Sunday, June 23, 2013

വിവാഹപ്രായം 16 ആക്കിയത് പിന്‍വലിക്കണം: പിണറായി

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സാക്കി കുറച്ച സര്‍ക്കാരിന്റെ നിയമവിരുദ്ധ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേന്ദ്രനിയമത്തിനും നിയമസഭ അംഗീകരിച്ച ചട്ടത്തിനും വിരുദ്ധമായി തദ്ദേശവകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലര്‍ അപകടകരമാണ്. ഇതിനെതിരെ മുസ്ലിം സമുദായത്തിലെതന്നെ ചിന്താശീലരും പുരോഗമനവാദികളും രംഗത്തെത്തിയിട്ടുണ്ട്. ശാരീരികവും മാനസികവുമായ വളര്‍ച്ച പെണ്‍കുട്ടിക്ക് കൈവരിക്കാന്‍ 18 വയസ്സെങ്കിലുമാകണമെന്നതുകൊണ്ടാണ് വിവാഹപ്രായം 18 ആക്കി നിജപ്പെടുത്തിയത്. അതിനാലാണ് ശൈശവവിവാഹം കുറ്റകരമാക്കി രാജ്യം നിയമം പാസാക്കിയത്. ഇതിനെയെല്ലാം ലംഘിക്കുന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സര്‍ക്കുലര്‍.

സര്‍ക്കാരിന്റെ താല്‍പ്പര്യപ്രകാരം വകുപ്പ് സെക്രട്ടറി ഇറക്കിയ സര്‍ക്കുലര്‍ അങ്ങേയറ്റം നിയമവിരുദ്ധമാണ്. പുരുഷന്മാരുടെ വിവാഹപ്രായം 21 വയസ്സും സ്ത്രീകളുടേത് 18ഉം ആക്കി നിയമം നിര്‍മിക്കാന്‍ സംസ്ഥാനങ്ങളോട് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ആവശ്യപ്പെട്ട പ്രകാരം നിയമസഭ സംസ്ഥാനത്ത് ഇതുസംബന്ധമായ ചട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. നിയമസഭ സമ്മേളിക്കുന്നതിനിടയില്‍ സഭ അംഗീകരിച്ച ചട്ടത്തെ വകുപ്പ് സെക്രട്ടറി സര്‍ക്കുലറിലൂടെ അസാധുവാക്കാന്‍ ശ്രമിച്ചത് നിയമസഭയോടുള്ള അവഹേളനമാണ്. മുസ്ലിംസമുദായത്തിന്റെ പൊതുപുരോഗതിക്കും ആ സമുദായത്തിലെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഹാനികരമാണ് വിവാഹപ്രായം കുറച്ച സര്‍ക്കുലറെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment