Sunday, June 23, 2013

നട്ടംതിരിഞ്ഞ് ജനം; ഏകോപനമില്ലാതെ സര്‍ക്കാര്‍

പേമാരിയും വെള്ളപ്പൊക്കവും ജനങ്ങളെ ദുരിതക്കയത്തിലാക്കിയിട്ടും ആശ്വാസനടപടിയെടുക്കാതെ സര്‍ക്കാര്‍. പ്രകൃതിദുരന്തത്തിന് ഇരയായവര്‍ക്ക് സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. കയറിക്കിടക്കാന്‍പോലും ഇടമില്ലാത്തവര്‍ പട്ടിണിയുടെയും പകര്‍ച്ചവ്യാധിയുടെയും പിടിയിലാണ്. ആശ്വാസനടപടികള്‍ക്ക് നേതൃത്വം നല്‍കേണ്ട മുഖ്യമന്ത്രിയും മന്ത്രിമാരും വിവാദച്ചുഴിയില്‍ പെട്ട് നട്ടംതിരിയുകയാണ്. കനത്തമഴയില്‍ എങ്ങും വന്‍ നാശനഷ്ടമാണ്. സര്‍ക്കാര്‍കണക്കനുസരിച്ച് 43 പേര്‍ മരിച്ചു. 169 വീട് പൂര്‍ണമായും 3011 എണ്ണം ഭാഗികമായും തകര്‍ന്നു. 3318 ഹെക്ടറില്‍ കൃഷി നശിച്ചു. പത്തുകോടിയിലേറെ രൂപയുടെ നഷ്ടമെന്നാണ് സര്‍ക്കാരിന്റെ പ്രാഥമികകണക്ക്.

എന്നാല്‍, യഥാര്‍ഥ കണക്കിന്റെ പത്തിലൊന്നുപോലുമില്ലിത്. ജില്ലാതലത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനമില്ലാത്തതിനാല്‍ കൃത്യമായ നാശനഷ്ടത്തിന്റെ കണക്കെടുപ്പുപോലും സര്‍ക്കാര്‍സംവിധാനത്തിന് കഴിയുന്നില്ല. പതിനായിരക്കണക്കിന് കുടുംബങ്ങളാണ് അഭയകേന്ദ്രങ്ങളില്‍ ശരണം പ്രാപിച്ചിരിക്കുന്നത്. കടുത്ത മഴയാണ്് ഇതുവരെയുണ്ടായത്. പ്രതീക്ഷിച്ചതിലും 75 ശതമാനത്തിലേറെ മഴ പെയ്തു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപനം അമ്പേ പരാജയപ്പെട്ടു. മുന്‍കാലങ്ങളില്‍ സംസ്ഥാന- ജില്ലാ തലത്തിലും നിയോജകമണ്ഡലാടിസ്ഥാനത്തിലും ദുരന്തനിവാരണസമിതി രൂപീകരിച്ച് വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിയിരുന്നു. സര്‍ക്കാരിന്റെ അനൈക്യവും അനാസ്ഥയും കാരണം ഏകോപനപ്രവര്‍ത്തനമൊന്നും ഇത്തവണ നടന്നില്ല. സംസ്ഥാനതലയോഗം ചേര്‍ന്നത് വെള്ളിയാഴ്ച. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ കാലവര്‍ഷത്തില്‍ മരിച്ചവരുടെ സംസ്കാരച്ചെലവിന് പതിനായിരം രൂപയും ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സൗജന്യറേഷനും അത്യാവശ്യ ചെലവുകള്‍ക്ക് 2000 രൂപയും വീതം അനുവദിക്കാനും തീരുമാനിച്ചു. വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്ക് ലക്ഷം രൂപയും ഭാഗികമായി തകര്‍ന്നവര്‍ക്ക് 35,000 രൂപയും നല്‍കുമെന്നും അറിയിച്ചെങ്കിലും തുക അനുവദിച്ചില്ല. തീരദേശത്തടക്കം ക്യാമ്പുകളില്‍ കഴിയുന്നവരുടെ സ്ഥിതി ദയനീയമാണ്. മിക്കയിടത്തും ഭക്ഷണവും ചികിത്സയും ലഭ്യമല്ല.

deshabhimani

No comments:

Post a Comment