Sunday, June 23, 2013

ഫിറോസിനെതിരായ ഫയല്‍ വരാന്തയില്‍ കണ്ടെത്തിയെന്ന്

സോളാര്‍ തട്ടിപ്പില്‍ സരിതയുടെ കൂട്ടുപ്രതിയായ മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് കമീഷണര്‍ നല്‍കിയ ഫയല്‍ സെക്രട്ടറിയറ്റിലെ വരാന്തയില്‍നിന്നു കണ്ടെത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഫയല്‍ മുക്കിയെന്ന് ആരോപിച്ച് സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് ജി ബൈജുവിനെ സസ്പെന്‍ഡ് ചെയ്തു. ദീര്‍ഘമായ തെരച്ചിലിനൊടുവിലാണ് ഫയല്‍ പൊതുഭരണവകുപ്പിന്റെ വരാന്തയില്‍നിന്ന് കണ്ടെത്തിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച രാത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. നേരത്തെ പൊതുഭരണവകുപ്പിലായിരുന്ന ബൈജു ഇപ്പോള്‍ വ്യവസായവകുപ്പിലാണ്. ഈ ഫയല്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഫിറോസിനെ സസ്പെന്‍ഡ് ചെയ്തതെന്ന് മന്ത്രി കെ സി ജോസഫ് നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. കണ്ടെത്തിയതായി മന്ത്രി പറഞ്ഞ അതേ ഫയലാണ് മൂന്നു ദിവസം കഴിഞ്ഞ് സെക്രട്ടറിയറ്റ് വരാന്തയില്‍നിന്നു കിട്ടിയത്.

സരിത നായര്‍ക്കും ബിജുവിനും ഒപ്പം തട്ടിപ്പുകേസില്‍ പ്രതിയായ ഫിറോസിനെതിരെ നടപടിയെടുക്കാന്‍ സിറ്റി പൊലീസ് കമീഷണര്‍ പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് 2010 നവംബര്‍ 25ന് അയച്ച കത്തും ഇതുസംബന്ധിച്ച ഫയലും കാണാനില്ലെന്ന് സര്‍ക്കാര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ഈ കത്ത് പൂഴ്ത്തി. തട്ടിപ്പുകേസില്‍ മൂന്നാം പ്രതിയായ ഫിറോസിനെ മാനദണ്ഡങ്ങള്‍ മറികടന്ന് പിആര്‍ഡി ഡയറക്ടറായി നിയമിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ സി ജോസഫും നേരിട്ട് ഇടപെട്ടാണ് സ്ഥാനക്കയറ്റം നല്‍കിയത്. 2011ല്‍ ഇതുസംബന്ധിച്ച് ഡിജിപിയില്‍നിന്നു മറ്റൊരു കത്ത് പൊതുഭരണവകുപ്പിനു വന്നെങ്കിലും നടപടിയെടുക്കുന്നതിനു പകരം വീണ്ടും ഡിജിപിക്ക് റഫര്‍ ചെയ്തെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 2011 ജൂണ്‍ എട്ടിന് ബൈജുവിനു പകരം പുതിയ അസിസ്റ്റന്റ് ചുമതലയേറ്റെങ്കിലും ഫയല്‍ കണ്ടെത്തിയില്ല. ഇതുമൂലമാണ് ഫിറോസിന് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കിയത്. ഫിറോസിന്റെ ഫയലാണ് ഇതെന്ന് പേഴ്സണല്‍ രജിസ്റ്ററില്‍ പരാമര്‍ശിച്ചിരുന്നില്ലെന്നും വിപുലമായ തെരച്ചിലിലാണ് വരാന്തയില്‍ കൂട്ടിയിട്ട പഴയ ഫയല്‍കൂമ്പാരത്തില്‍നിന്നു കണ്ടെടുത്തതെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. രണ്ടുവര്‍ഷം മുമ്പ് സ്ഥലം മാറിപ്പോയ ബിജുവിന്റെ വീഴ്ചയാണ് ഫയല്‍ കാണാതെ പോയതിനു പിന്നിലെന്നാണ് പൊതുഭരണവകുപ്പ് സെക്രട്ടറിയുടെ ആരോപണം. ഫയല്‍ അപ്രത്യക്ഷമായ സാഹചര്യത്തില്‍ കേസിന്റെ വിശദാംശം അറിയാതെയാണ് ഫിറോസിനെ പിആര്‍ഡി ഡയറക്ടറായി നിയമിച്ചതെന്നും വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു.

