പ്രൈമറിക്ക് 150, പ്രൈമറിയും അപ്പര്‍ പ്രൈമറിയും ചേര്‍ന്ന് 250, അപ്പര്‍ പ്രൈമറി മാത്രം 100, ഒന്നുമുതലുള്ള ഹൈസ്കൂളിന് 350, ഹൈസ്കൂള്‍ മാത്രം 100 എന്നിങ്ങനെ കുട്ടികളുടെ എണ്ണം കാട്ടിയാല്‍ സ്കൂളിന് അംഗീകാരമാകും. അധ്യാപക- വിദ്യാര്‍ഥി അനുപാതം അഞ്ചാം ക്ലാസുവരെ 1:30ഉം ആറുമുതല്‍ പത്തുവരെ 1:35ഉം.
വിദ്യാഭ്യാസരംഗത്തെ പിന്നോക്ക സംസ്ഥാനങ്ങളില്‍ അനംഗീകൃത സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കണമെന്നും 25 ശതമാനം സീറ്റില്‍ പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ പഠിക്കാന്‍ മുന്‍ഗണന ഉറപ്പാക്കണമെന്നും വിദ്യാഭ്യാസാവകാശനിയമം പറയുന്നു. ഇതിന്റെ മറവിലാണ് അനധികൃത സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലായി 52 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് മുറിയും ഇതര സൗകര്യവുമുണ്ട്. 12 ലക്ഷം വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസ് മുറിയും മറ്റ് സൗകര്യവും ഉപയോഗിക്കാനാകാത്ത സാഹചര്യമാണ്. കുട്ടികളുടെ കുറവുമൂലം സംരക്ഷിത അധ്യാപകരുടെ പട്ടികയില്‍ കാല്‍ ലക്ഷത്തോളം പേരുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ പുതുതായി സ്കൂള്‍ തുടങ്ങേണ്ടതില്ല.
2011-12ലെ സാമ്പത്തികസ്ഥിതി അവലോകന റിപ്പോര്‍ട്ടില്‍ 4614 സ്കൂള്‍ ലാഭകരമല്ലെന്നു പറയുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന സിലബസ് അനംഗീകൃത സ്കൂളുകള്‍ ഏറ്റവും കൂടുതലുള്ള പത്തനംതിട്ട ജില്ല ലാഭകരമല്ലാത്ത സ്കൂളുകളുടെ എണ്ണത്തിലും മുന്നിലാണ്- 506. പൊതുവിദ്യാലയങ്ങള്‍ ഏറ്റവും കൂടുതലുള്ള മലപ്പുറത്ത് ലാഭകരമല്ലാത്ത സ്കൂളുകള്‍ 128 മാത്രം. 6600 പൊതുവിദ്യാലയങ്ങളില്‍ ബഹുഭൂരിപക്ഷവും പഠന നിലവാരത്തില്‍ ഏറെ മുന്നിലാണ്. ഇവയുടെ തകര്‍ച്ചയ്ക്ക് പുതിയ തീരുമാനം കാരണമാകും.
യുഡിഎഫ് സര്‍ക്കാരിന് തുടക്കംമുതല്‍ പൊതുവിദ്യാഭ്യാസ വിരുദ്ധ നിലപാടാണുള്ളത്. രണ്ടായിരത്തോളം സിബിഎസ്ഇ സ്കൂളിന് എന്‍ഒസി നല്‍കി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2600 അനധികൃത സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ നീക്കമുണ്ടായിരുന്നു. കെഎസ്ടിഎയുടെയും കേരള വിദ്യാഭ്യാസ സമിതിയുടെയും പ്രതിഷേധത്തെതുടര്‍ന്ന് തീരുമാനം നടപ്പായില്ല. ഇതേത്തുടര്‍ന്ന് ഒട്ടേറെ സ്കൂളുകള്‍ സിബിഎസ്ഇയിലേക്ക് ചുവടുമാറ്റി. ഇവയ്ക്കാണ് ഇപ്പോള്‍ അംഗീകാരം ഉറപ്പാക്കിയത്. ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന സിലബസിലുള്ള അനധികൃത സ്കൂളുകള്‍ക്കും അംഗീകാരം നല്‍കുന്നത്.
സര്‍ക്കാര്‍ നീക്കം അഴിമതിക്ക്: എസ്എഫ്ഐ
തിരു: കേരളത്തിലെ അംഗീകരമില്ലാത്ത 3500 സ്കൂളിന് അംഗീകാരം നല്‍കാനുള്ള സര്‍ക്കാര്‍നീക്കം അഴിമതി ലക്ഷ്യംവച്ചുള്ളതാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജുഖാനും സെക്രട്ടറി ടി പി ബിനീഷും പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തെ ദുര്‍വ്യാഖ്യാനംചെയ്ത് യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ വിദ്യാഭ്യാസക്കച്ചവടത്തിന് എല്ലാ പിന്തുണയും കൊടുക്കുകയാണ്. നിലവിലുള്ള സര്‍ക്കാര്‍ സ്കൂളുകള്‍ ശക്തിപ്പെടുത്താനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
No comments:
Post a Comment