നാല്‍പ്പതിനായിരം കോടി രൂപയുടെ പൊതുമേഖലാ ഓഹരികള്‍ വിറ്റ് കാശുമാറി ഭരണം നയിക്കുന്ന സര്‍ക്കാരാണ് ഡല്‍ഹിയിലുള്ളത്. നാടിന്റെ പൊതുസ്വത്ത് ഇങ്ങനെ വിറ്റുതുലയ്ക്കുന്നതിനെപ്പറ്റി ഒരു കോടതിയും ഒരക്ഷരവും പറഞ്ഞുകേട്ടിട്ടില്ല. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന് പൊതുമേഖലാ വ്യവസായങ്ങളുടെ നടത്തിപ്പിലുണ്ടായ പുരോഗതിയാണ്. നഷ്ടത്തിലോടിയ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കഠിനാധ്വാനം ചെയ്താണ് ലാഭകരമായ നടത്തിപ്പിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് ഫലപ്രദമായ ബദല്‍ ഉയര്‍ത്തിക്കൊണ്ടാണത്. അങ്ങനെ ഉണ്ടാക്കിയ ലാഭം പുതിയ എട്ട് പൊതുമേഖലാ സ്ഥാപനം തുടങ്ങുന്നതിന് ആവശ്യമായ ഫണ്ടായി ഉപയോഗിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. അത് കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞത് ഒട്ടേറെ ആശങ്കകളാണുയര്‍ത്തിയത്.
2007ലെ വ്യവസായനയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ രൂപംനല്‍കിയ പദ്ധതിയാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ പേരില്‍ ഏതാനുംപേര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ജസ്റ്റിസ് എസ് സിരിജഗന്‍ താല്‍ക്കാലികമായി തടഞ്ഞത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് മലബാര്‍ സിമന്റ്സില്‍നിന്ന് 40 കോടിയും ചവറ കെഎംഎംഎല്ലില്‍നിന്ന് 60 കോടിയും വിനിയോഗിച്ച് പദ്ധതി നടപ്പാക്കാനായിരുന്നു സര്‍ക്കാര്‍ലക്ഷ്യം. 30 വര്‍ഷത്തിനുശേഷം ആദ്യമായി സംസ്ഥാനത്ത് പുതിയ പൊതുമേഖലാ സ്ഥാപനം ആരംഭിക്കുന്നതിനും പൊതുമേഖലയില്‍ മൂലധനം നിക്ഷേപിക്കുന്നതിനുമുണ്ടായ മുന്‍കൈയാണ് സിംഗിള്‍ ബെഞ്ച് തടഞ്ഞിരുന്നത്. സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറിയും വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഇതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസ് ജെസ്തി ചെലമേശ്വര്‍, ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അനുവദിച്ചിരിക്കയാണ്. പൊതുമേഖലയുടെ വളര്‍ച്ചയാഗ്രഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്നതാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഈ നടപടി.
നൂറ്റിയിരുപത്തഞ്ചു കോടി മുതല്‍മുടക്കില്‍ എട്ട് പൊതുമേഖലാസ്ഥാപനം ആരംഭിക്കാനും 25 കോടി രൂപ ചെലവില്‍ വികസനപദ്ധതി നടപ്പാക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. കെഎംഎംഎല്ലിന്റെ മിച്ചഫണ്ടില്‍നിന്ന് 60 കോടിയും മലബാര്‍ സിമന്റ്സില്‍നിന്ന് 40 കോടിയും ഇതിനായി വിനിയോഗിക്കാന്‍ അതത് സ്ഥാപനത്തിന്റെ ഡയറക്ടര്‍ബോര്‍ഡ് തീരുമാനിച്ചു.പൊതുപണം എങ്ങനെ വിനിയോഗിക്കണമെന്ന് നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരിനാണ്. നിയമസഭ അംഗീകരിച്ച പദ്ധതിയാണിത്. സ്വന്തം വികസനത്തിന് മാറ്റിവച്ചശേഷമുള്ള ഫണ്ട് പൊതുമേഖലയില്‍തന്നെ വിനിയോഗിക്കുന്നത് സിംഗിള്‍ബെഞ്ച് സ്റ്റേ ചെയ്തതിന്റെ അനൌചിത്യം വിവിധ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ വിവിധ പൊതുമേഖലാ കമ്പനികളില്‍ വന്‍തോതില്‍ നിക്ഷേപിച്ചിട്ടുണ്ട്. പിന്നെന്തിന് സംസ്ഥാനത്തെ കമ്പനികളുടെ പരസ്പരസഹകരണം വിലക്കുന്നതെന്ന ചോദ്യമാണുയര്‍ന്നത്. അത്തരം വിമര്‍ശങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ വന്ന ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
സര്‍ക്കാരിന്റെ നയപരവും നിയമാനുസൃതവുമായ തീരുമാനത്തില്‍ കൈകടത്താന്‍ ജുഡീഷ്യറിക്ക് അധികാരമില്ല. നിയമസഭ പാസാക്കിയ ബജറ്റിലുള്ളതാണ് പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള തീരുമാനം. അതിന് ഇടങ്കോലിടുകവഴി ലജിസ്ളേച്ചറിന്റെ അധികാരത്തിലുംകൂടിയാണ് സിംഗിള്‍ ബെഞ്ച് കൈകടത്തിയത്. എക്സിക്യൂട്ടീവിന്റെയും ലജിസ്ളേച്ചറിന്റെയും അധികാരങ്ങള്‍ ജുഡീഷ്യറി ഏറ്റെടുക്കുന്നത് അഭിലഷണീയ പ്രവണതയല്ല; അപകടകരവുമാണ്-ഈ യാഥാര്‍ഥ്യങ്ങള്‍ക്ക് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം അടിവരയിടുന്നു.
നൂറുകോടി രൂപ മുടക്കി പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരംഭിക്കാനും മറ്റുള്ളവ പുനരുദ്ധരിക്കാനുമുള്ള പദ്ധതി സര്‍ക്കാരിന്റെ വ്യവസായനയത്തിന്റെ ഭാഗമാണെന്നും അത് നടപ്പാക്കുന്നത് സ്റ്റേചെയ്ത സിംഗിള്‍ ബെഞ്ച് വിധി നിയമവിരുദ്ധവും നയപരമായ കാര്യത്തിലുള്ള ഇടപെടലുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ മിച്ചഫണ്ട് ഉപയോഗിച്ച് മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ വികസിപ്പിക്കാനും പുനരുദ്ധരിക്കാനും സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കുന്നത് ആദ്യത്തെ സംഭവമല്ല. ഓരോ സര്‍ക്കാരിന്റെയും സ്വാതന്ത്ര്യമാണ് സാമ്പത്തികനയം തീരുമാനിക്കുക എന്നത്. അത് കോടതികളുടെ പുനരവലോകനത്തിന് വിധേയമാക്കാനാകില്ല. സുപ്രീംകോടതി 'ബാല്‍കോ' കേസില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
നയങ്ങളുടെ ശരിതെറ്റുകള്‍ പരിശോധിക്കാനുള്ള അര്‍ഹതയും അധികാരവും ജനാധിപത്യപരമായി തെരഞ്ഞെടുത്ത പാര്‍ലമെന്റിനും നിയമസഭയ്ക്കുമാണ്. അത് അംഗീകരിക്കാതെയുള്ള ഇടപെടല്‍ ഭരണഘടനാപ്രതിസന്ധിയിലേക്കാണ് നീങ്ങുക. ജനങ്ങള്‍ തെരഞ്ഞെടുത്ത് അയക്കുന്നവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ അവര്‍ക്കുതന്നെ വിട്ടുകൊടുക്കേണ്ടതുണ്ട്. ജുഡീഷ്യറിയും ലജിസ്ളേച്ചറും എക്സിക്യൂട്ടീവും ഒന്നിനൊന്ന് പകരമാകേണ്ടതല്ല; പരസ്പരപൂരകമാകേണ്ടവയാണ്.
