Sunday, August 8, 2010

എണ്ണക്കമ്പനികളുടെ ഓഹരി സ്വകാര്യമേഖലയ്ക്ക്

പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരി സ്വകാര്യമേഖലയ്ക്ക് വില്‍ക്കുന്നു. എണ്ണകമ്പനികളുടെ ഓഹരിവില്‍പ്പന മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കൂട്ടുകയും പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞതുമെന്ന വാദം ശരിവയ്ക്കുകയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ 10 ശതമാനവും ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്റെ അഞ്ചുശതമാനവും ഓഹരികളാണ് വില്‍ക്കുന്നത്്. തീരുമാനത്തിന് ധനമന്ത്രാലയം അംഗീകാരം നല്‍കിയിട്ടുമുണ്ട്. ഓഹരിവില്‍പ്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കുകയാണ് യുപിഎ സര്‍ക്കാരിന്റെ ലക്ഷ്യം. ധനകമ്മി കുറയ്ക്കുന്നതിനുള്ള വരുമാനമാര്‍ഗങ്ങളില്‍ എളുപ്പവഴിയായാണ് പൊതുമേഖലാ ഓഹരിവില്‍പ്പനയെ സര്‍ക്കാര്‍ കാണുന്നത്. നടപ്പുവര്‍ഷം 40,000 കോടിയാണ് ലക്ഷ്യമിടുന്നതെങ്കിലും ഇതിന്റെ ഇരട്ടി സമാഹരിക്കാനാകുമെന്ന പ്രതീക്ഷ ധനമന്ത്രാലയത്തിനുണ്ട്.

നവരത്ന പദവിയുള്ള എണ്ണക്കമ്പനികളെത്തന്നെയാണ് സര്‍ക്കാര്‍ കറവപ്പശുക്കളായി കാണുന്നത്. വില്‍പ്പനയ്ക്ക് വയ്ക്കുന്ന ഓഹരികള്‍ക്ക് നല്ല വില കിട്ടിയാല്‍ മാത്രമേ കച്ചവടം ലാഭമാകൂ. അതിന് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ ആദ്യം സ്വീകരിക്കണം. എണ്ണവിപണനക്കമ്പനികളുടെ കാര്യത്തില്‍ വിലനിയന്ത്രണ സംവിധാനം നിക്ഷേപകരെ അകറ്റുമെന്ന ഭയമാണ് ധനമന്ത്രാലയത്തിനും പെട്രോളിയം മന്ത്രാലയത്തിനുമുണ്ടായിരുന്നത്. പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെ ഈ പ്രശ്നത്തിന് പരിഹാരമായതായി സര്‍ക്കാര്‍ കരുതുന്നു. ഇതോടൊപ്പം മറ്റ് ഇന്ധനങ്ങളുടെ വില വര്‍ധിപ്പിക്കുകയുംചെയ്തു. വിലനിയന്ത്രണം എടുത്തുകളഞ്ഞതിനു പിന്നാലെ വില്‍പ്പനതീരുമാനവുമായി സര്‍ക്കാര്‍ രംഗത്തുവന്നത് ഓഹരികള്‍ക്ക് പരമാവധി വില കിട്ടുന്നതിനു വേണ്ടിയാണ്. ഐഒസി വില്‍പ്പനയിലൂടെ സര്‍ക്കാര്‍ ഓഹരി നിലവിലുള്ള 78.92 ശതമാനത്തില്‍നിന്ന് 64.50 ശതമാനമായി കുറയും. ഒഎന്‍ജിസിയുടെ സര്‍ക്കാര്‍ ഓഹരിയാകട്ടെ 74.14 ശതമാനത്തില്‍നിന്ന് 69.14 ശതമാനമായും ഇടിയും.

ഓഹരിവില്‍ക്കരുത്: സിഐടിയു

പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെയും (ഐഒസി), ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്റെയും (ഒഎന്‍ജിസി) ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. എണ്ണവില വര്‍ധിപ്പിച്ചതിനെ ന്യായീകരിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ സാമ്പത്തികസ്ഥിതി മോശമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ പെട്രോളിയം സെക്രട്ടറി നടത്തിയ ഓഹരിവില്‍പ്പന പ്രഖ്യാപനം ഞെട്ടിക്കുന്നതാണ്. ഐഒസിയുടെ ധനകാര്യ ചുമതലയുള്ള ഡയറക്ടര്‍ 2010-11 ആദ്യ പാദത്തിലെ നഷ്ടത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഐഒസി ചെയര്‍മാന്‍ അഭിപ്രായപ്പെട്ടത് വിലനിയന്ത്രണം എടുത്തുകളഞ്ഞത് നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിച്ചെന്നാണ്. ഐഒസി ഓഹരികളുടെ വില 400 രൂപ കടന്നതായും ചെയര്‍മാന്‍ അറിയിച്ചു.

ഐഒസിയുടെ ഇപ്പോഴത്തെ വില്‍പ്പനനീക്കം നഷ്ടം നേരിടുന്നതിലുള്ള 'പരിഭ്രമ' വില്‍പ്പനയാണോ അതോ ശക്തമായ പൊതുമേഖലാ സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിക്കലാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സര്‍ക്കാരിന്റെ റവന്യൂകമ്മി നികത്തുന്നതിനാണ് 20,440 കോടി രൂപ ലക്ഷ്യമിട്ട വില്‍പ്പന. എണ്ണക്കമ്പനികളുടെ നഷ്ടം നികത്താന്‍ തങ്ങള്‍ 14,000 കോടി ചെലവഴിച്ചെന്ന സര്‍ക്കാര്‍വാദം അതിലേറെ പണം ഓഹരിവില്‍പ്പനയിലൂടെ നേടുമ്പോള്‍ ദുര്‍ബലമാവുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 08082010

1 comment:

  1. പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരി സ്വകാര്യമേഖലയ്ക്ക് വില്‍ക്കുന്നു. എണ്ണകമ്പനികളുടെ ഓഹരിവില്‍പ്പന മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കൂട്ടുകയും പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞതുമെന്ന വാദം ശരിവയ്ക്കുകയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ 10 ശതമാനവും ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്റെ അഞ്ചുശതമാനവും ഓഹരികളാണ് വില്‍ക്കുന്നത്്. തീരുമാനത്തിന് ധനമന്ത്രാലയം അംഗീകാരം നല്‍കിയിട്ടുമുണ്ട്. ഓഹരിവില്‍പ്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കുകയാണ് യുപിഎ സര്‍ക്കാരിന്റെ ലക്ഷ്യം. ധനകമ്മി കുറയ്ക്കുന്നതിനുള്ള വരുമാനമാര്‍ഗങ്ങളില്‍ എളുപ്പവഴിയായാണ് പൊതുമേഖലാ ഓഹരിവില്‍പ്പനയെ സര്‍ക്കാര്‍ കാണുന്നത്. നടപ്പുവര്‍ഷം 40,000 കോടിയാണ് ലക്ഷ്യമിടുന്നതെങ്കിലും ഇതിന്റെ ഇരട്ടി സമാഹരിക്കാനാകുമെന്ന പ്രതീക്ഷ ധനമന്ത്രാലയത്തിനുണ്ട്.

    ReplyDelete