Thursday, November 22, 2012

എം എം മണി: പ്രതിസന്ധികളുടെ കനല്‍വഴിതാണ്ടിയ ജനനേതാവ്


ചൂഷകരായ തൊഴിലുടമകള്‍ക്കെതിരെ പോരാടുകയും പാവപ്പെട്ട തൊഴിലാളികളുടെ ക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത മലയോര മണ്ണിന്റെ പ്രിയപുത്രന് ഭരണകൂടഭീകരത പുതുമയല്ല. ഒരു പ്രതിസന്ധിയിലും പതറാത്ത ജനനേതാവാണ് എം എം മണി. വന്‍പൊലീസ് വ്യൂഹം വീടുവളഞ്ഞ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോഴും പതറാതെ സഖാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചപ്പോള്‍ കനല്‍വഴിതാണ്ടിയ കര്‍മധീരന്റെ അചഞ്ചലമായ മന:സ്ഥൈര്യമാണ് കണ്ടത്. കമ്യൂണിസമെന്ന പേര് ഉച്ചരിച്ചാല്‍ വിചാരണകളൊന്നുമില്ലാതെ ജീവനെടുത്തിരുന്ന സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഇന്‍ക്വിലാബിന്റെ ധ്വനികള്‍ ചെറുമനസ്സില്‍ ചേര്‍ത്തുവച്ച ബാല്യം. കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍ മാധവന്‍-ജാനകി ദമ്പതികളുടെ പത്ത് മക്കളില്‍ മൂത്ത മകനായ മണിയുടെ കൗമാരകാലം കുഞ്ചിതണ്ണിയെന്ന ചെറുഗ്രാമത്തില്‍. വീടോ സ്ഥലമോ ഉണ്ടായിരുന്നില്ല. മാടമ്പി ജന്മിത്ത ജീര്‍ണതകളും മുതലാളിത്ത ഫ്യൂഡല്‍ വ്യവസ്ഥയും നിഴല്‍ പടര്‍ത്തിയ ഹൈറേഞ്ചില്‍ കമ്യൂണിസത്തിന്റെ ആശയങ്ങള്‍ ചിതറിവീണകാലം. ഹൈറേഞ്ച് മലനിരകള്‍ അടക്കിവാണ മുതലാളിമാരുടെയും ഭരണദല്ലാളന്മാരുടെയും അധികാരകേന്ദ്രങ്ങളില്‍ പ്രതിഷേധത്തിന്റെ തീക്കനാലായി മണിയെന്ന യുവനേതാവ് ജ്വലിച്ചുയര്‍ന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം നാട്ടിലുണ്ടായ പട്ടിണിക്കെതിരെ കൊടുമ്പിരി കൊണ്ട സമരത്തില്‍ അദ്ദേഹം നിര്‍ണായക സാന്നിധ്യമായി. എല്ലാ കര്‍ഷക പ്രക്ഷോഭങ്ങളിലും സജീവ സാന്നിധ്യമായി.

