Monday, August 16, 2010

മരുന്ന് കമ്പനി പൂട്ടിയിട്ട് 2.20 കോടി ഡോസ് വാക്സിന്‍ നശിപ്പിച്ചു

ചെന്നൈയിലെ പൊതുമേഖലാസ്ഥാപനമായ ബിസിജി ലാബ് രണ്ട് വര്‍ഷം അനാവശ്യമായി പൂട്ടിയിട്ട് 2.20 കോടി ഡോസ് വാക്സിന്‍ നശിപ്പിച്ചു. അതുവഴി രാജ്യത്തിന് നഷ്ടമായത് 6.12 കോടി രൂപയും. പയ്യന്നൂരിലെ ഡോക്ടര്‍ കെ വി ബാബുവിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍നിന്ന് ലഭിച്ച വിവരാവകാശരേഖയിലാണ് ഇക്കാര്യങ്ങള്‍.

2008 മുതല്‍ 2010 വരെയുള്ള കാലയളവിലാണ് രാജ്യത്തെ മൂന്ന് പൊതുമേഖലാ മരുന്നുല്‍പാദന സ്ഥാപനങ്ങള്‍ പൂട്ടിയിട്ട് ബിസിജി, ഡിപിടി, ടിടി തുടങ്ങിയ പ്രതിരോധമരുന്നുകള്‍ സ്വകാര്യകമ്പനികളില്‍നിന്ന് വാങ്ങിയത്. ലോകാരോഗ്യ സംഘടന നിശ്ചയിച്ച മാനദണ്ഡമനുസരിച്ചല്ല മരുന്നുകള്‍ നിര്‍മിക്കുന്നതെന്നുപറഞ്ഞാണ് ഹിമാചല്‍പ്രദേശ് ഖസോളിയിലെ സെന്ററല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ചെന്നൈയിലെ ബിസിജി ലാബ്, കൂനൂര്‍ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ 2008 ജനുവരി 15ന് പൂട്ടിയത്. എന്നാല്‍,ഒരു നവീകരണ പ്രവര്‍ത്തനവും നടത്താതെ 2010 ഫെബ്രുവരി 22ന് സ്ഥാപനങ്ങള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ബിസിജി ലാബ് വീണ്ടും തുറന്നപ്പോഴാണ് 2.20 കോടി ഡോസ് വാക്സിന്‍ സ്ഥാപനത്തില്‍ അവശേഷിച്ചതായി കണ്ടെത്തിയത്. രണ്ട് വര്‍ഷം മാത്രം കാലാവധിയുളള മരുന്ന് നശിപ്പിക്കുകയല്ലാതെ വഴിയില്ലായിരുന്നു.

ഇന്ത്യയില്‍ ബിസിജി വാക്സിന്‍ ഉല്‍പാദിപ്പിക്കുന്നത് രണ്ട് കമ്പനികള്‍ മാത്രമാണ്. അതിലൊന്നാണ് പൊതുമേഖലയിലുളള ചെന്നൈയിലെ ബിസിജി ലാബ്. മറ്റൊന്ന് സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും. ചെന്നൈയിലെ ലാബ് പൂട്ടിയതോടെ രാജ്യത്ത് മൂന്ന് മാസം ബിസിജി വാക്സിന് കടുത്ത ക്ഷാമം നേരിട്ടു. അതോടെ, പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിരോധമരുന്നിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു. 2007-08ല്‍ 13 രൂപയുണ്ടായിരുന്ന ബിസിജി വാക്സിന് 2008-09ല്‍ 17.50 രൂപയായും 2009-10ല്‍ 27.85 രൂപയായുമാണ് വര്‍ധിപ്പിച്ചത്. പ്രതിരോധമരുന്ന് നിര്‍മിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ അനാവശ്യമായി പൂട്ടിയതിലൂടെയും സ്വകാര്യ കമ്പനികളില്‍നിന്ന് മരുന്ന് വാങ്ങിയതിലൂടെയും 100 കോടിയിലധികം രൂപ നഷ്ടമായതായി പാര്‍ലമെന്റിലടക്കം ആരോപണം ഉയര്‍ന്നിരുന്നു.

deshabhimani 16082010

2 comments:

  1. ചെന്നൈയിലെ പൊതുമേഖലാസ്ഥാപനമായ ബിസിജി ലാബ് രണ്ട് വര്‍ഷം അനാവശ്യമായി പൂട്ടിയിട്ട് 2.20 കോടി ഡോസ് വാക്സിന്‍ നശിപ്പിച്ചു. അതുവഴി രാജ്യത്തിന് നഷ്ടമായത് 6.12 കോടി രൂപയും. പയ്യന്നൂരിലെ ഡോക്ടര്‍ കെ വി ബാബുവിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍നിന്ന് ലഭിച്ച വിവരാവകാശരേഖയിലാണ് ഇക്കാര്യങ്ങള്‍.

    ReplyDelete
  2. ചെന്നൈയിലെ പൊതുമേഖലാസ്ഥാപനമായ ബിസിജി ലാബ് രണ്ട് വര്‍ഷം അനാവശ്യമായി പൂട്ടിയിട്ട്??? what was the reason for closing?

    ReplyDelete