Monday, August 9, 2010

സ്റ്റേഡിയം വിഴുങ്ങികള്‍

കല്‍മാഡിക്ക് ഗെയിംസ് ഫെഡറേഷന്റെ അന്ത്യശാസനം

കോമണ്‍‌വെല്‍ത്ത് മത്സരവേദികളുടെ പണി പത്തുദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സംഘാടകസമിതിക്ക് കോമണ്‍‌വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്റെ അന്ത്യശാസനം. സ്റ്റേഡിയങ്ങളിലെ സുരക്ഷയടക്കം തൃപ്തികരമാണെന്ന സര്‍ക്കാര്‍ ഏജന്‍സികളുടെ സാക്ഷ്യപത്രം പതിനെട്ടിനകം നല്‍കണമെന്നാണ് സംഘാടകസമിതി ചെയര്‍മാനായ കോണ്‍ഗ്രസ് എംപി സുരേഷ് കല്‍മാഡിയോട് ഫെഡറേഷന്‍ മേധാവി മൈക്കല്‍ ഫെന്നല്‍ ആവശ്യപ്പെട്ടത്. സ്റ്റേഡിയങ്ങളുടെ നിര്‍മാണം നടത്തിയ സിപിഡബ്ള്യുഡി, ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയവയാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതെന്നും ഫെന്നല്‍ വ്യക്തമാക്കി. 31ന് പോലും നിര്‍മാണം പൂര്‍ത്തിയാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ പരസ്യമായി സമ്മതിച്ച സാഹചര്യത്തില്‍ കോമണ്‍‌വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്റെ ഇടപെടല്‍ കല്‍മാഡിയെയും കോണ്‍ഗ്രസിനെയും കൂടുതല്‍ പ്രതിസന്ധിയിലാക്കി.

ജൂലൈ 31നാണ് 18നകം സ്റ്റേഡിയങ്ങളുടെ പണി പൂര്‍ത്തിയാക്കി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൈമാറണമെന്ന് ആവശ്യപ്പെട്ട് കോമണ്‍‌വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ കല്‍മാഡിക്ക് ആദ്യം കത്തയച്ചത്. കഴിഞ്ഞ രണ്ടിനും നാലിനും കല്‍മാഡിയെ ഇക്കാര്യം വീണ്ടും ഓര്‍മിപ്പിച്ചു. എന്നാല്‍, നടപടിയുണ്ടായില്ല. ഗെയിംസിന്റെ തയ്യാറെടുപ്പ് വിലയിരുത്താന്‍ മൈക്കല്‍ ഫെന്നല്‍ പതിനെട്ടിന് ഇന്ത്യയിലെത്തുന്നുണ്ട്. പത്തൊമ്പതിന് എല്ലാ വേദികളും സന്ദര്‍ശിച്ച് മൈക്ക് ഫെന്നല്‍ നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തും. അതേസമയം ഗെയിംസ് നടത്തിപ്പ് സംബന്ധിച്ച് വ്യാപകമായ അഴിമതിയില്‍ കോമണ്‍‌വെല്‍ത്ത് ഗെയിംസ് ഫെഡറേഷനും കടുത്ത ആശങ്കയുണ്ട്. അഴിമതി ഗെയിംസിന്റെ പ്രതിച്ഛായയെ ബാധിച്ചെന്ന് മൈക്ക് ഫെന്നല്‍ ഒരു അഭിമുഖത്തില്‍ സമ്മതിച്ചു.

സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തില്‍ യോഗ്യതാമാനദണ്ഡംപോലും പാലിച്ചില്ലെന്ന കേന്ദ്ര വിജിലന്‍സ് കമീഷന്റെ കണ്ടെത്തലിനെ ഗൌരവത്തോടെയാണ് ഫെഡറേഷന്‍ കാണുന്നത്. രണ്ട് പ്രധാന മത്സരവേദികള്‍ക്ക് അഗ്നിസുരക്ഷയുടെ എന്‍ഒസി വാങ്ങിയിട്ടില്ല. ഗെയിംസിനായി നിഷ്കര്‍ഷിക്കുന്ന അന്താരാഷ്ട്ര മാനദണ്ഡം പാലിക്കാതെ മത്സരം നടത്തിയാല്‍ ഫെഡറേഷനും മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം പറയേണ്ടിവരും. മറ്റ് മാര്‍ഗങ്ങളൊന്നും മുന്നിലില്ലാത്ത സ്ഥിതിക്ക് സംഘാടകസമിതിയെ പരസ്യമായി കുറ്റപ്പെടുത്താനും കോമണ്‍‌വെല്‍ത്ത് ഫെഡറേഷന്‍ തയ്യാറല്ല. ഗെയിംസ് സംഘാടകസമിതി മത്സരവേദികളുടെ സുരക്ഷാസംവിധാനങ്ങളില്‍പോലും വിട്ടുവീഴ്ചവരുത്തിയെന്ന് വിജിലന്‍സ് കമീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പല സ്റ്റേഡിയങ്ങളും ഉദ്ഘാടനത്തിനു മുമ്പേ ചോര്‍ന്നൊലിക്കുകയാണ്. ട്രാക്കുകള്‍ പലതും തകര്‍ന്നു. ഇത് അറ്റകുറ്റപ്പണിയില്‍ മൂടിവയ്ക്കാമെന്നല്ലാതെ മറ്റ് വഴികളൊന്നും സംഘാടകസമിതിക്ക് മുന്നിലില്ല.
(വിജേഷ് ചൂടല്‍)

സര്‍ക്കാരിന്റെ പദ്ധതികളും അവതാളത്തില്‍

കോമണ്‍‌വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ നേരിട്ടുനടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളും അവതാളത്തില്‍. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച സമയപരിധി പലവട്ടം നീട്ടിവച്ചെങ്കിലും ഫലമുണ്ടായില്ല. ആഗസ്ത് 31ന് എല്ലാ പദ്ധതികളും പൂര്‍ത്തിയാകുമെന്നാണ് ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് പ്രഖ്യാപിച്ചത്. പക്ഷേ, ഇതും നടപ്പാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒക്ടോബര്‍ മൂന്നിന് ആരംഭിക്കുന്ന ഗെയിംസുമായി ബന്ധപ്പെട്ട് 10000 കോടിയിലേറെ രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഡല്‍ഹി സര്‍ക്കാര്‍ നേരിട്ട് നടത്തുന്നത്. അടിസ്ഥാനസൌകര്യങ്ങളുടെ വികസനവും നഗരസൌന്ദര്യവല്‍ക്കരണവും ഇതില്‍പ്പെടും. ബാരാമുള്ള നള്ള എലവേറ്റഡ് റോഡിന്റെ നിര്‍മാണം, യമുന സ്പോര്‍ട്സ് കോംപ്ളക്സിന്റെ പുനരുദ്ധാരണം, ഗെയിംസ് വേദികളുടെ ചുറ്റുമുള്ള സ്ഥലങ്ങള്‍ സൌന്ദര്യവല്‍ക്കരിക്കുക എന്നിവ ആഗസ്ത് 31നുമുമ്പ് പൂര്‍ത്തിയാകില്ലെന്ന് ഡല്‍ഹി സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നു. മുഖ്യവേദിയായ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും സരായ് കാലേ ഖാനും തമ്മില്‍ ബന്ധിപ്പിക്കുന്ന ബാരാമുള്ള നള്ള എലവേറ്റഡ് റോഡിന് 550 കോടി രൂപയാണ് മുടക്കുന്നത്. അക്ഷര്‍ധാം ക്ഷേത്രത്തിനു സമീപത്തുള്ള ഗെയിംസ് ഗ്രാമത്തില്‍നിന്ന് സ്റ്റേഡിയത്തിലേക്ക് സുഗമമായ ഗതാഗതം സാധ്യമാക്കുന്നതിനാണ് ഈ റോഡ്. ഇതില്‍ കാരിയേജ് വേ ആഗസ്ത് 25നകം പൂര്‍ത്തിയാകുമെന്ന് ചീഫ് സെക്രട്ടറി രാകേഷ് മെഹ്ത പറഞ്ഞു. എന്നാല്‍, രണ്ടാമത്തെ കാരിയേജ് വേ സെപ്തംബറിലേ പൂര്‍ത്തീകരിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം സമ്മതിച്ചു.