1966ല്‍ പാര്‍ടി അംഗമായി. എട്ടാം പാര്‍ടി കോണ്‍ഗ്രസ് കൊച്ചിയില്‍ നടന്നപ്പോള്‍ കുഞ്ചിത്തണ്ണിയില്‍നിന്നും ബസ് നിറയെ പ്രവര്‍ത്തകരെയും വളണ്ടിയര്‍മാരെയും പങ്കെടുപ്പിച്ചപ്പോള്‍ പ്രായം 22. ജോലിസ്ഥിരതയും കൂലിവര്‍ധനയും ആവശ്യപ്പെട്ട് നടന്ന മുന്നൂറേക്കര്‍ സമരം, കാന്തിപ്പാറ സമരം, ഇരുട്ടാളപോരാട്ടം, എഎസ് എസ്റ്റേറ്റ് സമരം, 1972ലെ പുതുകില്‍ എസ്റ്റേറ്റ് സമരം എന്നിവയ്ക്കെല്ലാം ഐതിഹാസിക നേതൃത്വം നല്‍കി ഹൈറേഞ്ചിലെ ചുവന്ന നക്ഷത്രമായി തീര്‍ന്നു. 1970ല്‍ ശാന്തന്‍പാറയില്‍ നടന്ന പൊലീസ് വെടിവയ്പ്പില്‍ സഹപ്രവര്‍ത്തകനായ കാമരാജ് രക്തസാക്ഷിയായി. തോട്ടം മേഖലയിലെ സമരങ്ങളില്‍ നിരവധി പ്രവര്‍ത്തകര്‍ ചോരയും നീരും നല്‍കി. 71ല്‍ രാജാക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. 74ല്‍ ജില്ലാ കമ്മിറ്റിയംഗമായി. 75ല്‍ ദേവികുളം താലൂക്ക് കമ്മിറ്റി സെക്രട്ടറിയായെങ്കിലും അടിയന്തരാവസ്ഥ കാലത്ത് ഒളിവില്‍ കഴിയേണ്ടിവന്നു.മണിയെ കിട്ടാതെവന്നതിനാല്‍ ഭാര്യാസഹോദരന്‍ കെ എം തങ്കപ്പനെ വെടിവച്ചുകൊന്നു. അനുജനെ ക്രൂരമായി പൊലീസ് മര്‍ദിച്ചു. ഇരുപതേക്കറില്‍ പാര്‍ടി പതാക ഉയര്‍ത്തിയതിന് അറസ്റ്റിലായ മണിയെ 13 ദിവസം അടിമാലി പൊലീസ് സ്റ്റേഷനില്‍ ലോക്കപ്പിലിട്ടു. വിലങ്ങണിയിച്ച് കാലില്‍ ചങ്ങലകെട്ടിയിട്ട് മര്‍ദിച്ചു. പിന്നീട് രണ്ട് പതിറ്റാണ്ടിലധികം ജില്ലയിലെ പാര്‍ടിയെ നയിച്ചു. പ്രക്ഷോഭങ്ങളുടെ ഭാഗമായി നൂറുകണക്കിന് കേസുകളില്‍ പ്രതിയായി. വേണ്ടത്ര യാത്രാസൗകര്യവും ഭക്ഷണവുമില്ലാതിരുന്ന സമയത്ത് മലമ്പാതയും മലമേടും താണ്ടി പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ കുടിയേറ്റ മണ്ണില്‍ വേരുറപ്പിച്ച് നിര്‍ത്താന്‍ മണിയാശാന്‍ നടത്തിയ ത്യാഗോജ്വലമായ പോരാട്ടം രാഷ്ട്രീയവിദ്യാര്‍ഥികള്‍ക്ക് പാഠമാകും.
(സജി തടത്തില്‍)

തിരുവഞ്ചൂരിന്റെ ഗൂഢാലോചന

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് സിപിഐ എം നേതാവ് എം എം മണിയുടെ അന്യായ അറസ്റ്റ്. തിരുവഞ്ചൂരിന്റെ രാഷ്ട്രീയദുരുദ്ദേശ്യത്തിന് ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു. അതുകൊണ്ടാണ് അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനെ പുലര്‍ച്ചെ വീടുവളഞ്ഞ് ഭീകരനെ റാഞ്ചിയെടുക്കുംപോലെ പിടിച്ചുകൊണ്ടുപോയതും മജിസ്ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കി ജയിലിലടപ്പിച്ചതും. ഇത് ഭരണത്തിന്റെ കാര്യക്ഷമതയല്ല ദുര്‍ബലതയാണ് കാണിക്കുന്നത്. പ്രതിച്ഛായ തകരുകയും കലഹത്തില്‍ കൂപ്പുകുത്തുകയും ചെയ്യുന്ന യുഡിഎഫ് സര്‍ക്കാരും മുന്നണിയും കേന്ദ്രമന്ത്രി എ കെ ആന്റണിയുടെ തള്ളിപ്പറയലോടെ കടുത്ത പ്രതിസന്ധിയിലാണ്. ഇത് മറികടക്കാനുള്ള ഉപായമായിരുന്നു മണിയുടെ അറസ്റ്റ്. കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരില്‍ രമേശ് ചെന്നിത്തല നയിക്കുന്ന വിശാല ഐ വിഭാഗത്തിന്റെ കുതിച്ചുചാട്ടത്തിന് തടയിടുകയെന്ന ഗ്രൂപ്പുതാല്‍പ്പര്യവും വ്യക്തിതാല്‍പ്പര്യവും തിരുവഞ്ചൂരിനുണ്ട്. ഭരണത്തിന് പ്രതിച്ഛായ കിട്ടാന്‍ ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് എസ്എന്‍ഡിപി-എന്‍എസ്എസ് നേതാക്കള്‍ നിര്‍ദേശിച്ചതിലൂടെ തിരുവഞ്ചൂരിന്റെ ആഭ്യന്തരഭരണത്തോടുള്ള അവിശ്വാസവും രേഖപ്പെടുത്തുകയായിരുന്നു. അതുപോലെ നാട്ടിലെമ്പാടും തിരുവഞ്ചൂരിന്റെ പടമുള്ള പോസ്റ്ററുകളില്‍ തലവെട്ടി പട്ടിയുടെ തല ചേര്‍ത്ത് കെ സുധാകരന്റെ അനുയായികള്‍ തിരുവഞ്ചൂരിനെ നേരിടുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് സിപിഐ എം വിരോധത്തില്‍ കെ സുധാകരനല്ല, താനാണ് കേമനെന്ന് ബോധ്യമാക്കാന്‍ ഭരണസംവിധാനത്തെ രാഷ്ട്രീയ വൈരനിര്യാതനത്തിനുള്ള ഉപകരണമാക്കിയത്. ഡിജിപി ബാലസുബ്രഹ്മണ്യവുമായി തിരുവഞ്ചൂര്‍ ഒന്നിലധികം തവണ കൂടിയാലോചന നടത്തിയശേഷമാണ് മണിയുടെ അറസ്റ്റിന് രൂപരേഖ തയ്യാറാക്കിയത്. മധ്യമേഖലാ എഡിജിപി പത്മകുമാറും പങ്കാളിയായി.