അനാവശ്യ പരാമര്‍ശങ്ങളിലൂടെയും പ്രകടമായിത്തന്നെ അനുചിതമെന്ന് തോന്നുന്ന തീര്‍പ്പുകളിലൂടെയും വാര്‍ത്തകളില്‍ സ്ഥാനം നേടുക മാത്രമല്ല, സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുകകൂടിയാണ് ചില കോടതികളെന്ന വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. കോടതിക്ക് നിയമപ്രശ്നങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള അധികാരത്തെ ചോദ്യംചെയ്യാതിരിക്കുമ്പോള്‍ത്തന്നെ, അത്തരം ഇടപെടല്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും വാദം പരിശോധിച്ചുകൊണ്ടാകണമെന്ന ന്യായയുക്തമായ ആവശ്യം അവഗണിക്കാനാകില്ല. ഇവിടെ, സംസ്ഥാന സര്‍ക്കാരിന്റെ ഭാഗം കേട്ടല്ല സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേ ഉണ്ടായത്. ഈ വിധിയോട് സര്‍ക്കാര്‍ പ്രതികരിച്ച രീതി, ആരോഗ്യകരമായ ബന്ധം ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മില്‍ ഉണ്ടാകണമെന്ന ക്രിയാത്മകനിലപാടിലൂന്നിയാണ്.
പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള തുക ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വായ്പയായി നല്‍കുമെന്നാണ് ധനമന്ത്രി ടി എം തോമസ് ഐസക്കും വ്യവസായമന്ത്രി എളമരം കരീമും വ്യക്തമാക്കിയത്. ബജറ്റില്‍ പ്രഖ്യാപിച്ച വ്യവസായപുനരുദ്ധാരണപദ്ധതിക്ക് തടസ്സമുണ്ടാകില്ലെന്നും മന്ത്രിമാര്‍ ഉറപ്പുപറഞ്ഞിട്ടുണ്ട്. ജനങ്ങളോടും നാടിനോടും ഉത്തരവാദിത്തമുള്ള ഭരണാധികാരികള്‍ക്ക് അതാണ് ചെയ്യാനുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ അനുവദിച്ച ഡിവിഷന്‍ ബെഞ്ചിന്റെ നടപടിയും അത്തരമൊന്നുതന്നെ.
ദേശാഭിമാനി മുഖപ്രസംഗം 14082010
നാല്‍പ്പതിനായിരം കോടി രൂപയുടെ പൊതുമേഖലാ ഓഹരികള്‍ വിറ്റ് കാശുമാറി ഭരണം നയിക്കുന്ന സര്‍ക്കാരാണ് ഡല്‍ഹിയിലുള്ളത്. നാടിന്റെ പൊതുസ്വത്ത് ഇങ്ങനെ വിറ്റുതുലയ്ക്കുന്നതിനെപ്പറ്റി ഒരു കോടതിയും ഒരക്ഷരവും പറഞ്ഞുകേട്ടിട്ടില്ല. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന് പൊതുമേഖലാ വ്യവസായങ്ങളുടെ നടത്തിപ്പിലുണ്ടായ പുരോഗതിയാണ്. നഷ്ടത്തിലോടിയ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കഠിനാധ്വാനം ചെയ്താണ് ലാഭകരമായ നടത്തിപ്പിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് ഫലപ്രദമായ ബദല്‍ ഉയര്‍ത്തിക്കൊണ്ടാണത്. അങ്ങനെ ഉണ്ടാക്കിയ ലാഭം പുതിയ എട്ട് പൊതുമേഖലാ സ്ഥാപനം തുടങ്ങുന്നതിന് ആവശ്യമായ ഫണ്ടായി ഉപയോഗിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. അത് കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞത് ഒട്ടേറെ ആശങ്കകളാണുയര്‍ത്തിയത്.
ReplyDelete