അമ്പെയ്ത്ത്, ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ നടക്കുന്ന യമുന സ്പോര്‍ട്സ് കോംപ്ളക്സിന്റെ പുനര്‍നിര്‍മാണം ഇപ്പോഴും പാതിവഴിയിലാണെന്ന് ധനമന്ത്രി എ കെ വാലിയതന്നെ സമ്മതിച്ചു. തല്‍ക്കത്തോറ സ്റ്റേഡിയം, കര്‍ണയ്സിങ് ഷൂട്ടിങ് റേഞ്ച് എന്നിവയുടെ പുനര്‍നിര്‍മാണവും സമയപരിധിക്കുള്ളില്‍ തീരില്ലെന്ന് ഉറപ്പായി. നഗരസൌന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായുള്ള ചെടിനടലും ഇഴഞ്ഞുനീങ്ങുന്നു. വേദികളുടെ ഗേറ്റിലും ചെടിച്ചട്ടികള്‍ വയ്ക്കുന്നത് സുരക്ഷാകാരണങ്ങളുടെ പേരില്‍ പൊലീസ് വിലക്കിയതോടെ ഇതുസംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നു. ഗെയിംസിനുള്ള ടെക്നിക്കല്‍ സ്റ്റാഫിന്റെ താമസസൌകര്യത്തിന് വസന്ത് കുഞ്ജിലെ 2000 ഫ്ളാറ്റുകള്‍ പുതുക്കിപ്പണിയാനും തീരുമാനിച്ചിരുന്നു. എന്നാല്‍, ഗെയിംസ് ആരംഭിച്ചാല്‍പ്പോലും ഇവ താമസയോഗ്യമാകില്ലെന്ന് ഡിഡിഎ എഞ്ചിനിയര്‍മാര്‍സമ്മതിക്കുന്നു.

കല്‍മാഡിയുടെ സാമ്പത്തിക ഇടപാട് അന്വേഷിക്കും

കോണ്‍ഗ്രസ് എംപി സുരേഷ് കല്‍മാഡിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷിക്കും. നിയമലംഘനം തെളിഞ്ഞാല്‍ ചാരിറ്റബിള്‍ സംഘടനയെന്ന പേരില്‍ ഐഒസിക്ക് നല്‍കിയിരുന്ന നികുതിയിളവ് റദ്ദാക്കും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ കൈപ്പറ്റിയ ഗ്രാന്റില്‍ പലതും വഴിവിട്ടാണ് ചെലവഴിച്ചതെന്നും കായികമേഖലയുമായി ബന്ധമില്ലാത്ത പദ്ധതികള്‍ക്കുപോലും പണം ചെലവിട്ടെന്നും ആരോപണമുണ്ട്. കോടികളുടെ ഗ്രാന്റ് ചെലവഴിക്കാതെ കിടക്കുന്നുണ്ട്.

ഐഒസി സമര്‍പ്പിച്ച കണക്കുപ്രകാരം 2008-09ല്‍ ഭരണനിര്‍വഹണത്തിന് 1.55 കോടിയാണ് ചെലവഴിച്ചത്. ഫയല്‍ സൂക്ഷിക്കാനുള്ള നാടയും പിന്നും വാങ്ങിയതിന് ചെലവിട്ടത് 11 ലക്ഷം. തൊട്ടുമുമ്പുള്ള വര്‍ഷം ഇതേ ആവശ്യത്തിന് ഐഒസിക്ക് ചെലവായത് 1.8 ലക്ഷം രൂപയാണ്. വൈദ്യുതി, വെള്ളം, ഡീസല്‍ എന്നിവയ്ക്കായി 34.41 ലക്ഷം ചെലവാക്കി. 2014ലെ കിട്ടാത്ത ഏഷ്യാഡിനായി വാദിക്കാന്‍ ചെലവിട്ടത് 6.6 ലക്ഷം രൂപ. ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് വിവിധ പര്യടനങ്ങള്‍ക്കിടെ സാധാരണ ഹോട്ടലുകളില്‍ പരിമിതമായ സൌകര്യം മാത്രമാണ് ഐഒസി ഒരുക്കിയത്. എന്നാല്‍, പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ യോഗം ചേര്‍ന്ന വകയില്‍ വന്‍തുക തട്ടി. 2008-09ല്‍ 51.34 ലക്ഷമാണ് ഈയിനത്തില്‍ ചെലവാക്കിയത്. തൊട്ടുമുമ്പുള്ള വര്‍ഷം 16.19 ലക്ഷമായിരുന്നു. അസോസിയേഷന്റെ ഉന്നതര്‍ക്ക് സഞ്ചരിക്കാന്‍ മെഴ്സിഡസ് ബെന്‍സ് വരെ വാങ്ങി. 2008ല്‍ ഒളിമ്പിക് ഭവന്റെ ഉദ്ഘാടനത്തിന് ചെലവിട്ടത് 36.82 ലക്ഷമാണ്.

ഐഒസിയുടെ അക്കൌണ്ട് ആദായനികുതി വകുപ്പ് പരിശോധിക്കുകയാണെന്ന് ഓഡിറ്റര്‍ ദിനേശ് മേത്ത സമ്മതിച്ചു. കേന്ദ്ര കായികമന്ത്രാലയം, അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്‍, ഒളിമ്പിക് കൌസില്‍ ഓഫ് ഏഷ്യ എന്നിവയില്‍നിന്നുള്ള ഗ്രാന്റും ഫണ്ടും ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശയുമാണ് ഐഒസിയുടെ പ്രധാന വരുമാനം. ഈ ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഐഒസിയുടെ ചാരിറ്റബിള്‍ പദവി റദ്ദാക്കും. മുമ്പ് ബിസിസിഐയുടെ ചാരിറ്റബിള്‍ പദവി ഇത്തരത്തില്‍ റദ്ദാക്കിയിരുന്നു. 118 കോടിയുടെ നികുതിയടയ്ക്കാനും 2009 നവംബറില്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇതിന് ഇളവ് നല്‍കി. എന്നാല്‍, ഐപിഎല്‍ ഉള്‍പ്പെടെ തുടങ്ങിയ ബിസിസിഐ വാണിജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ ചാരിറ്റബിള്‍ പദവി വീണ്ടും നീക്കംചെയ്തു. ഇതിനെതിരെ കേസ് നടക്കുകയാണിപ്പോള്‍.

കോമണ്‍വെല്‍ത്ത് അഴിമതി: ജോയിന്റ് ഡയറക്ടറെ നീക്കി

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതിയെത്തുടര്‍ന്ന് ഓര്‍ഗനൈസിങ്ങ് കമ്മറ്റി ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ടി എസ് ദര്‍ബാരിയെ നീക്കി. കോമണ്‍‌വെല്‍ത്തിന്റെ ബാറ്റ റിലേ ലണ്ടനില്‍ നിന്നും ആരംഭിച്ചപ്പോള്‍ ഒരു ബ്രിട്ടീഷ് കമ്പനിക്കു വന്‍തുക നല്‍കിയതുമായി ബന്ധപ്പെട്ടാണ്അഴിമതി. അഡീഷനല്‍ ഡയറക്ടര്‍ വികെ സക്സേനക്ക് ചുമതല കൈമാറിയിട്ടുണ്ട്.

ദേശാഭിമാനി 09082010

1 comment:

  1. കോമണ്‍‌വെല്‍ത്ത് മത്സരവേദികളുടെ പണി പത്തുദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സംഘാടകസമിതിക്ക് കോമണ്‍‌വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്റെ അന്ത്യശാസനം. സ്റ്റേഡിയങ്ങളിലെ സുരക്ഷയടക്കം തൃപ്തികരമാണെന്ന സര്‍ക്കാര്‍ ഏജന്‍സികളുടെ സാക്ഷ്യപത്രം പതിനെട്ടിനകം നല്‍കണമെന്നാണ് സംഘാടകസമിതി ചെയര്‍മാനായ കോണ്‍ഗ്രസ് എംപി സുരേഷ് കല്‍മാഡിയോട് ഫെഡറേഷന്‍ മേധാവി മൈക്കല്‍ ഫെന്നല്‍ ആവശ്യപ്പെട്ടത്. സ്റ്റേഡിയങ്ങളുടെ നിര്‍മാണം നടത്തിയ സിപിഡബ്ള്യുഡി, ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയവയാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതെന്നും ഫെന്നല്‍ വ്യക്തമാക്കി. 31ന് പോലും നിര്‍മാണം പൂര്‍ത്തിയാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ പരസ്യമായി സമ്മതിച്ച സാഹചര്യത്തില്‍ കോമണ്‍‌വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്റെ ഇടപെടല്‍ കല്‍മാഡിയെയും കോണ്‍ഗ്രസിനെയും കൂടുതല്‍ പ്രതിസന്ധിയിലാക്കി.

    ReplyDelete