അറസ്റ്റ് ന്യായീകരിച്ച് തിരുവഞ്ചൂര്‍ നിരത്തിയ വാദമുഖങ്ങള്‍ ക്ക് അടിസ്ഥാനമില്ല. മണിയുടെ അറസ്റ്റിലേക്ക് നയിച്ച മണക്കാട് പ്രസംഗത്തെ സിപിഐ എം തള്ളിപ്പറഞ്ഞതിനാല്‍ അറസ്റ്റിന് ന്യായമുണ്ടെന്ന മന്ത്രിയുടെ വാദം അസംബന്ധമാണ്. പ്രസംഗത്തിലെ ചില പരമാര്‍ശങ്ങള്‍ പാര്‍ടിക്ക് അപകീര്‍ത്തികരവും നയപരമായ പിശകുമാണെന്ന കാരണത്താലാണ് സിപിഐ എം തള്ളിപ്പറഞ്ഞത്. എന്നാല്‍, ഈ പ്രസംഗത്തിന്റെ മറപറ്റി കള്ളക്കേസ് എടുത്തതിനെ തുടക്കംമുതലേ പാര്‍ടി എതിര്‍ത്തിരുന്നു. അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന്, ഹൈക്കോടതിയെയും സുപ്രീംകോടതിയെയും മണി സമീപിച്ചു. 1982ലെ അഞ്ചേരി ബേബി വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമവിധി വന്ന് കാല്‍നൂറ്റാണ്ടിനുശേഷം ഒരുപ്രസംഗത്തിലെ ദുര്‍ബല പരാമര്‍ശത്തിന്റെ പേരില്‍ വീണ്ടുമുള്ള അന്വേഷണവും കേസും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് ഹര്‍ജി. അതുപോലെ നുണപരിശോധനയുടെ നിയമരാഹിത്യത്തെയും ചോദ്യംചെയ്തു. ഈ ഹര്‍ജികളില്‍ അന്തിമ ഉത്തരവ് വന്നിട്ടില്ല. അതുവരെ സാവകാശം നല്‍കാതെ മണിയെ തുറുങ്കിലടച്ചതിലൂടെ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് ഭരണത്തിന്റെ രാഷ്ട്രീയപകപോക്കലിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും വിശ്വരൂപം തെളിഞ്ഞു. ആന്റണിയുടെ "ബ്രഹ്മോസ്" പ്രസംഗത്തെത്തുടര്‍ന്ന് കൂടുതല്‍ വെളിപ്പെട്ട ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ കഴിവുകേട് മറയ്ക്കാനാണ് മണിയെ കുടിലമായ രീതിയില്‍ അറസ്റ്റുചെയ്തത്. ഇത്തരം നടപടികൊണ്ട് ഭരണവും ആഭ്യന്തരവകുപ്പും ശക്തമാണെന്ന പ്രതീതി ജനിപ്പിക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും ഉദ്ദേശ്യം നാട് തള്ളും.
(ആര്‍ എസ് ബാബു)

മണിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിടുക്കമെന്തിന്: കോടതി

നെടുങ്കണ്ടം: എം എം മണിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്തിനാണ് തിടുക്കമെന്ന് പൊലീസിനോട് കോടതി. അഞ്ചേരി ബേബി വധവുമായി ബന്ധപ്പെടുത്തി പൊലീസെടുത്ത കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മണിയെ ബുധനാഴ്ച പുലര്‍ച്ചെ കുഞ്ചുത്തണ്ണിയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത് രാവിലെ ഒമ്പതിന് നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ഡിസംബര്‍ 4 വരെ റിമാന്‍ഡ് ചെയ്തിരുന്നു. ഉച്ചയ്ക്കുശേഷം കോടതി ചേര്‍ന്നപ്പോള്‍ പ്രത്യേക അന്വേഷണ സംഘം പൊലീസ് കസ്റ്റഡില്‍ ആവശ്യപ്പെട്ടപ്പോഴാണ് ബുധനാഴ്ച റിമാന്‍ഡ് ചെയ്തയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിടുക്കം എന്തിനെന്ന് മജിസ്ട്രേറ്റ് ജി ഹരീഷ് പൊലീസിനോട്് ചോദിച്ചത്. പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുളള അപേക്ഷ 28ന് പരിഗണിക്കുന്നതിന് കോടതി മാറ്റി. എം എം മണിയെ അന്ന് കോടതിയില്‍ ഹാജരാക്കും.

പൊലീസ് നീക്കം നാടകീയം

രാജാക്കാട്: "മണി ഇവിടെ ഉണ്ടോ?"... ബുധനാഴ്ച പുലര്‍ച്ചെ കതകിന് മുട്ടുകേട്ട് എം എം മണിയുടെ മരുമകന്‍ വീടിന്റെ വാതില്‍ തുറന്നപ്പോള്‍ കേട്ടത് എട്ടംഗ പൊലീസ് സംഘത്തിന്റെ ഉച്ചത്തിലുള്ള ചോദ്യമായിരുന്നു. വീടിനകത്ത് കയറിയ പൊലീസ്, ശബ്ദം കേട്ട് എഴുന്നേറ്റ് വന്ന എം എം മണിയോട് "മരുന്ന് വല്ലതുമുണ്ടെങ്കില്‍ എടുത്തോളൂ" എന്ന് ആജ്ഞാപിക്കുകയും ചെയ്തു. മണിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി, മകള്‍ ശ്യാമള, ഭര്‍ത്താവ് പ്രകാശ്, കുട്ടികള്‍ എന്നിവരുടെ മുന്നില്‍വച്ചാണ് നാടകീയ രംഗം സൃഷ്ടിച്ച് അറസ്റ്റുചെയ്ത് വണ്ടിയില്‍ കയറ്റിയത്. ഫോണ്‍ ചെയ്യണമെന്ന മണിയുടെ ആവശ്യം പോലും അനുവദിച്ചില്ല. അറസ്റ്റിന് മണിക്കൂറുകള്‍ മുമ്പ് വന്‍പൊലീസ് സംഘം വീട് വളഞ്ഞിരുന്നു.
(കെ എ ശശി)

നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി: പിണറായി

തിരു: എം എം മണിയുടെ അറസ്റ്റും അറസ്റ്റുചെയ്ത രീതിയും നിയമവ്യവസ്ഥയോടുള്ള അനാദരവും വെല്ലുവിളിയുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫ് നേരിടുന്ന കടുത്ത ഭരണ-രാഷ്ട്രീയ പ്രതിസന്ധി മറികടക്കാമെന്ന വ്യാമോഹത്തില്‍ കൈക്കൊണ്ട വഴിവിട്ട നടപടിയാണിത്. അറസ്റ്റുപോലെതന്നെ അറസ്റ്റുചെയ്ത രീതിയും തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് പിണറായി പ്രസ്താവനയില്‍ പറഞ്ഞു.

