Friday, August 13, 2010

പണം പറ്റി വാര്‍ത്ത: നിയമ ഭേദഗതിക്ക് ശുപാര്‍ശ

സാമ്പത്തിക ലാഭമുണ്ടാക്കാന്‍ പരസ്യങ്ങളെ വാര്‍ത്തകളാക്കുന്ന മാധ്യമ പ്രവണതയ്‌ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ജനപ്രാധിനിത്യ നിയമം 1951 ഭേദഗതി ചെയ്യണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്തതായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അംബികാ സോണി. സി പി ഐ അംഗം എം പി അച്യുതന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.
ചില അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ പ്രത്യേക വ്യക്തിയുടെയോ സംഘടനകളുടെയോ കോര്‍പ്പറേറ്റുകളുടെയോ പരസ്യങ്ങളെ വാര്‍ത്തകളാക്കി പ്രസിദ്ധീകരിച്ചും പ്രക്ഷേപണം ചെയ്തും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന (പെയ്ഡ് ന്യൂസ് സിന്‍ഡ്രോം) നടപടികള്‍ നടക്കുന്നുണ്ട്. ഈ വിഷയം പ്രസ് കൗണ്‍സില്‍ വിശകലനം ചെയ്ത് സര്‍ക്കാരിന് ശുപാര്‍ശകള്‍ സമര്‍പ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് ക്രമക്കേടായി പെയ്ഡ് ന്യൂസിനെ കാണണമെന്നും ഇതിനായി ജനപ്രാധിനിത്യ നിയമം 1951 ഭേദഗതി ചെയ്യണമെന്നും കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിരുന്നു. പെയ്ഡ് ന്യൂസ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കൗണ്‍സിലിന് എല്ലാ അധികാരവും നല്‍കണമെന്നും കൗണ്‍സില്‍ തീരുമാനം അന്തിമമാക്കാന്‍ കൗണ്‍സില്‍ നിയമം ഭേദഗതി ചെയ്യണമെന്നും ഇലക്‌ട്രോണിക് മീഡിയയെകുടി കൗണ്‍സിലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ഇതിനായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുനസ്സംഘടിപ്പിക്കണമെന്നും ഇലക്‌ട്രോണിക് മീഡിയയുടെയും മറ്റ് മാധ്യമങ്ങളുടെയും അംഗങ്ങളെകൂടി കൗണ്‍സിലില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും ശുപാര്‍ശയിലുണ്ട്.

പെയ്ഡ് ന്യൂസ് പരാതികള്‍ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പ്രത്യേക സെല്‍ രൂപീകരിക്കുക, മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുക, തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗ് സംബന്ധിച്ച് പ്രസ് കൗണ്‍സില്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങളുമായി മാധ്യമ സ്ഥാപനങ്ങള്‍ യോജിച്ചു പോകുക, യഥാര്‍ഥ വാര്‍ത്തയും പെയ്ഡ് ന്യൂസും തമ്മില്‍ തിരിച്ചറിയാന്‍ വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പെയ്ഡ് ന്യൂസ് വിഷയത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്നോട്ടു വച്ചതായി മന്ത്രി രാജ്യസഭയെ അറിയിച്ചു.

ജനയുഗം 13082010

1 comment:

  1. സാമ്പത്തിക ലാഭമുണ്ടാക്കാന്‍ പരസ്യങ്ങളെ വാര്‍ത്തകളാക്കുന്ന മാധ്യമ പ്രവണതയ്‌ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ജനപ്രാധിനിത്യ നിയമം 1951 ഭേദഗതി ചെയ്യണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്തതായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അംബികാ സോണി. സി പി ഐ അംഗം എം പി അച്യുതന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.

    ReplyDelete