കള്ളം പൊളിഞ്ഞു; പണം നല്‍കിയത് കല്‍മാഡിയുടെ അറിവോടെ
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ സംഘാടകസമിതി ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡിക്കെതിരെ കൂടുതല്‍ തെളിവ് പുറത്തുവന്നു. ബാറ്റണ്‍ റിലേയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ലണ്ടനിലെ കടലാസ് സംഘടനയായ എഎം ഫിലിംസിന് പണം നല്‍കാന്‍ ആവശ്യപ്പെട്ട് കല്‍മാഡി ഒപ്പിട്ട കത്ത് പുറത്തായി. എഎം ഫിലിംസിന്റെ അക്കൌണ്ടിലേക്ക് കോടികള്‍ ഒഴുകിയത് തനിക്കറിയില്ലെന്നും സാമ്പത്തികകാര്യങ്ങള്‍ നിയന്ത്രിക്കുന്നത് താനല്ലെന്നുമാണ് കല്‍മാഡി വാദിച്ചിരുന്നത്. അഴിമതി പുറത്തായതോടെ സംഘാടകസമിതിയില്‍നിന്ന് പുറത്താക്കപ്പെട്ട സഞ്ജയ് മൊഹിന്ദ്രു എം ജയചന്ദ്രന് അയച്ച ഫാക്സ് സന്ദേശത്തിലാണ് കല്‍മാഡി ഒപ്പിട്ടിരിക്കുന്നത്. ബാറ്റണ്‍റിലേ ഉദ്ഘാടനത്തിന് അഞ്ചു ദിവസംമുമ്പ് 2009 ഒക്ടോബര്‍ 24നാണ് കത്തെഴുതിയത്. ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിനുമുന്നില്‍ വീഡിയോ സ്ക്രീനുകള്‍ സ്ഥാപിക്കാന്‍ 1,46,868 പൌണ്ട് (1.08 കോടി രൂപ) ഉടന്‍ നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. ചെയര്‍മാന്റെ അംഗീകാരത്തിനായി മുന്നോട്ടുവയ്ക്കുന്ന കത്തില്‍ "എന്തിനാണ് ഇക്കാര്യത്തില്‍ ഇത്ര താമസം'' എന്ന് എഴുതിയാണ് കല്‍മാഡി ഒപ്പിട്ടിരിക്കുന്നത്. ഇതിനടിയില്‍ 'മോസ്റ്റ് അര്‍ജന്റ്' എന്ന് മൊഹിന്ദ്രു കുറിച്ചിട്ടുമുണ്ട്.
ഒക്ടോബര്‍ 29ന് ബക്കിങ്ഹാം കൊട്ടാരത്തില്‍ നടന്ന ക്യൂന്‍സ് ബാറ്ററിലേയുടെ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് സൌകര്യങ്ങള്‍ ഒരുക്കിയെന്ന പേരില്‍ ഇന്ത്യക്കാരനായ ആശിഷ് പട്ടേലിന്റെ എഎം ഫിലിംസ് കമ്പനിയുടെ അക്കൌണ്ടിലേക്ക് നിയമവിരുദ്ധമായി 3.2 കോടിയോളം രൂപ സംഘാടകസമിതി അയച്ചു. ബ്രിട്ടീഷ് റവന്യൂ അധികൃതര്‍ ഇക്കാര്യം കണ്ടുപിടിച്ചതോടെയാണ് അഴിമതി പുറത്തുവന്നത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷനാണ് എഎം ഫിലിംസിന്റെ പേര് നിര്‍ദേശിച്ചതെന്ന കല്‍മാഡിയുടെ വാദം വിദേശമന്ത്രാലയംതന്നെ പൊളിച്ചിരുന്നു. ഹൈക്കമീഷന്റെ യഥാര്‍ഥ കത്ത് വിദേശമന്ത്രി എസ് എം കൃഷ്ണ പുറത്തെടുത്തതോടെ കല്‍മാഡി വാര്‍ത്താസമ്മേളനത്തില്‍ കാണിച്ച കത്ത് വ്യാജമാണെന്ന് തെളിഞ്ഞു. വീഡിയോഗ്രാഫിയും ടോയ്ലറ്റുകളും മറ്റും ആവശ്യമാണെന്ന് ബ്രിട്ടീഷ് അധികൃതര്‍ ആവശ്യപ്പെട്ടത് അവസാന നിമിഷത്തിലാണെന്നും കല്‍മാഡി വാദിച്ചിരുന്നു. എന്നാല്‍, സംഘാടകസമിതിയില്‍ കല്‍മാഡിയുടെ വിശ്വസ്തരായ ബി എസ് ദര്‍ബാരിയും സഞ്ജയ് മൊഹിന്ദ്രുവും ആഗസ്ത് 22നുതന്നെ എഎം കമ്പനിയുമായി ഇടപാട് ഉറപ്പിച്ചിരുന്നെന്ന് വ്യക്തമായതോടെ ഇതും പൊളിഞ്ഞു. മാധ്യമങ്ങള്‍ക്കുമുന്നില്‍ വ്യാജ ഇ-മെയില്‍ കത്ത് ഹാജരാക്കുകയും തുടര്‍ച്ചയായി നുണ പറഞ്ഞ് കൂടുതല്‍ വിവാദം ക്ഷണിച്ചുവരുത്തുകയും ചെയ്ത കല്‍മാഡിക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മടിക്കുന്നത് ദുരൂഹമാണ്. ബാറ്ററിലേ അഴിമതിയില്‍ ബ്രിട്ടീഷ് രാജ്ഞിതന്നെ അതൃപ്തി പ്രകടിപ്പിച്ചതോടെ വിഷയം ഗൌരവപൂര്‍വം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദമേറി.
(വിജേഷ് ചൂടല്‍)
deshabhimani 10082010
No comments:
Post a Comment