറ്റുചര്‍ച്ചകള്‍ ഉടന്‍ ഉണ്ടാകില്ല. സര്‍ക്കാരിനെ നിലനിര്‍ത്തുകയും, സര്‍ക്കാര്‍വിരുദ്ധ നിലപാട് എടുത്തെന്ന് വരുത്തുകയും ചെയ്യുന്നതാണ് മമതയുടെ തന്ത്രം. "സര്‍ക്കാര്‍വിരുദ്ധ"പ്രമേയത്തെ ഇടതുപക്ഷം പിന്തുണച്ചില്ലെന്നും മമതയ്ക്ക് പ്രചാരണം നടത്താം. 
 
****
 
ഗോപി

രാഷ്ട്രീയനാടകം: സിപിഐ എം

ന്യൂഡല്‍ഹി: പ്രതിസന്ധിയിലാഴ്ന്ന സര്‍ക്കാരിനെ രക്ഷിക്കാനുള്ള രാഷ്ട്രീയ നാടകമാണ് മമത ബാനര്‍ജിയുടെ അവിശ്വാസപ്രമേയ നീക്കമെന്ന് സിപിഐ എം വ്യക്തമാക്കി. യുപിഎ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമമായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കത്തെ കാണാനാകില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ചില്ലറ വില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ രൂപപ്പെടുന്ന രാഷ്ട്രീയ ഐക്യത്തെ തുരങ്കംവയ്ക്കാനുള്ള നീക്കമാണ് മമതയുടേത്. അവിശ്വാസം പരാജയപ്പെട്ടാല്‍ ഇപ്പോള്‍ നടപ്പാക്കുന്ന ജനവിരുദ്ധനയങ്ങള്‍ക്കുള്ള അംഗീകാരമായി സര്‍ക്കാര്‍ ആഘോഷിക്കും. ആ നയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. 
 
തൃണമൂലിന്റെ അവിശ്വാസപ്രമേയം പാസാകാനുള്ള രാഷ്ട്രീയ പിന്തുണ ഇപ്പോഴില്ല. തരം പോലെ മാറിമാറി യുപിഎ, എന്‍ഡിഎ സഖ്യങ്ങളുടെ ഭാഗമായി അധികാരം പങ്കിട്ട മമതയെ ബിജെപിപോലും പിന്തുണയ്ക്കില്ല. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ആദ്യം അബ്ദുള്‍ കലാമിനെ പിന്തുണച്ച് ഒടുവില്‍ പ്രണബ് മുഖര്‍ജിക്ക്;വോട്ടുചെയ്ത പാര്‍ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. 
 
നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ഫലപ്രദമായ നീക്കം ചില്ലറവില്‍പന മേഖലയിലെ വിദേശനിക്ഷേപത്തിനെതിരായ വോട്ടെടുപ്പ് ചര്‍ച്ചയാണ്. പാര്‍ലമെന്റിന്റെ ഇരുസഭയിലും വോട്ടെടുപ്പ് ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം നോട്ടീസ് നല്‍കി. ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒരുപോലെ ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തെ എതിര്‍ക്കുകയാണ്. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സമാജ്വാദി പാര്‍ടിയും ബഹുജന്‍സമാജ് പാര്‍ടിയും യുപിഎ സഖ്യത്തിലെ ഡിഎംകെയും വിദേശനിക്ഷേപത്തെ എതിര്‍ക്കുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയും വിദേശനിക്ഷേപത്തെ എതിര്‍ക്കും. പാര്‍ലമെന്റിലും ഈ അഭിപ്രായം രേഖപ്പെടുത്തിയാല്‍ അത് യുപിഎ സര്‍ക്കാരിനുള്ള കടുത്ത താക്കീതായിരിക്കും- സിപിഐ എം ചൂണ്ടിക്കാട്ടി.

No comments:

Post a Comment