മുന്‍ പിആര്‍ഡി ഡയറക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

തിരു: തട്ടിപ്പ് കേസില്‍ സരിത എസ് നായരുടെ കൂട്ടുപ്രതിയായ മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവ്. ഫിറോസിന്റെ സാമ്പത്തിക ഇടപാടുകളും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് കാണാതായതും അന്വേഷിക്കും. സ്ഥാനക്കയറ്റം നേടിയതില്‍ വഴിവിട്ട നടപടികളുണ്ടായോ എന്നും അന്വേഷിക്കും. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ സരിത, ബിജു എന്നിവരുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഫിറോസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ മൂവരും പ്രതികളായി മെഡിക്കല്‍ കോളേജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവിലുണ്ട്. 25 കോടി വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് കേശവദാസപുരം സ്വദേശി സലീം കബീറില്‍നിന്ന് 40 ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്. 2009 ഡിസംബര്‍ 26ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഫിറോസിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് സിറ്റി പൊലീസ് കമീഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് സെക്രട്ടറിയറ്റില്‍നിന്ന് കാണാതായി. യുഡിഎഫ് സര്‍ക്കാരാണ് ഫിറോസിനെ പിആര്‍ഡി ഡയറക്ടര്‍ ആയി സ്ഥാനക്കയറ്റം നല്‍കിയത്.

ശാലുവിന്റെ അംഗത്വം: കൊടിക്കുന്നിലിന്റെ വാദം പൊള്ള

കോട്ടയം: ശാലുമേനോന്‍ സിനിമ സെന്‍സര്‍ ബോര്‍ഡ് അംഗമായത് സംബന്ധിച്ച കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ ന്യായവാദം പൊള്ള. കേന്ദ്രമന്ത്രി അംബികാ സോണി,വനിതാ പ്രാതിനിധ്യമുറപ്പിക്കാന്‍ ഒരാളെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ ശാലുമേനോന്റെ പേര് നിര്‍ദേശിച്ചതെന്നായിരുന്നു കൊടിക്കുന്നിലിന്റെ വിശദീകരണം.

എന്നാല്‍ നിയമനം വിജ്ഞാപനം ചെയ്ത് 2012 ജനുവരി 19ന് വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ 15 വനിതകളുമുണ്ട്. അതായത് വനിതാ അംഗം ഇല്ലെന്നും അത് പരിഹരിക്കാന്‍ വേണ്ടതു ചെയ്യണമെന്നും അംബികാ സോണി കൊടിക്കുന്നില്‍ സുരേഷിനോട് ആവശ്യപ്പെടാന്‍ സാധ്യതയില്ല. ശാലുവിനെ 48 അംഗങ്ങളില്‍ ഒന്നാം പേരുകാരിയാക്കുകയും ചെയ്തു. വനിതാ പ്രാതിനിധ്യം ഉറപ്പിക്കാനായിരുന്നില്ല ശാലുവിന്റെ നാമനിര്‍ദ്ദേശമെന്നതും ഇതില്‍ നിന്നു വ്യക്തമാണ്. എന്തിനാണ് സിനിമയെ സംബന്ധിച്ച് ആഴത്തിലുള്ള അറിവില്ലാത്ത ശാലുമേനോനെ ഒന്നാം പേരുകാരിയായി തന്നെ ഉള്‍പ്പെടുത്താന്‍ കൊടിക്കുന്നില്‍ വാശിപിടിച്ചെതെന്നത് ദുരൂഹവുമാണ്.

ശാലുവിന്റെ അടുത്ത സൃഹൃത്തും അയല്‍ക്കാരനും കോട്ടയം ഡിസിസി അംഗവുമായ പി എന്‍ നൗഷാദും സെന്‍സര്‍ ബോര്‍ഡ് പട്ടികയില്‍ 27-ാം നമ്പര്‍ പേരുകാരനാണ്. സിനിമാകാണാറുണ്ടെന്നു മാത്രമാണ് ഇയാളുടെ യോഗ്യത. സിനിമയുമായും സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളുമായും ഗണ്യമായ ബന്ധമൊന്നുമില്ലാത്ത ഇരുവരും എങ്ങനെ ഈ പട്ടികയില്‍ കടന്നുകൂടിയെന്നത് കഴിഞ്ഞ ജില്ലാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗത്തിലും ചര്‍ച്ചയായിരുന്നു. കോട്ടയത്തുതന്നെയുള്ള നേതാക്കളാണ് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ചത്.

deshabhimani

No comments:

Post a Comment