Wednesday, August 11, 2010

വ്യവസായ പുനരുദ്ധാരണ പദ്ധതി നടപ്പാക്കല്‍ കോടതി തടഞ്ഞു

സംസ്ഥാനത്തെ എട്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കിയ പദ്ധതി നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേചെയ്തു. 2007ലെ വ്യവസായനയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ രൂപംനല്‍കിയ പദ്ധതിയാണ് ജസ്റ്റിസ് എസ് സിരിജഗന്‍ താല്‍ക്കാലികമായി തടഞ്ഞത്.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് മലബാര്‍ സിമന്റ്സില്‍നിന്ന് 40 കോടിയും ചവറ കെഎംഎംഎല്ലില്‍നിന്ന് 60 കോടിയും വിനിയോഗിച്ച് പദ്ധതി നടപ്പാക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. ഈ നടപടി ചോദ്യംചെയ്ത് മലബാര്‍ സിമന്റ്സ് എംപ്ളോയീസ് അസോസിയേഷന്‍, ചവറ കെഎംഎംഎല്ലിലെ ടൈറ്റാനിയം ലേബര്‍ കോണ്‍ഗ്രസ്, കേരള മിനറല്‍സ് ആന്‍ഡ് ടൈറ്റാനിയം എംപ്ളോയീസ് അസോസിയേഷന്‍ (എഐടിയുസി), എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് സ്റ്റേ ഉത്തരവ്. സര്‍ക്കാര്‍തീരുമാനം രാഷ്ട്രീയപ്രേരിതവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണെന്നും ആരോപിച്ചാണ് ഹര്‍ജികള്‍.

കെഎംഎംഎല്ലിന്റെ ലാഭവിഹിതം ഉപയോഗിച്ച് കണ്ണൂരിലെ ഹൈടെക് വീവിങ് ഫാക്ടറി, കാസര്‍കോട് ഉദുമയിലെ ഓപ്പണ്‍ എന്‍ഡ് സ്പിന്നിങ് പ്രോജക്ട്, കോഴിക്കോട്ടെ മലബാര്‍ സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍ എന്നിവയും മലബാര്‍ സിമന്റ്സിന്റെ ലാഭവിഹിതം ഉപയോഗിച്ച് ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍, അങ്കമാലി ട്രാക്കോ കേബിള്‍, കേരള സോപ്സ് വികസനപദ്ധതി, കോമളപുരം സ്പിന്നിങ് മില്‍, കാസര്‍കോട് ന്യൂ ടെക്സ്റ്റൈല്‍ മില്‍ എന്നിവയും പുനരുദ്ധരിക്കാനാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചത്. സംസ്ഥാനത്തെ വ്യവസായമേഖലയുടെ വളര്‍ച്ചയും കൂടുതല്‍ തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നതാണ് പദ്ധതിയെന്ന് വ്യവസായവകുപ്പ് കോടതിയില്‍ ബോധിപ്പിച്ചു. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി വ്യാവസായികവളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനാണ് വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളടക്കമുള്ളവയുടെ പുനരുദ്ധാരണത്തിന് പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയിലൂടെ 700 പേര്‍ക്ക് തൊഴില്‍ നല്‍കാനും പ്രതിവര്‍ഷം 300 കോടി രൂപ സമാഹരിക്കാനും ലക്ഷ്യമിട്ടിരുന്നു. 2006ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ 43 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 12 എണ്ണംമാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, ഈ സാമ്പത്തികവര്‍ഷം 32 സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നും വ്യവസായവകുപ്പ് വിശദീകരിച്ചു.

ദേശാഭിമാനി 11082010

1 comment:

  1. സംസ്ഥാനത്തെ എട്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കിയ പദ്ധതി നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേചെയ്തു. 2007ലെ വ്യവസായനയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ രൂപംനല്‍കിയ പദ്ധതിയാണ് ജസ്റ്റിസ് എസ് സിരിജഗന്‍ താല്‍ക്കാലികമായി തടഞ്ഞത്.

    ReplyDelete