Sunday, June 23, 2013

മന്ത്രിമാരെ വിളിച്ചുമടുത്തു: സ്വാമി ഗുരുപ്രസാദ്

ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടുപോയ മലയാളികളടക്കമുള്ളവര്‍ പട്ടിണിയിലേക്ക്. ബദരീനാഥില്‍ മാത്രം ഏഴായിരം പേര്‍ കുടുങ്ങിയിട്ടുണ്ട്. ഇവിടെ കഴിയുന്ന 19 മലയാളികളടക്കമുള്ളവര്‍ കടുത്ത ബുദ്ധിമുട്ടിലാണ്. ബദരീനാഥില്‍ കുടുങ്ങിയവരില്‍ നാല് പേര്‍ ഇതിനകം മരിച്ചുവെന്ന് ശിവഗിരിയില്‍നിന്ന് ബദരീനാഥില്‍ എത്തിയ സംഘത്തിലെ സ്വാമി ഗുരുപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രത്തിന്റെ ഹെലികോപ്റ്ററുകള്‍ വരുന്നത് വിഐപികളെയും അവര്‍ നിര്‍ദേശിക്കുന്നവരെയും രക്ഷപ്പെടുത്താനാണ്. രോഗികളടക്കമുള്ള സാധാരണക്കാരെ രക്ഷപ്പെടുത്താന്‍ നടപടിയില്ല. ഭക്ഷണവും മരുന്നും കിട്ടുന്നില്ല. കേരളത്തിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിരാശാജനകമാണ്. മുഖ്യമന്ത്രിയടക്കം പല മന്ത്രിമാരെയും വിളിച്ചു. പ്രയോജനമുണ്ടായില്ല. മുഖ്യമന്ത്രിയെ ഇനി വിളിക്കില്ലെന്നും ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗവും ഗുരുധര്‍മപ്രചാരണസഭ സെക്രട്ടറിയുമായ സ്വാമി ഗുരുപ്രസാദ് പറഞ്ഞു. ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് സാംസ്കാരിക മന്ത്രി കെ സി ജോസഫ് പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങള്‍ വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയത്. രാജസ്ഥാന്‍ സര്‍ക്കാര്‍ രണ്ട് ഹെലികോപ്റ്ററുകളും 40 ബസും അയച്ചു. ഗുജറാത്ത് രണ്ട് യാത്രാവിമാനം ഏര്‍പ്പാടാക്കി. തമിഴ്നാട് സര്‍ക്കാരും ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കി. കേരള സര്‍ക്കാര്‍ നോര്‍ക്കയിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് ഡെറാഡൂണില്‍ അയച്ചത്. മറ്റൊരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല. ഡല്‍ഹിയിലെത്തിയാല്‍ എന്തെങ്കിലും സഹായം ചെയ്യാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

കേദാര്‍നാഥിലേക്കുള്ള വഴിയായ ഗൗരീഖണ്ഡ്, ബദരീനാഥ് തുടങ്ങിയ സ്ഥലങ്ങളിലായി നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. സൈന്യം ഇതുവരെ എത്തിയിട്ടില്ലാത്ത സ്ഥലങ്ങളില്‍ കുടുങ്ങിയവരാണ് കടുത്ത ദുരിതം അനുഭവിക്കുന്നത്. പലയിടത്തും ഭക്ഷ്യവസ്തുക്കള്‍ കിട്ടാനില്ല. കിട്ടിയാല്‍ത്തന്നെ നൂറിരട്ടിവരെ വില നല്‍കേണ്ടിവരുന്നു. രോഗികള്‍ മരുന്നുപോലും കിട്ടാതെ അവശരാണ്. ഹെലികോപ്റ്ററുകളും സൈന്യത്തിന്റെ മറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചും 70,000 പേരെ രക്ഷപ്പെടുത്തിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് ഷിന്‍ഡെ സമ്മതിച്ചു. സൈന്യത്തിന്റെ 43 ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ഇതുള്‍പ്പെടെ അറുപതോളം ഹെലികോപ്റ്ററുകളാണ് ദുരിതാശ്വാസപ്രവര്‍ത്തനം നടത്തുന്നത്. 5000 സൈനികരും രംഗത്തുണ്ട്. അരലക്ഷം പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്.
(വി ജയിന്‍)

ഉത്തരാഖണ്ഡ് ശ്മശാനഭൂമി

ആലപ്പുഴ: ഉത്തരാഖണ്ഡിലെ അളകനന്ദ പവര്‍ഹൗസ് വെള്ളത്തില്‍ മുങ്ങുന്നതും സ്റ്റോര്‍ഹൗസും ഓഫീസും തകര്‍ന്ന് പ്രളയജലത്തില്‍ ഒലിച്ചുപോകുന്നതും നോക്കിനില്‍ക്കേണ്ടി വന്നതിന്റെ നിസഹായാവസ്ഥയിലാണ് സത്യന്‍. മണിക്കൂറുകള്‍ കഴിയെ കുത്തൊഴുക്കില്‍ മനുഷ്യ ശരീരങ്ങളും വീടുകളുടെ അവശിഷ്ടങ്ങളും വന്നു തുടങ്ങി. 1500ലേറെ പാചകവാതക സിലിണ്ടറുകള്‍ ഒഴുകിപ്പോയതിനും സാക്ഷിയായ സത്യന്‍ കേദാര്‍നാഥില്‍നിന്ന് ദേശാഭിമാനിയോട് പറഞ്ഞു.