രാഷ്ട്രീയ വൈരനിര്യാതനത്തിനുള്ള വ്യഗ്രതയില്‍ നിയമവ്യവസ്ഥയെപ്പോലും ദുരുപയോഗിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ഇതിനായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരിട്ടിടപെട്ട് പൊലീസിനെ രാഷ്ട്രീയ ഉപകരണമാക്കി തരംതാഴ്ത്തി. മണിയുടെ പ്രസംഗത്തിലെ പരാമര്‍ശം മറയാക്കിയാണ് പതിറ്റാണ്ടുകള്‍ക്കുമുമ്പ് നടന്ന സംഭവത്തിന്റെ പേരില്‍ പഴയ കൊലപാതകക്കേസുകളില്‍ വീണ്ടും എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്ത് രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്നത്. കേസെടുത്തതിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മണി സമര്‍പ്പിച്ച ഹര്‍ജികളില്‍ ഇതുവരെ അന്തിമ തീര്‍പ്പായിട്ടില്ല. അതിനുപോലും സാവകാശം നല്‍കാതെ ധൃതിപിടിച്ച് പിടികിട്ടാപ്പുള്ളിയോടെന്നപോലെ മണിയെ പുലര്‍ച്ചയ്ക്ക് വീടുവളഞ്ഞ് അറസ്റ്റുചെയ്ത പൊലീസ് നടപടി ഏറ്റവും ഹീനമാണ്. ഇത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ള നിയമദുരുപയോഗവും അധികാര ദുര്‍വിനിയോഗവുമാണ്.

കൊലപാതകം നടത്തിയെന്ന് പരസ്യമായി പ്രസംഗിച്ച കെ സുധാകരനും ഇരട്ടക്കൊലക്കേസില്‍ എഫ്ഐആറില്‍ പേരുവന്ന മുസ്ലിംലീഗ് എംഎല്‍എ പി കെ ബഷീറിനുമെതിരെ ചെറുവിരല്‍പോലുമനക്കാത്ത പൊലീസാണ് ഒരു പ്രസംഗത്തിന്റെ മറപിടിച്ച് മണിയെ വേട്ടയാടുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ ഹീനമായ രാഷ്ട്രീയ പകപോക്കലിനെതിരെ എല്ലാ ജനാധിപത്യശക്തികളും സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും ശക്തമായി പ്രതിഷേധിക്കണമെന്ന് പിണറായി അഭ്യര്‍ഥിച്ചു


അപലപനീയം: വി എസ്

തിരു: സിപിഐ എം നേതാവ് എം എം മണിയെ അറസ്റ്റുചെയ്ത പൊലീസ് നടപടി അത്യന്തം അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പുലര്‍ച്ചെ വീടുവളഞ്ഞ് കള്ളന്മാരെയും പിടിച്ചുപറിക്കാരെയും അറസ്റ്റുചെയ്യുന്ന രീതിയില്‍ നടത്തിയ പൊലീസ് നടപടി ഹീനമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള മര്യാദ മണിയോട് കാട്ടിയില്ല. നല്‍പ്പാടി വാസുവിനെപോലുള്ള നിരപരാധികളെ നിഷ്ഠുരമായി കൊലപ്പെടുത്തിയ കെ സുധാകരനെതിരെ ചെറുവിരലനക്കാത്ത പൊലീസാണ് മണിയെ അറസ്റ്റുചെയ്തത്. സ്റ്റേഷനില്‍ കയറി പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും പ്രതിയെ മോചിപ്പിക്കുകയുംചെയ്ത സുധാകരനെതിരെ കേസുമില്ല അറസ്റ്റുമില്ല. ഈ ഇരട്ടത്താപ്പ് അംഗീകാരിക്കാനാകില്ല. യുഡിഎഫ് സര്‍ക്കാരിനെതിരെ അതിശക്തമായ ജനവികാരം സംസ്ഥാനത്തുടനീളം അലയടിക്കുകയാണ്. ഇതില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ പ്രതിപക്ഷത്തുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കള്ളക്കേസെടുക്കുകയാണ് സര്‍ക്കാര്‍. ഭൂമിദാനം എന്ന പേരില്‍ തനിക്കെതിരായ കേസും ഇത്തരത്തിലുള്ളതാണ്. ഈ കേസില്‍ ആരോടും ശുപാര്‍ശയ്ക്ക് പോകില്ല. നിയമപരമായി നേരിടും- വി എസ് പറഞ്ഞു.

