Sunday, June 23, 2013

"ആപ്പിള്‍ ട്രീ"ക്കെതിരെ പരാതി നല്‍കിയ സ്ഥാപനത്തില്‍ റെയ്ഡ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തണലില്‍ തഴച്ചുവളര്‍ന്ന "ആപ്പിള്‍ ട്രീ" ചിട്ടിക്കെതിരെ കോടതിയില്‍ പരാതി നല്‍കിയ സ്ഥാപനത്തില്‍ വാണിജ്യനികുതി ഇന്റലിജന്‍സിന്റെ റെയ്ഡ്. പുല്ലേപ്പടിയിലുള്ള പട്ടശേരില്‍ ബിസിനസ് അസോസിയേറ്റ്സിലാണ് ശനിയാഴ്ച റെയ്ഡ് നടത്തിയത്. സര്‍ക്കാര്‍നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കോട്ടയം ഡിസിസി സെക്രട്ടറി കെ ജെ ജെയിംസിന്റെ ഉടമസ്ഥതയിലുള്ള ചിട്ടിസ്ഥാപനമാണ് ആപ്പിള്‍ ട്രീ. പരാതി നല്‍കിയതിലുള്ള പ്രതികാരമെന്നനിലയ്ക്കാണ് റെയ്ഡ് നടത്തിയതെന്നാണ് സൂചന.

ഒക്ടോബറിലാണ് സ്ഥാപന ഉടമ ആപ്പിള്‍ ട്രീയുടെ ചിട്ടിയില്‍ ചേരുന്നത്. ഒരു കോടി രൂപയുടേതായിരുന്നു ചിട്ടി. 20 മാസത്തവണകളായാണ് പണം അടയ്ക്കേണ്ടിയിരുന്നത്. നാലുതവണകളിലായി 17 ലക്ഷം രൂപ അടച്ചു. എന്നാല്‍, ആപ്പിള്‍ ട്രീക്ക് ഒരു കോടിയുടെ ചിട്ടി നടത്താന്‍ ലൈസന്‍സ് ഇല്ലെന്ന് മനസ്സിലാക്കിയപ്പോള്‍ തുടര്‍ന്ന് പണമടയ്ക്കാന്‍ തയ്യാറല്ലെന്നും നല്‍കിയ പണം തിരികെതരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, പണം ലഭിച്ചില്ല. ചര്‍ച്ചയ്ക്കായി കോട്ടയത്തെ ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പലതവണ ചെന്നെങ്കിലും ഓഫീസ് പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്ന് ജനുവരിയില്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയെന്ന് പട്ടശേരില്‍ ബിസിനസ് അസോസിയേറ്റ്സ് മാനേജിങ് പാര്‍ട്ണര്‍ ജിമ്മി ഏലിയാസ് പറഞ്ഞു. ഞായറാഴ്ചയും ആപ്പിള്‍ ട്രീ ഭാരവാഹികള്‍ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.

കൊച്ചിയില്‍ സോളാര്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന 14 സ്ഥാപനങ്ങളില്‍ ശനിയാഴ്ച റെയ്ഡ് നടത്തിയതായി വാണിജ്യനികുതി അധികൃതര്‍ പറഞ്ഞു. സ്ഥാപനങ്ങള്‍ നികുതിവെട്ടിപ്പ് നടത്തുന്നുണ്ടോയെന്ന് കണ്ടെത്താനായിരുന്നു പരിശോധന. ഇതിന് സരിത എസ് നായര്‍ നടത്തിയ സോളാര്‍ തട്ടിപ്പുമായോ ചിട്ടി തട്ടിപ്പുമായോ ബന്ധമില്ലെന്ന് അധികൃതര്‍ അവകാശപ്പെട്ടു. എറണാകുളം പാലാരിവട്ടം പൊലീസ്സ്റ്റേഷനില്‍ ആപ്പിള്‍ ട്രീ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു പരാതികള്‍ ലഭിച്ചിട്ടുണ്ട്. ചേര്‍ത്തല തൈപ്പറമ്പില്‍ ടി ജി ആന്റണിക്ക് രണ്ടു ചിട്ടികളാണ് ഉണ്ടായിരുന്നത്. ഇതില്‍ നാലുമാസംകൊണ്ട് ഒരു ലക്ഷത്തിലധികം രൂപ അടച്ചു. എന്നാല്‍, ഇടപാടില്‍ സംശയം തോന്നിയതിനാല്‍ പിന്നീട് പണം ചോദിച്ചപ്പോള്‍ നല്‍കിയില്ല. ഷിനോ സാമുവല്‍ 1,06,000 രൂപയാണ് അടച്ചത്. പിന്നീട് പണം ചോദിച്ചപ്പോള്‍ 25,000 രൂപ കുറച്ചുനല്‍കാമെന്നായിരുന്നു മറുപടി. ചിട്ടി തവണകള്‍ അടയ്ക്കുന്നതിന് വീഴ്ച വരുത്തിയതുമൂലമാണ് പണം കുറയ്ക്കുന്നത് എന്നായിരുന്നു വിശദീകരണം. ഏജന്റുമാര്‍ ചിട്ടിപിരിവിന് കൃത്യമായി വരാറില്ലായിരുന്നു. ഇവര്‍ പിരിവില്‍ വരുത്തുന്ന വീഴ്ച ചിട്ടിതവണ മുടക്കുന്നതായാണ് സ്ഥാപനം കണക്കാക്കിയത്. കൂടാതെ ഓരോ മാസവും ചിട്ടി സ്ഥാപനത്തിലെ മാനേജര്‍മാര്‍ മാറിക്കൊണ്ടിരുന്നു. ഇതുമൂലം കൃത്യമായി പരാതിപ്പെടാനും കഴിഞ്ഞില്ല.

deshabhimani

No comments:

Post a Comment