Friday, November 9, 2012

നേതാക്കളുടെ തമ്മില്‍ത്തല്ല്: ബിജെപി ഉലയുന്നു

ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ തമ്മില്‍ത്തല്ലും അധികാര വടംവലിയും പാര്‍ടി കോര്‍കമ്മിറ്റി യോഗത്തിന് ശേഷം തീവ്രമായി. ആര്‍എസ്എസ് നിര്‍ദേശം അനുസരിച്ച് നിതിന്‍ ഗഡ്കരിക്ക് പിന്തുണ പ്രഖ്യാപിക്കേണ്ടി വന്ന നിര്‍ബന്ധിതാവസ്ഥ ബിജെപിയെ പിടിച്ചുകുലുക്കുന്നതിനിടെ ഗഡ്കരിയെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാനുള്ള ശ്രമം തുടരുമെന്ന് രാംജത്മലാനി പറഞ്ഞു. വരും ദിവസങ്ങളില്‍ ഗഡ്കരിക്കെതിരായി കൂടുതല്‍ നേതാക്കള്‍ പരസ്യമായി രംഗത്ത് വരുമെന്നും ഉറപ്പായി. ഗഡ്കരിക്ക് അധ്യക്ഷസ്ഥാനം നഷ്ടപ്പെടുന്ന പക്ഷം പുതിയ വിശ്വസ്തനെ കണ്ടെത്താനുള്ള ആര്‍എസ്എസ് നീക്കവും സജീവമായി. 
 
ആര്‍എസ്എസിന്റെ ചങ്ങലയിലാണ് ബിജെപി എന്ന വസ്തുതയ്ക്ക് അടിവരയിട്ടാണ് ബിജെപി കോര്‍ കമ്മിറ്റി യോഗം ഗഡ്കരിയെ പിന്തുണച്ചത്. ഗഡ്കരി ധാര്‍മികമായും നിയമപരമായും തെറ്റ് ചെയ്തിട്ടില്ലെന്ന് ആര്‍എസ്എസ്് നേതൃത്വം വിധി പ്രഖ്യാപിക്കുകയായിരുന്നു. അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ് എന്നിവരെ ഒപ്പം നിര്‍ത്താനുമായി. ഗഡ്കരിയുമായി ഏറെ നാള്‍ മുന്നോട്ടു പോവാന്‍ കഴിയില്ലെന്ന ധാരണയിലാണ് ഇരുവരും ഈ നിലപാട് സ്വീകരിച്ചത്. തല്‍ക്കാലത്തേക്ക് ആര്‍എസ്എസിനെ പിണയ്ക്കാതിരിക്കുക എന്നതായിരുന്നു തന്ത്രം. ദീപാവലിക്ക് ശേഷം സ്വയം ഒഴിയാന്‍ ഗഡ്കരി സന്നദ്ധനാവാനാണ് സാധ്യത. അല്ലെങ്കില്‍ അടുത്ത മാസം കാലാവധി അവസാനിക്കുന്നതോടെ അദ്ദേഹം ദേശീയ രാഷ്ട്രീയത്തില്‍നിന്ന് പിന്മാറും. 
 
അധ്യക്ഷപദത്തില്‍ ജയ്റ്റ്ലിയും സുഷമയും കണ്ണുവയ്ക്കുന്നുണ്ട്. കോര്‍കമ്മിറ്റി യോഗം എല്‍ കെ അദ്വാനി ബഹിഷ്കരിച്ചിട്ടും ഇവര്‍ ആര്‍എസ്എസ് നിര്‍ദേശത്തിന് വഴങ്ങിയതിന് കാരണം ഇതാണ്. എന്നാല്‍ ഇവരോട് ആര്‍എസ്എസിന് പൂര്‍ണതൃപ്തിയില്ല. ഹിമാചല്‍ പ്രദേശിലെ നേതാവ് ശാന്തകുമാറിനെ അധ്യക്ഷനാക്കി ബിജെപിയിലെ നിയന്ത്രണം തുടരാമെന്നാണ് ആര്‍എസ്എസ് പ്രതീക്ഷ. അദ്വാനിയെ നേതൃത്വത്തിലേക്ക് തിരികെ കൊണ്ടുവരരുത് എന്ന താല്‍പ്പര്യത്തിനാവും ആര്‍എസ്എസ് പ്രഥമ പരിഗണന നല്‍കുക. ഏകാധിപത്യ ശൈലി പിന്തുടരുന്ന നരേന്ദ്രമോഡി പുതിയ പ്രതിസന്ധി മുതലെടുത്താല്‍ തങ്ങള്‍ അപ്രസക്തമാവും എന്ന ഭയവും ആര്‍എസ്എസിനുണ്ട്. 
 
കോണ്‍ഗ്രസിന്റെ അഴിമതി മുഖ്യമുദ്രാവാക്യമാക്കി അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാമെന്ന് കണക്കുകൂട്ടിയ ബിജെപിക്ക് ഗഡ്കരിവിവാദം കനത്ത അടിയായി. ഗഡ്കരിയെ നീക്കാതെ ഈ മാസം അവസാനം തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിലേക്ക് പോവുന്നത് ആത്മഹത്യാപരമാണെന്ന നിലപാടിലാണ് അദ്വാനിയും യശ്വന്ത് സിന്‍ഹയും. അധ്യക്ഷന് എതിരായ തുറന്നടിക്കലിന് യശ്വന്ത് സിന്‍ഹയുടെയും ജസ്വന്ത്സിങ്ങിന്റെയും ശത്രുഘ്നന്‍ സിന്‍ഹയുടെയും പിന്തുണയുണ്ടെന്ന് രാംജത്മലാനി പറഞ്ഞിരുന്നു.

No comments:

Post a Comment