കേരളത്തില്‍ ഇരട്ടനീതി: കോടിയേരി

കൊച്ചി: എം എം മണിയുടെ അറസ്റ്റ് നിയമവിരുദ്ധവും ജനാധിപത്യപ്രസ്ഥാനത്തോടുള്ള വെല്ലുവിളിയുമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തീവ്രവാദികളോടുപോലും സ്വീകരിക്കാത്ത സമീപനമാണ് മണിയോടു കാണിച്ചതെന്നും കോടിയേരി പറഞ്ഞു. പുലര്‍ച്ചെ വീടുവളഞ്ഞാണ് മണിയെ അറസ്റ്റ്ചെയ്തത്. കോടതിയുടെ വാറണ്ട് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം നേരിട്ട് കോടതിയില്‍ ഹാജരാവുമായിരുന്നു. എന്നാല്‍ ഇതിന് തയാറാകാതെ ാഷ്ട്രീയ പ്രതിയോഗികളെ അറസ്റ്റ്ചെയ്യുകയെന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. യുഡിഎഫിലെ പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് പെട്ടെന്നുള്ള അറസ്റ്റ്. കേരളത്തില്‍ ഇരട്ടനീതിയാണ് നടപ്പാക്കുന്നത്. അരീക്കോട് ഇരട്ടക്കൊലക്കേസില്‍ പ്രതിയായ പി കെ ബഷീര്‍ എംഎല്‍എയെ ഇതുവരെ പിടികൂടിയിട്ടില്ല. കെ സുധാകരന് മൂന്നു കൊലപാതകക്കേസിലും നാല് വധശ്രമക്കേസിലുമുള്ള പങ്ക് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി വെളിപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തില്‍ കേസോ, അറസ്റ്റോ ഉണ്ടായിട്ടില്ല. മണല്‍കടത്തുകേസിലെ പ്രതിയെ വളപട്ടണം സ്റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടുപോയതിന് സുധാകരന്റെ പേരില്‍ കേസെടുത്തതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ആ കേസിലും സുധാകരനെ ഇതുവരെ പിടിച്ചിട്ടില്ല. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമൊപ്പം അദ്ദേഹം വേദി പങ്കിടുന്നു. പൊലീസിനെ തെറ്റായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുള്ള തെളിവാണ് മണിയെ അറസ്റ്റ്ചെയ്ത നടപടി. അറസ്റ്റിനെതിരെ സിപിഐ എം പ്രതികരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

നിയമവിരുദ്ധം: വൈക്കം വിശ്വന്‍

തിരു: എം എം മണിയെ അറസ്റ്റ് ചെയ്ത രീതി ജനാധിപത്യത്തിനും നിയമസംഹിതയ്ക്കും വിരുദ്ധമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ എ കെ ആന്റണി ഉയര്‍ത്തിയ കുടുക്കില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുമോയെന്നാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മണിയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാന്‍ തക്ക സാഹചര്യം നിലവിലില്ല. ആഭ്യന്തരമന്ത്രിയുടെ മകന്റെ വിവാഹ നിശ്ചയത്തില്‍വരെ മണി പങ്കെടുത്തതാണ്. കെ സുധാകരന്റെയും പി കെ ബഷീറിന്റെയും കാര്യത്തില്‍ ഈ സമീപനം സ്വീകരിച്ചില്ലെന്നും വൈക്കം വിശ്വന്‍ ചൂണ്ടിക്കാട്ടി.