മാരാരിക്കുളം നോര്‍ത്ത് പുതുപ്പറമ്പ് വെളിയിലെ സത്യന്‍ ഋഷികേശിനും കേദാര്‍നാഥിനും മധ്യേ തെഹ്റി ജില്ലയിലെ ശ്രീനഗറില്‍ പവര്‍ഹൗസില്‍ ഫോര്‍മാനാണ്. ഉത്തരാഖണ്ഡിലെ അനുഭവം ഫോണിലൂടെ അദ്ദേഹം പങ്കുവെച്ചു. ഇവിടത്തെ പ്രളയ ദുരിതം സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ ദുരന്തവ്യാപ്തിയുടെ നൂറിലൊന്നുപോലുമില്ല. ശ്രീനഗറിന് മുകളിലുള്ള മൂന്നു ഗ്രാമങ്ങള്‍ പൂര്‍ണമായി ഒലിച്ചുപോയി. അവ നിലനിന്നിരുന്നു എന്നതിന് ഒരു തെളിവുപോലുമില്ല. ഓരോ ഗ്രാമത്തിലും മൂവായിരത്തിലേറെ പേര്‍ താമസിച്ചിരുന്നു. ആരെങ്കിലും അവശേഷിക്കുന്നുണ്ടോയെന്ന് അറിയില്ല.

കേദാര്‍നാഥിന് അരക്കിലോമീറര്‍ മുകളിലാണ് മലയിടിഞ്ഞത്. പത്തുമിനിട്ടിനകം പ്രളയജലവും പാറയും മണ്ണും കേദാര്‍നാഥിനെ മൂടി. ക്ഷേത്രത്തിന് ഇരുവശവുമുള്ള 90 അതിഥിമന്ദിരങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ക്ഷേത്രത്തിനുള്ളില്‍ ഇപ്പോഴും ശവശരീരങ്ങള്‍ ഒഴുകിനടക്കുകയാണെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീനഗറിലെ ചെക്ക് പോസ്റ്റിലെ കണക്ക് അനുസരിച്ച് 33,420 പേര്‍ കേദാര്‍നാഥ് തീര്‍ഥാടനത്തിന് പോയി. ഇതില്‍ 150 ഓളം മലയാളികളുമുണ്ട്. എന്നാല്‍ പതിനായിരത്തില്‍ താഴെ പേര്‍ മാത്രമാണ് മടങ്ങിയത്. സര്‍ക്കാര്‍ കണക്കുകള്‍ പറയുന്ന 700 എന്ന മരണസംഖ്യ ദുരന്തത്തിന്റെ ഒരറ്റംപോലുമല്ല. പവര്‍ഹൗസില്‍ വെള്ളം കയറുന്നുവെന്ന് ഞായറാഴ്ച രാത്രി കാവല്‍ക്കാരന്‍ ഫോണില്‍ വിളിച്ചു പറഞ്ഞപ്പോഴാണ് അപകടം അറിഞ്ഞത്. അവിടെ ചെല്ലുമ്പോള്‍ പവര്‍ഹൗസിനോട് ചേര്‍ന്നുള്ള സ്റ്റോര്‍റൂം വെള്ളത്തിലാണ്. സാധനങ്ങള്‍ മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ സ്ഥിതിഗതി നിയന്ത്രണാതീതമായി. 83 മെഗാവാട്ടിന്റെ നാലു ജനറേറ്റര്‍ അടങ്ങുന്ന പവര്‍ഹൗസ് വെള്ളത്തിലും ചെളിയിലും മുങ്ങാന്‍ തുടങ്ങി. പിന്നെ ജീവന്‍ രക്ഷിക്കാന്‍ എല്ലാം ഉപേക്ഷിച്ച് പിന്‍വാങ്ങുകമാത്രമേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ.

കേദാര്‍നാഥില്‍ നിന്ന് 190 കിലോമീറ്റര്‍ താഴെയുള്ള ശ്രീനഗറിലും അവിടെ നിന്ന് 120 കിലോമീറ്റര്‍ താഴെയുള്ള ഋഷികേശിലും വരെ പ്രളയം ദുരിതം വിതച്ചു. വെള്ളം ഇറങ്ങിതുടങ്ങിയപ്പോള്‍ തന്നെ പവര്‍ഹൗസില്‍ നാല് മൃതദേഹങ്ങള്‍ കണ്ടു. പൂര്‍ണമായി വെള്ളം വറ്റിച്ചാല്‍ മാത്രമേ എത്ര മൃതദേഹങ്ങളുണ്ടെന്ന് മനസിലാക്കാന്‍ കഴിയൂ. ഉത്തരാഖണ്ഡില്‍ ജൂലൈ ആദ്യവാരം മാത്രമാണ് മണ്‍സൂണ്‍ എത്താറ്. അതിനാല്‍ തീര്‍ഥാടകരുടെ എണ്ണം കൂടുതലായിരുന്നു. അവിടെ കുടുങ്ങികിടക്കുന്നവരുടെ സ്ഥിതി ഇതിലേറെ പരിതാപകരമാണെന്നും സത്യന്‍ പറഞ്ഞു.
(ഡി ദിലീപ്)

deshabhimani

No comments:

Post a Comment