Tuesday, November 6, 2012

എ ഗ്രൂപ്പ് വിട്ട ബല്‍റാം ഐ വിഭാഗം സ്ഥാനാര്‍ഥി


എ ഗ്രൂപ്പിന്റെ പ്രതിനിധിയായി ജയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പദവിയില്‍ തുടരുന്ന വി ടി ബല്‍റാം എംഎല്‍എ ഇത്തവണ ഐ ഗ്രൂപ്പിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനാര്‍ഥി. ഹരിതവാദി എംഎല്‍എമാരുടെ സംഘത്തില്‍ ഉള്‍പ്പെട്ടതോടെയാണ് ഐ ഗ്രൂപ്പിലേക്കു ചേക്കേറിയത്. ബല്‍റാമിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാന്‍ ഐ ഗ്രൂപ്പ് നേതൃത്വം ധാരണയിലെത്തി.

ഐ ഗ്രൂപ്പ് പ്രസിഡന്റ്സ്ഥാനാര്‍ഥിയായി കണ്ടിരുന്നത് ഹൈബി ഈഡന്‍ എംഎല്‍എയെ ആയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പുചട്ടം അനുസരിച്ച് സംസ്ഥാന ഭാരവാഹിത്വത്തിലേക്കു മത്സരിക്കാന്‍ ഹൈബി യോഗ്യനല്ലാത്തതിനാലാണ്, ഗ്രൂപ്പ് മാറി എത്തിയ ബല്‍റാമിനെ തീരുമാനിച്ചത്. ബല്‍റാമിനെ മുന്‍നിര്‍ത്തി പ്രസിഡന്റ്സ്ഥാനം പിടിച്ചെടുക്കാമെന്നും ഐ ഗ്രൂപ്പ് കണക്കുകൂട്ടുന്നു. ഇടക്കാലത്ത് ഇടഞ്ഞുനിന്ന എംഎല്‍എമാരായ വി ഡി സതീശനും ടി എന്‍ പ്രതാപനും ഐ ഗ്രൂപ്പിനോടു യോജിച്ച് സജീവ പ്രവര്‍ത്തനം തുടങ്ങിയതും ഇവര്‍ക്ക് പ്രതീക്ഷനല്‍കുന്നു. ഗ്രൂപ്പിലെ നിരവധി യൂത്തുനേതാക്കളെ മറികടന്ന് ബല്‍റാമിനെ ഐ ഗ്രൂപ്പ് പ്രസിഡന്റ്സ്ഥാനത്തേക്കുപരിഗണിച്ചതും സതീശന്റെയും പ്രതാപന്റെയും ഇടപെടലിന്റെ ഭാഗമായാണ്. കെഎസ്യു, ഐഎന്‍ടിയുസി തെരഞ്ഞെടുപ്പിലുണ്ടായ മികച്ച നേട്ടം യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ച് പ്രബലശക്തി തങ്ങളാണെന്നു തെളിയിക്കാനുള്ള ശ്രമത്തിലാണ് ഐ ഗ്രൂപ്പ്. കെഎസ്യു തെരഞ്ഞെടുപ്പില്‍ ഏഴ് ജില്ലാകമ്മിറ്റിയും സംസ്ഥാന വൈസ് പ്രസിഡന്റ്സ്ഥാനം ഉള്‍പ്പെടെ അഞ്ച് ഭാരവാഹിത്വവും ഐ ഗ്രൂപ്പ് നേടിയിരുന്നു. ഐഎന്‍ടിയുസി തെരഞ്ഞെടുപ്പില്‍ 14 ജില്ലാകമ്മിറ്റികളും സംസ്ഥാന പ്രസിഡന്റ്സ്ഥാനവും ഐ ഗ്രൂപ്പിനാണ്.

അതേസമയം സംസ്ഥാന പ്രസിഡന്റ്സ്ഥാനാര്‍ഥിയെച്ചൊല്ലി എ ഗ്രൂപ്പില്‍ തര്‍ക്കം രൂക്ഷമായി. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ആദം മുല്‍സി, ഇടുക്കി പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് എന്നിവരെയാണ് എ ഗ്രൂപ്പ് പരിഗണിക്കുന്നത്. നിലവിലുള്ള പ്രസിഡന്റ് പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഡീന്‍ കുര്യാക്കോസിനായി വാദിക്കുന്നു. പി ടി തോമസ് എംപിയുടെ ഉറച്ച പിന്തുണയും ഇവര്‍ക്കുണ്ട്. മുന്‍ സംസ്ഥാന പ്രസിഡന്റ് ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ മലബാറില്‍നിന്നുള്ള വിഭാഗം ആദം മുല്‍സിയെ പ്രസിഡന്റാക്കണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ പാളയത്തിലായിരുന്ന വി ടി ബല്‍റാം എതിര്‍സ്ഥാനാര്‍ഥി ആകുന്നതും ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് മത്സരിക്കാന്‍ കഴിയാത്തതുമാണ് എ ഗ്രൂപ്പിനെ വെട്ടിലാക്കിയത്. ഇതിനിടെ സംസ്ഥാന ഭാരവാഹികളായി മത്സരിക്കുന്നവരില്‍ 200ല്‍ക്കൂടുതല്‍ വോട്ട് നേടുന്നവര്‍ ജോയിന്റ് സെക്രട്ടറിയാകുമെന്ന പുതിയ നിയമവും ഗ്രൂപ്പുകളെ കുഴയ്ക്കുന്നുണ്ട്. കൈയില്‍ കാശുള്ളവര്‍ക്ക് ഗ്രൂപ്പ് വിട്ട് സ്വതന്ത്രനായി മത്സരിച്ച് ജോയിന്റ് സെക്രട്ടറി ആകാമെന്നതാണ് സ്ഥിതി.
(ജിജോ ജോര്‍ജ്)

deshabhimani

1 comment:

  1. എ ഗ്രൂപ്പിന്റെ പ്രതിനിധിയായി ജയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പദവിയില്‍ തുടരുന്ന വി ടി ബല്‍റാം എംഎല്‍എ ഇത്തവണ ഐ ഗ്രൂപ്പിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനാര്‍ഥി. ഹരിതവാദി എംഎല്‍എമാരുടെ സംഘത്തില്‍ ഉള്‍പ്പെട്ടതോടെയാണ് ഐ ഗ്രൂപ്പിലേക്കു ചേക്കേറിയത്. ബല്‍റാമിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാന്‍ ഐ ഗ്രൂപ്പ് നേതൃത്വം ധാരണയിലെത്തി.

    ReplyDelete