ജനവിരുദ്ധതയില്‍നിന്ന് ശ്രദ്ധമാറ്റാന്‍: എം എ ബേബി

ന്യൂഡല്‍ഹി: യുഡിഎഫ് സര്‍ക്കാരിന്റെ വികസനവിരുദ്ധമായ പ്രവര്‍ത്തനവൈകല്യങ്ങളെ കുറിച്ച് പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ വിമര്‍ശമുയര്‍ത്തിയ സംവാദത്തില്‍ നിന്നും വിവാദങ്ങളില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനുള്ള കൗശലത്തിന്റെ ഭാഗമാണ് എം എം മണിയുടെ അറസ്റ്റ് എന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. നേരത്തെ വിചാരണ പൂര്‍ത്തിയാക്കി കോടതി വിധിപറഞ്ഞ കേസിലാണ് ഒരു പ്രസംഗത്തിന്റെ പേരില്‍ മണിയെ അറസ്റ്റുചെയ്തത്. കുനിയില്‍ ഇരട്ടക്കൊലപാതകത്തില്‍ ഒരു ഭരണകക്ഷി എംഎല്‍എ പ്രതിസ്ഥാനത്ത് ചേര്‍ക്കപ്പെട്ടത് യുഡിഎഫ് ഭരണത്തിലാണ്. എന്നാല്‍, ഈ വ്യക്തിയെ അറസ്റ്റുചെയ്യുകയോ തുടര്‍നടപടിക്ക് വിധേയമാക്കുകയോ ചെയ്തിട്ടില്ല. കോണ്‍ഗ്രസിന്റെ മറ്റൊരു ലോക്സഭാ അംഗം തന്റെ ഗണ്‍മാന്റെ തോക്ക് വെടിവയ്ക്കാനുള്ളതാണെന്നും താന്‍ പറഞ്ഞിട്ടാണ് നാല്‍പ്പാടി വാസുവിനെ വെടിവച്ച് കൊന്നതെന്നും പറഞ്ഞിരുന്നു. എന്നാല്‍, ഇതുവരെയും ഒരു പൊലീസ് നടപടിയും കൈക്കൊണ്ടിട്ടില്ല. കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സന്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കോണ്‍ഗ്രസിനും പങ്കുണ്ടെന്ന് ഒരു ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ അത് കേട്ടില്ലെന്ന് നടിച്ചു- ബേബിപറഞ്ഞു.

ഇടുക്കിയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

ഇടുക്കി: എം എം മണിയുടെ രാഷ്ട്രീയപ്രേരിത അറസ്റ്റില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ സിപിഐ എം പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണം. വ്യാഴാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ സര്‍വീസുകളെയും ശബരിമല തീര്‍ഥാടകരെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സിപിഐ ഒഴികെയുള്ള ഇടതുപക്ഷപാര്‍ടികളും അഭ്യര്‍ഥിച്ചിട്ടുണ്ട്.

deshabhimani

1 comment:

  1. സിപിഐ എം നേതാവ് എം എം മണിയെ പുലര്‍ച്ചെ വീടുവളഞ്ഞ് അറസ്റ്റുചെയ്തത് നിയമാനുസൃതമായാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുലര്‍ച്ചെ വീടുവളഞ്ഞ് അറസ്റ്റുചെയ്യാനുള്ള സാഹചര്യം എന്താണെന്ന ചോദ്യത്തിന് പകല്‍ അറസ്റ്റുചെയ്താല്‍ അത് എന്തിനെന്ന് ചോദിക്കുമെന്നായിരുന്നു പ്രതികരണം. മണി ഉണര്‍ന്നുകഴിഞ്ഞശേഷമാണ് അറസ്റ്റുചെയ്തതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

    പൊലീസ് നടപടി ടിവിയില്‍ എല്ലാവരും കണ്ടു. മണിയെ അറസ്റ്റുചെയ്യാതിരിക്കാന്‍ രണ്ടുകോടി കൈക്കൂലി വാങ്ങിയെന്ന് ഒരു മാധ്യമം എഴുതി. മാധ്യമങ്ങള്‍ എവിടെവരെ താഴ്ന്നുപോകുന്നു. പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് മണിക്കെതിരെ കേസെടുത്തതും അറസ്റ്റുചെയ്തതും.

    ഇത് കെ സുധാകരനും പി കെ ബഷീര്‍ എംഎല്‍എക്കും ബാധകമാക്കാത്തത് എന്തെന്ന ചോദ്യത്തിന് നിയമം എല്ലാവര്‍ക്കും ബാധകമാണെന്നു പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. മണിയെ അറസ്റ്റുചെയ്യാന്‍ അനാവശ്യ ധൃതി കാട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. പൊലീസ് സ്റ്റേഷനുകളില്‍ കയറി കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ പ്രതികളെ മോചിപ്പിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

    പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് എതിരായ കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നും രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ അധികാരം ഉപയോഗിക്കാറില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ഈ കേസില്‍ അനാവശ്യ ധൃതി കാട്ടാത്തതിനാലാണ് കുറ്റപത്രം വൈകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ReplyDelete